Oh Meri Laila
കട്ടകലിപ്പ് ഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നടന്‍ ആന്റണി വര്‍ഗീസ് മലയാളസിനിമയിലേക്ക് കാലെടുത്തുവെച്ചത്. പ്രേക്ഷകഹൃദയത്തെ ഹരംകൊള്ളിച്ച 'അങ്കമാലി ഡയറീസി'ലെ പ്രണയിതാവുകൂടിയായ 'പെപ്പ'യെ ആരും മറന്നുപോയിട്ടില്ല. ഒരു കംപ്ലീറ്റ് എന്റര്‍ടൈമെന്റ് ചിത്രത്തില്‍ അത്തരത്തിലൊരു നായകവേഷത്തില്‍ നടന്‍ എത്തുന്നത് പ്രേക്ഷകരില്‍ ചിലരെങ്കിലും ആഗ്രഹിച്ചിരുന്ന കാര്യമാണ്. ആ സ്വപ്നം നിറവേറ്റുന്നതാണ് നവാഗതനായ അഭിഷേക് കെ. എസ് സംവിധാനം ചെയ്ത് ഡിസംബര്‍ 23ന് തിയ്യേറ്ററുകളിലെത്തിയ 'ഓ മേരി ലൈല'. ഒരു മുഴുനീള എന്റര്‍ടൈന്‍മെന്റ് ചിത്രമായ 'ഓ മേരി ലൈല' ക്യാമ്പസ് പ്രണയകഥയാണ് പറയുന്നത്.
ഒരേഭാവമുള്ള കഥാപാത്രങ്ങളെ തുടര്‍ച്ചയായി എടുത്തണിഞ്ഞിരുന്ന ആന്റണി വര്‍ഗീസ് എന്ന നടന്റെ തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് 'ഓ മേരി ലൈല'യിലെ ലൈലാസുരന്‍. ക്രിസ്മസ് റിലീസായി എത്തിയിരിക്കുന്ന ചിത്രത്തില്‍ ക്യാമ്പസ് പ്രണയം, സൗഹൃദം, രാഷ്ട്രീയം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നുണ്ട്. കുടുംബപശ്ചാത്തലത്തിലും കഥ പറയുന്ന 'ഓ മേരി ലൈല'യ്ക്ക് 147 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായി കോളേജിലേക്ക് കടന്നുവരുന്ന നിഷ്‌കളങ്കനായ ലൈലാസുരന്‍, അവിടെ പിന്നീടുള്ള അവന്റെ ജീവിതം, ക്ലാസ്മുറി, പഠനം, സൗഹൃദം, വിദ്യാര്‍ഥിരാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം, കുടുംബസാഹചര്യങ്ങള്‍, പ്രണയജീവിതം എന്നിവയെല്ലാം വിവരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് അനുരാജ് ഒ.ബിയാണ്.
പ്രേക്ഷകര്‍ക്ക് മറ്റ് ക്യാമ്പസ് സിനിമകളുമായി സാമ്യത തോന്നിയേക്കാവുന്ന നിരവധി ഘടകങ്ങള്‍ 'ഓ മേരി ലൈല'യിലും കാണാം. ക്യാമ്പസ് ജീവിതത്തെ അതേപടി പകര്‍ത്തിയിരിക്കുന്ന ചിത്രം തുടങ്ങുന്നതുതന്നെ കോളേജ് യൂണിയന്‍ പരിപാടിയിലേക്ക് ക്യാമറക്കണ്ണ് തുറന്നുകൊണ്ടാണ്. ആന്റണി വര്‍ഗീസ് സിനിമകളിലെ പതിവ് ആവര്‍ത്തിച്ചേക്കാമെന്ന ധാരണയാണ് സിനിമയുടെ തുടക്കത്തില്‍തന്നെയുള്ള ഫൈറ്റ് സീന്‍ കാണുമ്പോഴുണ്ടാകുന്നത്. എന്നാല്‍ പിന്നീട് നായകന്റെ പേര് വന്ന വഴിമുതല്‍ അയാളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഭൂതകാലസംഭവങ്ങളെ നിരത്തിക്കാണിക്കുന്നതിലൂടെ പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുന്നു.
ഡോ. പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് നിര്‍മ്മിച്ച സിനിമയില്‍ ആന്റണി വര്‍ഗീസിനൊപ്പം സോന ഒലിക്കല്‍, നന്ദന രാജന്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നു. നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
ക്യാമ്പസ് ജീവിതത്തെ കളറാക്കി അവതരിപ്പിക്കുന്നതില്‍ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ബബ്ലു അജു, വരികളെഴുതിയ ശബരീഷ് വര്‍മ, വിനായക് ശശികുമാര്‍, സംഗീതം നല്‍കിയ അങ്കിത് മേനോന്‍ എന്നിവര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നേരത്തേ പുറത്തിറങ്ങിയ, ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. സജി ജോസഫ് കലാസംവിധായകനായ ചിത്രത്തിന്റെ എഡിറ്റര്‍ കിരണ്‍ ദാസാണ്. 'ഓ മേരി ലൈല'യുടെ ആദ്യം മുതല്‍ അവസാനംവരെ വളരെ ലളിതമായ അഭിനയം കാഴ്ചവെച്ചുകൊണ്ട് മറ്റൊരു ആന്റണി വര്‍ഗീസിനെയാണ് സ്‌ക്രീനില്‍ കാണാനാവുക. അടിപിടികൂടുന്ന, ധാര്‍ഷ്ട്യമുള്ള കഥാപാത്രത്തെ മാത്രം അവതരിപ്പിക്കുന്നതില്‍നിന്ന് മാറി, ആന്റണി വര്‍ഗീസ് എന്ന കഴിവുറ്റ നടനെ സിനിമകള്‍ ഇനിയും കണ്ടെടുക്കാനുണ്ടെന്ന് ഈ ചിത്രത്തിലെ വേറിട്ട പ്രകടനം സൂചിപ്പിക്കുന്നുണ്ട്.
Content Highlights: oh meri laila review, malayalam movie review, antony varghese, actor pepe, abhishek k s
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..