സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ആത്മനിർഭർ എന്ന ഹ്രസ്വ ചിത്രം. ഫ്രൈഡേ, ലോ പോയിന്റ് എന്നീ സിനിമകളുടെ സംവിധായകനായ ലിജിൻ ജോസ് ആണ് ആറര മിനിട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലിജിനും ചിത്രത്തിന് തിരക്കഥ ഒരുക്കിയ അർച്ചന വാസുദേവുമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ ഒപ്പം ഒരു മൊബൈൽ ഫോണും. സംഭാഷണങ്ങളില്ലാതെ ഒരുക്കിയിരിക്കുന്ന ചിത്രം മുന്നോട്ട് വയ്ക്കുന്ന ആശയം വളരെ വലുതാണ്.

ഇന്ത്യ ഫിലിം പ്രോജക്ടിന്റെ പത്താം സീസന്റെ ഭാ​ഗമായാണ് ഈ ഹ്രസ്വ ചിത്രം ലിജിൻ അണിയിച്ചൊരുക്കിയത്. 50 മണിക്കൂർ കൊണ്ട് ഒരു ചിത്രം ഒരുക്കി അപ്ലോഡ് ചെയ്യണമെന്നതാണ് മത്സരത്തിന്റെ നിയമാവലി വ്യക്തമാക്കുന്നത്. ലോക്ക്ഡൗണിന്റെ വിരസതയിൽ സർ​ഗാത്മകമായി ഒന്നും ചെയ്യാനില്ലാതിരിക്കുന്ന വേളയിൽ ഇത്തരമൊരു അവസരം വന്നപ്പോഴാണ് ആത്മനിർഭരിലേക്കെത്തിയതെന്ന് പറയുന്നു ലിജിൻ.

"ബ്രേവ് ന്യൂ വേൾഡ് (ധീര നൂതന ലോകം) എന്നായിരുന്നു കോമ്പറ്റീഷന്റെ തീം. ആ തീമിന് യോജിക്കുന്ന ചിത്രമൊരുക്കണം. 50 മണിക്കൂർ മാത്രമേ സമയമുള്ളൂ എന്നത് കൊണ്ട് തന്നെ സംഭാഷണത്തിലും ഡബ്ബിങ്ങിലും മറ്റും അധികം സമയം ചിലവഴിക്കാനാവില്ല. അങ്ങനെയാണ് ദൃശ്യങ്ങളിലൂടെ മാത്രം കഥ പറയുന്ന തരത്തിലൊരുക്കാം എന്ന് ചിന്തിക്കുന്നത്. അങ്ങനെ കഥ പറയുന്ന രീതിയോട് എനിക്ക് പ്രത്യേക ഇഷ്ടവുമുണ്ട്. അതുപോലെ പല ലൊക്കേഷനുകളിൽ ചിത്രീകരിക്കാൻ സമയപരിമിതി വലിയ വിഷയമായത് കൊണ്ട് തന്നെ ഒരു ലൊക്കേഷൻ മാത്രം മതിയെന്നും തീരുമാനിച്ചു. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അർച്ചന വാസു​ദേവാണ്. എന്റെ സുഹൃത്താണ് അർച്ചന, ഞങ്ങൾ ഒന്നിച്ച് മുമ്പ് ജോലി ചെയ്തിട്ടുണ്ട്. തീയേറ്റർ ആർട്ടിസ്റ്റാണ് അർച്ചന, ഒന്നു രണ്ട് സിനിമകളും ചെയ്തിട്ടുണ്ട്". .. ലിജിൻ പറയുന്നു.

മറ്റ് അണിയറപ്രവർത്തകർ :ജോ ക്രിസ്റ്റോ സേവ്യറാണ് ഛായാ​ഗ്രഹണം. എഡിറ്റിങ്ങ് അജ്മൽ ഇ.എ. പശ്ചാത്തല സം​ഗീതം അജോയ് ജോസ്. പ്രൊഡക്ഷൻ കണ്ട്രോളർ പോൾ ഡി ജോസഫ്

Content Highlights :Atmanirbhar Malayalam Short film By Director Lijin Jose Concept And Script Archana Vasudev