Purusha Pretham Review
കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തതില്‍ നിരൂപകര്‍ക്കിടയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു കൃഷാന്തിന്റെ 'ആവാസവ്യൂഹം'. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രം, മികച്ച തിരക്കഥ എന്നിങ്ങനെ രണ്ടു വിഭാഗത്തില്‍ പുരസ്‌കാരങ്ങള്‍ നേടിയ ആവാസവ്യൂഹം കേരള രാജ്യാന്തര മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി അംഗീകാരവും സ്വന്തമാക്കി. ഈ വര്‍ഷം പുരുഷപ്രേതം എന്ന സിനിമയുമായി വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് കൃഷാന്ത്. സോണി ലീവില്‍ റിലീസ് ചെയ്തിരിക്കുന്ന ഈ ചിത്രം ഹാസ്യത്തിന്റെ മേന്‍പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന വ്യത്യസ്തമായ ഒരു പോലീസ് കഥയാണ്. മനു തൊടുപുഴയുടെ കഥയ്ക്ക് അജിത്ത് ഹരിദാസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കൊച്ചിയാണ് ചിത്രത്തിന്റെ കഥാപരിസരം. അവിടെ ഒരു ബാര്‍ഹോട്ടലിലാണ് സിനിമ തുടങ്ങുന്നത്. ഹോട്ടലിലെ ടെലിവിഷനില്‍ ഒരു സീരിയല്‍ തകര്‍ത്തോടുന്നു. പോലീസിലെ അഭിനയമോഹിയായ ഉദ്യോഗസ്ഥനാണ് (ഷിന്‍സ് ഷാന്‍) സീരിയലില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മദ്യപിച്ച് കൊണ്ടിരിക്കുന്ന ദിലീപ് (ജഗദീഷ്) എന്ന പോലീസുകാരന് മേലുദ്യോഗസ്ഥന്റെ അഭിനയം ദഹിക്കുന്നില്ല. കാര്‍ക്കശ്യത്തോടെ ബാര്‍ ജീവനക്കാരനോട് ചാനല്‍ മാറ്റാന്‍ ആവശ്യപ്പെടുകയാണ് ദിലീപ്. പോലീസുകാരുടെ പ്രധാന മേച്ചില്‍ പുറമാണ് ഈ ബാര്‍ ഹോട്ടല്‍. ദൈനംദിനം അഭിമുഖീകരിക്കേണ്ടി വരുന്ന കേസുവിവരങ്ങള്‍ക്ക് പുറമേ അല്‍പ്പം തമാശയും പരദൂഷണവും പൊങ്ങച്ചവുമൊക്കെ അവരുടെ സംഭാഷണങ്ങളില്‍ കടന്നുപോകുന്നു.
പ്രശാന്ത് അലക്‌സാണ്ടര്‍ അവതരിപ്പിക്കുന്ന സെബാസ്റ്റിനാണ് ചിത്രത്തിലെ നായകന്‍. കുറ്റവാളികളുടെ പേടി സ്വപ്‌നം, വീരശൂരപരാക്രമി തുടങ്ങിയ വിശേഷണങ്ങളാണ് ഇയാള്‍ക്ക് സഹപ്രവര്‍ത്തകരില്‍ ചിലര്‍ ചാര്‍ത്തികൊടുത്തിരിക്കുന്നത്. തന്റെ സാഹസിക കഥകളില്‍ പൊടിപ്പും തൊങ്ങലും വച്ചു പറയുന്നതാണ് സെബാസ്റ്റിന്റെ വിനോദം. ചുരുക്കത്തില്‍ വെള്ളിത്തിരയിലെ പോലീസുദ്യോഗസ്ഥരുടെ വലിയ ആരാധകനായ സെബാസ്റ്റിന്‍ തികച്ചും ഒരു സിനിമാറ്റിക് ലോകത്താണ് ജീവിക്കുന്നതെന്ന് തോന്നും.
സമീപപ്രദേശത്തെ ഒരു പുഴയില്‍ ഒരു അഴുകിയ അജ്ഞാത മൃതദേഹം കണ്ടെടുക്കുമ്പോഴാണ് ചിത്രത്തിന്റെ കഥാഗതി മാറുന്നത്. സമീപ പ്രദേശത്തെ രണ്ടു പോലീസ് സ്‌റ്റേഷനുകളുടെ അതിര്‍ത്തിയിലാണ് മൃതദേഹം കാണപ്പെടുന്നത്. ഒരു സ്‌റ്റേഷന്‍ സെബാസ്റ്റിന്റെ പരിധിയില്‍ വരും. ഒഴുക്കില്‍ മൃതദേഹം തങ്ങളുടെ പരിധിയിലേക്ക് വരരുത് എന്നാണ് ഇരു പോലീസ് സ്‌റ്റേഷനുകളിലെയും ഉദ്യോഗസ്ഥര്‍ പ്രാര്‍ഥിക്കുന്നത്. എന്നാല്‍ രസകരമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ മൃതദേഹത്തിന്റെ ചുമതല സെബാസ്റ്റിനില്‍ തന്നെ എത്തിച്ചേരുന്നു.
മൃതദേഹത്തിന്റെ വിവരങ്ങളടങ്ങിയ പത്ര പരസ്യം നല്‍കിയിട്ടും ശരീരം ഏറ്റെടുക്കാന്‍ ആരും വരുന്നില്ല, മോര്‍ച്ചറിയിലാണെങ്കില്‍ സൂക്ഷിക്കാന്‍ സ്ഥലവുമില്ല. ഒടുവില്‍ യാതൊരു നിവൃത്തിയുമില്ലാതാകുമ്പോള്‍ പോലീസിന്റെ മേല്‍നോട്ടത്തില്‍ സംസ്‌കരിക്കുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ പ്രവാസിയായ സൂസന്‍ (ദര്‍ശന രാജേന്ദ്രന്‍) സ്റ്റേഷനിലെത്തുകയാണ്. പത്രവാര്‍ത്തയില്‍ നിന്നാണ് സൂസന്‍ മൃതഹേത്തെക്കുറിച്ച് അറിയുന്നത്. മൃതദേഹം കാണാതെ പോയ തന്റെ ഭര്‍ത്താവിന്റേതായിരിക്കാമെന്ന് സൂസന്റെ വാദം. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കഥാഗതി മാറ്റുന്നത്.
ഒരു മനുഷ്യനും നേരിടാന്‍ ആഗ്രഹിക്കാത്ത പ്രതിസന്ധികളെ അക്ഷേപ ഹാസ്യത്തെ മുന്‍നിര്‍ത്തി സമീപിച്ചതാണ് കൃഷാന്ത് എന്ന സംവിധായകന്റെ വിജയം. നീതിന്യായ വ്യവസ്ഥയിലെ മൂല്യചുതിയെക്കുറിച്ച് രസകരമായി പറഞ്ഞുപോകുമ്പോള്‍ തന്നെ കുറ്റാന്വേഷണ കഥയായും ത്രില്ലറായും വിവിധഭാവങ്ങളിലൂടെ സഞ്ചരിക്കുകയാണ് പുരുഷപ്രേതം. ഏതൊരു സിനിമാസ്വാദകനും മനസ്സിലാകുന്ന രീതിയില്‍ വളരെ ലളിതമായാണ് അജിത്ത് ഹരിദാസ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചെറുതും വലുതുമായ കഥാപാത്രങ്ങളും അവയെ അവതരിപ്പിച്ച അഭിനേതാക്കളുടെ പ്രകടനവുമാണ് സിനിമയുടെ ഏറ്റവും വലിയ കരുത്തുകളിലൊന്ന്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പ്രശാന്ത് അലക്‌സാണ്ടര്‍, ജഗദീഷ്, ദര്‍ശന, ദേവകി രാജേന്ദ്രന്‍ തുടങ്ങി എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വച്ചു.
Content Highlights: Purusha Pretham Review SonyLIV, krishand, Devaki, darshana Rajendran, prasanth alexander Jagadish
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..