മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം രക്തചന്ദനക്കടത്തുകാരന്‍ പുഷ്പരാജ് വീണ്ടും എത്തുന്നതിന്റെ കാത്തിരിപ്പിലായിരുന്ന ഇന്ത്യന്‍ സിനിമാ ലോകം. 2021-ല്‍ റിലീസ് ചെയ്ത ആദ്യഭാഗം ബോക്‌സ് ഓഫീസില്‍ നിന്ന് വാരിയത് 390 കോടിയോളമാണ്. അല്ലു അര്‍ജുന്‍ തന്റെ താരപദവി അരക്കിട്ട് ഉറപ്പിക്കുക മാത്രമല്ല ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ ആദ്യ തെലുഗ് നടന്‍ എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കി. പുഷ്പ ദി റൈസിന്റെ പാന്‍ ഇന്ത്യന്‍ വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുകുമാര്‍ രണ്ടാംഭാഗം ഒരുക്കിയത്. ഒരു കച്ചവട സിനിമയ്ക്ക് വേണ്ട എല്ലാ ഘടകങ്ങളും ചേര്‍ത്താണ് പുഷ്പ ദ റൂള്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. 

To advertise here,

1990 കാലഘട്ടത്തില്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശേഷാചലം കുന്നുകളില്‍ മാത്രം വളരുന്ന അപൂര്‍വ രക്തചന്ദനം കടത്താന്‍ ജോലി ചെയ്യുന്ന ഒരു കൂലിക്കാരനായിരുന്നു പുഷ്പരാജ് ആദ്യഭാഗത്തില്‍. ഡിഎസ്പി ഗോവിന്ദപ്പ അവരെ വനത്തില്‍ റെയ്ഡ് ചെയ്യുമ്പോള്‍, പുഷ്പ ഒളിപ്പിച്ച സ്റ്റോക്ക് വീണ്ടെടുക്കുകയും അതുവഴി തലവന്‍ റെഡ്ഡിയുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്നു. രക്തചന്ദനം കടത്തുന്നതിലെ പ്രാവീണ്യം അയാളെ സമാനതകളില്ലാത്തവനാക്കുന്നു. ഒടുവില്‍ റെഡ്ഡിയുടെ പങ്കാളി എന്ന സ്ഥാനത്തെത്തി ഒടുവില്‍ സിന്‍ഡിക്കേറ്റിന്റെ അമരത്ത് എത്തുകയും ചെയ്യുന്നു. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ക്രൂരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഭന്‍വര്‍ സിങ് ഷെഖാവത്താണ് അയാളുടെ മുന്നില്‍ തടസ്സമായി നില്‍ക്കുന്നത്. ഭഗവര്‍ സിങ്ങും പുഷ്പയും തമ്മിലുള്ള കരുത്ത പോരാട്ടവും ഒടുവില്‍ പുഷ്പയുടെ വിജയത്തിലുമാണ് ആദ്യഭാഗം അവസാനിക്കുന്നത്.

രണ്ടാംഭാഗത്തിലേക്ക് വരുമ്പോള്‍ പരിധികളില്ലാത്ത അധികാരമാണ് സിന്‍ഡിക്കേറ്റിന്റെ തലവനായ പുഷ്പയ്ക്ക്. രക്തചന്ദനം വെട്ടികടത്തിയിരുന്ന കൂലിയില്‍ നിന്ന് ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായി അയാള്‍ വളര്‍ന്നു കഴിഞ്ഞു. ആക്ഷന്‍ രംഗത്തോടെയാണ് സിനിമ തുടങ്ങുന്നത്. കഥയുടെ മൂന്നാം ഭാഗത്തിന്റെ സൂചനകള്‍ ഉള്‍ക്കൊള്ളുന്നതാണ് ആദ്യസംഘട്ടനം. പുഷ്പ മൂന്നാം ഭാഗം ഇന്റര്‍നാഷണല്‍ ആകുമെന്ന സൂചനകളാണ് ഇതില്‍ നിന്ന് വായിച്ചെടുക്കാനാകുക. പിന്നീട് കഥ നേരെ ചെല്ലുന്നത് തിരികെ ചിറ്റൂരിലേക്കാണ്.

ആദ്യഭാഗത്തില്‍ പുഷ്പരാജിനോട് തോറ്റ് അടിയറവ് പറഞ്ഞ ഷെഖാവത്ത് തിരികെ വന്ന് വീണ്ടും വലിയ ഭീഷണിയായി മാറുന്നതാണ് അടുത്ത ഘട്ടം.  അയാളും പുഷ്പയും തമ്മിലുള്ള വൈരമാണ് പിന്നെ സിനിമയെ മുന്നോട്ട് നയിക്കുന്നത്. നായകനോടൊപ്പം പ്രേക്ഷകര്‍ നില്‍ക്കണമെങ്കില്‍ വില്ലന്‍ ശക്തനായിരിക്കണം, ക്രൂരനായിരിക്കണം. അയാളെ പ്രേക്ഷകര്‍ വെറുക്കണം. ഇവിടെയാണ് ഫഹദ് ഫാസില്‍ എന്ന നടന്റെ പ്രകടനം നിര്‍ണായകമാകുന്നത്. ഷെഖാവത്തായി നിറഞ്ഞാടുകയാണ് ഫഹദ്. അദ്ദേഹത്തിന് പകരം മറ്റൊരു നടനെ ഈ വേഷത്തില്‍ സങ്കല്‍പ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. അത് തന്നെയാണ് ഫഹദിലെ നടന്റെ പ്രസക്തിയും. 

രശ്മിക മന്ദാന അവതരിപ്പിക്കുന്ന ശ്രീവല്ലയുടെ കഥാപാത്രത്തിന് ആദ്യഭാഗത്തേക്കാള്‍ പ്രസക്തിയുണ്ട് രണ്ടാം ഭാഗത്തില്‍. കാമുകിയില്‍ നിന്ന് ഭാര്യയിലേക്കുള്ള മാറ്റത്തിനും പുഷ്പയുമായുള്ള പ്രണയമുഹൂര്‍ത്തത്തിനപ്പുറവും ഈ സിനിമയുടെ കഥാഗതിയെ മറ്റൊരു ദിശയിലേക്ക് തിരിക്കുന്നത് ശ്രീവല്ലിയാണ്. പുഷ്പ ഫയറാണെന്ന് പറയുമ്പോള്‍ അല്‍പ്പം ഫ്‌ളവര്‍ കൂടിയാണ് രണ്ടാം വരവില്‍. തനിക്കൊരു മേല്‍വിലാസമില്ലെന്നത് അയാളെ വേട്ടയാടുന്നുണ്ട്. അതുകൊണ്ടു തന്നെ ആക്ഷന് പ്രധാന്യം നല്‍കുന്നതിനോടൊപ്പം തന്നെ ഒട്ടേറെ വൈകാരിക നിമിഷങ്ങളിലൂടെയും കഥ സഞ്ചരിക്കുന്നു.

ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം. ഗാനങ്ങളും പശ്ചാത്തല സംഗീതവുമെല്ലാം സിനിമയുടെ മൂഡിനോട് ഇഴ ചേര്‍ന്നു നില്‍ക്കുന്നു. ആദ്യഭാഗത്തില്‍ ഗാനരംഗത്തില്‍ അതിഥിവേഷത്തില്‍ സമാന്തയാണ് എത്തിയതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ശ്രീലീലയാണ് താരം.