കൽക്കിയുടെ ഇതിഹാസം, മണിരത്നത്തിന്റെ മാസ്റ്റർപീസ്, വെള്ളിത്തിരയിലെ വിസ്മയം | Ponniyin Selvan Review


അഞ്ജയ് ദാസ്. എൻ.ടി

ഈ ഇതിഹാസകാവ്യം വെള്ളിത്തിരയിലെത്തിക്കാനുള്ള നിയോ​ഗം മണിരത്നത്തിന് തന്നെ വന്നത് അദ്ദേഹത്തിന്റെ അദമ്യമായ ആ​ഗ്രഹം കൊണ്ടുതന്നെയാണെന്ന് പൊന്നിയിൻ സെൽവനിലെ ഓരോ ഫ്രെയിമും വിളിച്ചുപറയുന്നു.

പൊന്നിയിൻ സെൽവൻ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ

മിഴ് ജനതയെ സംബന്ധിച്ചിടത്തോളം കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവൽ അവരുടെ ചരിത്രമാണ്. രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്. രണ്ട് ഭാ​ഗങ്ങളിലായി പുറത്തിറങ്ങിയ ഒരു കാവ്യം സിനിമയാക്കാൻ എന്നോ ആരംഭിച്ചതാണ് തമിഴ്സിനിമാലോകം. അതിന്റെ ആദ്യപടി ഇതാ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. മണിരത്നം എന്ന മാസ്റ്ററിലൂടെ. തന്റെ സ്വപ്നപദ്ധതി എന്ന് അദ്ദേഹം വിശേഷിപ്പിച്ച പി.എസ്.1 അക്ഷരാർത്ഥത്തിൽ ക്ലാസ് തന്നെയാണെന്ന് ആദ്യമേ തന്നെ പറയട്ടേ.

അറുപതുകളിൽ എം.ജി.ആറും പിന്നീട് മണിരത്നവും കമൽഹാസനും ചേർന്നും തയ്യാറാക്കാൻ ശ്രമിച്ചെങ്കിലും നടക്കാതിരുന്ന സ്വപ്നപദ്ധതിയാണ് പൊന്നിയിൻ സെൽവൻ. പക്ഷേ വർഷങ്ങൾക്ക് ശേഷം ഈ ഇതിഹാസകാവ്യം വെള്ളിത്തിരയിലെത്തിക്കാനുള്ള നിയോ​ഗം മണിരത്നത്തിന് തന്നെ വന്നത് അദ്ദേഹത്തിന്റെ അദമ്യമായ ആ​ഗ്രഹം കൊണ്ടുതന്നെയാണെന്ന് പൊന്നിയിൻ സെൽവനിലെ ഓരോ ഫ്രെയിമും വിളിച്ചുപറയുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ വിശേഷിപ്പിക്കുകയാണെങ്കിൽ ഒരു കംപ്ലീറ്റ് മണിരത്നം പടം തന്നെയാണ് പൊന്നിയിൻ സെൽവൻ.

വലിയ മുതൽമുടക്ക്, വൻ താരനിര, സാങ്കേതികവിദ​ഗ്ധർ എന്നിവയെല്ലാമാണ് സാധാരണ​ഗതിയിൽ ഒരു പാൻ ഇന്ത്യൻ ലേബലിൽ വരുന്ന ചിത്രത്തിന് പ്രതീക്ഷകളേറ്റുന്നത്. എന്നാൽ തന്റെ ശൈലിയിൽ നിന്ന് അണുകിട വിട്ടുവീഴ്ചചെയ്യാത്ത ഒരു സംവിധായകന്റെ കയ്യൊപ്പും നിശ്ചയദാർഢ്യവും പൊന്നിയിൻ സെൽവനിൽ കാണാം. അനാവശ്യമായ നാടകീയതയോ കത്തി എന്ന് ഓമനപ്പേരിട്ടുവിളിക്കുന്നതരം അക്രോബാറ്റിക് സാഹസികരം​ഗങ്ങളോ പൊന്നിയിൻ സെൽവനിൽ കാണാനാവില്ല. പോരാളികളായ നായകന്മാരുണ്ടായിട്ടുപോലുമാണ് ഇതെന്നോർക്കണം. പക്ഷേ ഇത്രയും വർഷം കാത്തിരുന്ന് കിട്ടിയ അവസരം നന്നായി വിനിയോ​ഗിക്കുന്ന മണിരത്നം എന്ന സംവിധായകനെ സിനിമയിൽ ഉടനീളം കാണാം. ക്ലൈമാക്സിലെ അരമണിക്കൂർ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണം.

കൽക്കിയുടെ നോവലിനോട് പൂർണമായും നീതിപുലർത്തുന്ന അവതരണശൈലിയാണ് ചിത്രത്തിന്. കൽക്കി എഴുതിവെച്ചിരിക്കുന്നത് ഇതിൽക്കൂടുതൽ ഭം​ഗിയായി വേറെയാരെങ്കിലും കൺമുന്നിൽ കാണിക്കുമോ എന്ന് സംശയമാണ്. സിനിമ കണ്ടതിന് ശേഷം നോവൽ വായിക്കുകയാണെങ്കിൽ ഓരോ കഥാപാത്രത്തേയും കഥാസന്ദർഭങ്ങളേയും പരിസരങ്ങളേയും ഇങ്ങനെയല്ലാതെ ചിന്തിക്കാൻ പോലുമാവില്ല എന്ന് നിസ്സംശയം പറയാം.

താരങ്ങളിലേക്ക് വന്നാൽ കാർത്തി അവതരിപ്പിക്കുന്ന വല്ലവരായൻ വന്തിയതേവന്റെ ചിത്രമാണ് പി.എസ് -1. വന്തിയതേവൻ കാണുന്നതും അനുഭവിക്കുന്നതുമായ കാഴ്ചകളാണ് ആസ്വാദകന് മുന്നിലെത്തുന്നത്. മേലെ ആകാശം, താഴെ ഭൂമി എന്ന് കരുതുന്ന ചാരനായ കഥാപാത്രത്തെ കാർത്തി ​ഗംഭീരമാക്കിയിട്ടുണ്ട്. യഥാർത്ഥ കഥാപാത്രങ്ങളേയും സാങ്കല്പിക കഥാപാത്രങ്ങളേയും ഒരുമിപ്പിച്ചുള്ള സൃഷ്ടിയാണ് പൊന്നിയിൻ സെൽവൻ എന്ന് നോവൽ. ഇതിൽ വന്തിയതേവൻ യഥാർത്ഥത്തിൽ ഒരു സാങ്കല്പിക കഥാപാത്രമാണ്. ചരിത്രത്തിൽ അധികം പരാമർശമില്ലാത്ത ഒരാൾ. അയാളെയാണ് ചോളന്മാരുടെ ചരിത്രം പറയാൻ കൽകി നിയോ​ഗിച്ചത് എന്നതാണ് ശ്രദ്ധേയം. ഇത്രയും വിശാലമായ ഒരു കഥാപാത്രത്തിനായാണ് വർഷങ്ങൾക്ക് മുമ്പ് എം.ജി.ആർ ആ​ഗ്രഹിച്ചത് എന്നറിയുമ്പോഴാണ് വന്തിയതേവന്റെ പ്രാധാന്യം മനസിലാവുക.

ആദിത്യ കരികാലനായെത്തിയ വിക്രമും അരുൾമൊഴി വർമനായി വന്ന ജയം രവിയും മികച്ചതാക്കിയിട്ടുണ്ട്. കൂട്ടത്തിൽ ഒരു യോദ്ധാവിന്റേതായ ആകാരം വിക്രമിനായിരുന്നു. നിരാശയും പ്രണയവും വീരവും നിറഞ്ഞ കരികാലൻ വിക്രമിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലായിരിക്കും. പാടിപ്പതിഞ്ഞ ചോളവീര​ഗാഥകളിൽ ഇനി രാജ രാജ ചോളന് ജയംരവിയുടെ മുഖവും ആകാരവടിവുമായിരിക്കും. പ്രതികാരവും അധികാരക്കൊതിയും നിറഞ്ഞ, നി​ഗൂഢതകൾ ഉള്ളിൽപ്പേറുന്ന നന്ദിനി ഐശ്വര്യാ റായിയുടെ ഇതുവരെ കണ്ട് പരിചയിച്ച മുഖമല്ല. ബുദ്ധിമതിയായ കുന്ദവൈ ദേവി തൃഷയുടെ കയ്യിൽ ഭദ്രമായിരുന്നു. വീരവൈഷ്ണവ ബ്രാഹ്മണനായ ആൾവാർകടിയാൻ നമ്പി ജയറാമിന്റെ സിനിമാ ജീവിതത്തിലെ വ്യത്യസ്തതയാർന്ന കഥപാത്രമാണ്. നമ്പിയുടേയും വന്തിയതേവന്റേയും കോമ്പിനേഷൻ സീനുകൾ കണ്ടിരിക്കാൻ തന്നെ ബഹുരസം.

പഴുവേട്ടരയർ സഹോദരന്മാരായി തലയെടുപ്പോടെ നിൽക്കുന്നുണ്ട് ശരത്കുമാറും പാർത്ഥിപനും. മധുരാന്തകനായി റഹ്മാനും പാർത്ഥിപനായി വിക്രം പ്രഭുവും വാനതിയായി ശോഭിത ധുലിപാലയും സമുദ്രകുമാരിയായി ഐശ്വര്യ ലക്ഷ്മിയും സുന്ദര ചോളനായി പ്രകാശ് രാജും സേനാപതിയായി പ്രഭുവും മികച്ചുനിന്നു. ബാബു ആന്റണി, നാസർ, കിഷോർ, റിയാസ് ഖാൻ, അശ്വിൻ കാകുമാനു എന്നിവരും അവരുടെ കഥാപാത്രത്തോട് നീതിപുലർത്തി. എ.ആർ.റഹ്മാന്റെ സം​ഗീതവും പശ്ചാത്തലസം​ഗീതവും അനുയോജ്യമായ രീതിയിൽത്തന്നെ.

തമിഴ്നാട്ടിൽ ജനിച്ചുവീഴുന്ന ഓരോ കുട്ടിയും കേൾക്കുന്ന പൊന്നിയിൻ സെൽവന്റെ കഥ നോവലിന് യാതൊരു കോട്ടവും തട്ടാതെ മൂന്ന് മണിക്കൂറായി ചുരുക്കി അവതരിപ്പിച്ചതിന് തിരക്കഥാകൃത്തുക്കളായ ഇളങ്കോ കുമരവേലിനും ജയമോഹനും തീർച്ചയായും കയ്യടി നൽകാം. ധൈര്യമായി രണ്ടാം ഭാ​ഗത്തിന് കാത്തിരിക്കാം, ധൈര്യമായി ടിക്കറ്റെടുക്കാം ഈ വെള്ളിത്തിരയിലെ കാവ്യത്തിന്.

Content Highlights: ponniyin selvan review, ponniyin selvan malayalam review, maniratnam, vikram and jayam, ravi karthi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented