തിയേറ്ററുകളില്‍ ആര്‍പ്പുവിളിതീര്‍ത്ത് തലൈവരും ബിഗ്ബിയും. വലിയൊരിടവേളയ്ക്കുശേഷം രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിച്ച ചിത്രത്തിന് കേരളക്കരയിലും വന്‍വരവേല്‍പ്പ്. പാട്ടും നൃത്തവും ബാന്‍ഡ് സെറ്റുമായാണ് ആരാധകര്‍  വേട്ടയ്യനെ വരവേറ്റത്. കേരളത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴിന് സിനിമയുടെ ആദ്യപ്രദര്‍ശനം നടന്നു, അറുനൂറിലധികം സ്‌ക്രീനുകളിലായിരുന്നു പ്രദര്‍ശനം.

To advertise here,

ജയ് ഭീം എന്ന ഹിറ്റ് സിനിമയ്ക്കുശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനംചെയ്ത ചിത്രത്തില്‍ മഞ്ജുവാര്യര്‍, ഫഹദ് ഫാസില്‍, അഭിരാമി, സാബുമോന്‍, രോഹിണി, അലന്‍സിയര്‍ തുടങ്ങി വലിയൊരു മലയാളി താരനിരതന്നെയുണ്ട്. രജനിയുടെ നൂറ്റിയെഴുപതാം ചിത്രമാണ് വേട്ടയ്യന്‍. ആയുധമേന്തിയുള്ള തലൈവരുടെ പ്രകടനങ്ങളും ആവേശംകൊള്ളിക്കുന്ന സംഭാഷണശകലങ്ങളും തന്നെയാണ് ഇത്തവണയും ആരാധകരെ രജനീചിത്രത്തിലേക്ക് അടുപ്പിക്കുന്നത്. 

എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റ് എ.സി.പി. ആത്തിയനായി വേട്ടൈയ്യാനില്‍ രജനി നിറഞ്ഞുനില്‍ക്കുന്നു. എ.സി.പി.യുടെ ഭാര്യ താരയായി മഞ്ജുവര്യരും വേഷം ഭംഗിയാക്കി. ഇരുവരും ഒരുമിച്ചുള്ള 'മനസ്സിലായോ...' ഗാനം ആര്‍പ്പുവിളികളോടെ തിയേറ്ററുകളില്‍ സ്വീകരിക്കപ്പെടുന്നു. പാട്രിക്ക് എന്ന ബാറ്ററിക്കായി ഫഹദ് ചിത്രത്തില്‍ ആദ്യാവസാനം നിറഞ്ഞുനിന്നു. ഒരു രജനീസിനിമയുടെ ചേരുവകള്‍ സമാസമം ചേര്‍ത്തുവെക്കുമ്പോഴും തുല്യനീതി, സ്ത്രീസുരക്ഷിതത്വം, അടിസ്ഥാന ജനവിഭാഗത്തിന് ലഭ്യമാകേണ്ട വിദ്യാഭ്യാസം, നീതി... തുടങ്ങി ഒട്ടേറെ സാമൂഹികവിഷയങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടാണ് വേട്ടയ്യന്റെ കഥ മുന്നോട്ടുപോകുന്നത്.

ബച്ചനും രജനിയും ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ നിറയുന്നു എന്നതാണ് വേട്ടയ്യന്റെ മറ്റൊരു പ്രധാന ആകര്‍ഷണം, ഇരുവരും ഒരുമിക്കുന്ന നാലാമത്തെ ചിത്രമാണ് വേട്ടയ്യന്‍. 1983-ലായിരുന്നു രണ്ടുപേരും ആദ്യമായി ഒന്നിച്ചത്. തമിഴിലെ ഹിറ്റ് ചിത്രം സട്ടം ഒരു ഇരുട്ടറ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ അന്ധാ കാനൂനായിരുന്നു ചിത്രം. ബോളിവുഡില്‍ രജനിയുടെ അരങ്ങേറ്റം എന്ന പ്രത്യേകതകൂടിയുമുണ്ട് ഈ സിനിമയ്ക്ക്. രണ്ടുവര്‍ഷത്തിനുശേഷമായിരുന്നു ഇരുവരുമുള്ള രാണ്ടാമത്തെ ചിത്രം. ഗെരഫ്താര്‍ എന്ന ഹിന്ദി സിനിമയില്‍ ഇരുവരും ഒപ്പത്തിനൊപ്പംനിന്നു. ഈ ചിത്രത്തില്‍ കമല്‍ ഹാസനും പ്രധാനവേഷത്തിലെത്തി. ആ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. 1991-ല്‍ ഇറങ്ങിയ ഹം എന്ന ചിത്രത്തിലാണ് രജനിയും ബച്ചനും വെള്ളിത്തിരയില്‍ അവസാനമായി ഒരുമിച്ചത്.

സ്‌ക്രീനില്‍ ഒരുമിച്ചില്ലെങ്കിലും അമിതാഭിന്റെ പല ചിത്രങ്ങളും തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അതില്‍ നായകനാവാന്‍ രജനിക്ക് സാധിച്ചിട്ടുണ്ട്. ബച്ചന്റെ ഹിറ്റ് ചിത്രം ഡോണിന്റെ റീമേക്കായിരുന്നു രജനിയുടെ ബില്ല. വേലൈക്കാരന്‍, മാവീരന്‍, ധര്‍മത്തിന്‍ തലവന്‍ എന്നീ രജനീ ചിത്രങ്ങളെല്ലാം ബച്ചന്‍ സിനിമയുടെ റീമേക്കായിരുന്നു.

റാണ ദഗ്ഗുബാട്ടി, ശര്‍വാനന്ദ്, ജിഷു സെന്‍ഗുപ്ത, രീതിക സിങ്, ദുഷാര വിജയന്‍, രാമയ്യ സുബ്രഹ്‌മണ്യന്‍, കിഷോര്‍, റെഡ്ഡിന്‍ കിങ്സ്ലി, രവി മരിയ, റാവു രമേശ്, സിങ്കമ്പുലി, ജി.എം. സുന്ദര്‍, ഷബീര്‍ കല്ലറക്കല്‍ തുടങ്ങിയവരാണ് വേട്ടൈയ്യാനിലെ മറ്റ് അഭിനേതാക്കള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ അല്ലിരാജ നിര്‍മിച്ച ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്.