Mahaveeryar Review
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലിറങ്ങുന്ന നിവിന്‍ പോളി ചിത്രം. സംവിധായകന്‍ എബ്രിഡ് ഷൈനും നിവിനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം. നീണ്ട ഇടവേളയ്ക്കുശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന ചിത്രം. മലയാളസിനിമയില്‍ അപൂര്‍വമായ ടൈംട്രാവല്‍-ഫാന്റസി സിനിമ. സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥ. ഇങ്ങനെയൊക്കെയായിരുന്നു മഹാവീര്യര്‍ എന്ന ചിത്രം പ്രഖ്യാപിച്ചതുമുതല്‍ കേള്‍ക്കുന്ന കാര്യങ്ങള്‍. പക്ഷേ ഇതിനെല്ലാം അപ്പുറത്തുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് മഹാവീര്യര്‍ എന്ന് അടിസ്ഥാനപരമായി പറയാം.
ഒരു കേസില്‍പ്പെട്ട് കോടതിയിലെത്തുന്ന അപൂര്‍ണാനന്ദ എന്ന യുവസന്യാസിക്ക് മുന്നില്‍ നടക്കുന്ന കാഴ്ചകളാണ് സിനിമ. കാലങ്ങള്‍താണ്ടി ആധുനിക കാലത്തെത്തുന്ന അപൂര്‍ണാനന്ദന്‍ ഇപ്പോഴത്തെ കോടതിവ്യവഹാരങ്ങളിലൂടെ സഞ്ചരിക്കുന്നതിലെ കൗതുകമാണ് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഘടകം. ആരാണ് അപൂര്‍ണാനന്ദന്‍ എന്ന ചോദ്യത്തിനൊപ്പം തന്നെ ചിത്രപുരി എന്ന സാങ്കല്പിക ഗ്രാമത്തിലെ രാജാവിന് സംഭവിച്ച ഒരു വിഷമത്തേക്കുറിച്ചും മഹാവീര്യര്‍ പറയുന്നുണ്ട്.
രണ്ടുരീതിയില്‍ ഈ ചിത്രത്തെ സമീപിക്കാം. ഫാന്റസി-ടൈം ട്രാവല്‍ എന്ന രീതിയിലാണ് ആദ്യത്തേത്. മുന്‍കോപികളും പ്രജാക്ഷേമ തത്പരരുമല്ലാത്ത രാജാക്കന്മാരേക്കുറിച്ച് നമ്മള്‍ കുട്ടിക്കഥകളില്‍ കേട്ടിട്ടുണ്ടാവും. അത്തരത്തിലൊരു രാജാവാണ് രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവ്. അദ്ദേഹത്തിന്റെ മന്ത്രിയാണ് വീരഭദ്രന്‍. ഒരു സുപ്രഭാതത്തില്‍ മഹാരാജാവിന്റെ ആജ്ഞപ്രകാരം ചിത്രപുരി എന്ന ഗ്രാമത്തിലേക്ക് യാത്രതിരിക്കുന്ന വീരഭദ്രന്‍ ഒരുവശത്ത്. കാലങ്ങള്‍ കടന്ന് ഉത്തരാധുനിക കാലത്തെത്തുന്ന അപൂര്‍ണാനന്ദന്‍ മറ്റൊരുവശത്ത്. ഒരു പ്രത്യേകഘട്ടത്തില്‍ ഇരുവരുടേയും സഞ്ചാരം ഒരു കോടതിമുറിയില്‍ കൂട്ടിമുട്ടുകയാണ്. അവിടെ അവര്‍ നേരിടുന്നതെന്തെല്ലാമാണെന്നതാണ് ഫാന്റസിയുടേതായ തലം.
ഒന്നുകൂടി ആഴത്തില്‍ നോക്കിയാല്‍ ഫാന്റസിയുടെ പുതപ്പില്‍ മൂടിക്കിടക്കുന്ന സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങളെ കാണാം. ഇവിടെ വീരഭദ്രനേയും അപൂര്‍ണാനന്ദനേയും മറ്റ് കഥാപാത്രങ്ങളേയുമെല്ലാം കൂട്ടിച്ചേര്‍ക്കുന്ന കണ്ണി ഉഗ്രസേന മഹാരാജാവാണ്. അധികാരത്തിന്റേതായ എല്ലാ തിളപ്പുമുള്ളയാളാണ് ഉഗ്രസേനന്‍. പേരുമാറ്റി നിര്‍ത്തിയാല്‍ ഒരു രാജ്യത്തിന്റെ ഏറ്റവും ഉന്നതനായ ഭരണാധികാരി. അയാളുടെ പ്രശ്‌നം തീര്‍ക്കാനുള്ള ആത്യന്തികമായ വഴി ജനങ്ങളെ ബുദ്ധിമുട്ടിക്കലാണ്. പക്ഷേ ആ ബുദ്ധിമുട്ട് അവര്‍ അറിയാതിരിക്കാന്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കി സുഖിപ്പിക്കും. അവര്‍ ഭരണാധികാരിയെ വിശ്വസിക്കും. പക്ഷേ അതിന്റെ അന്തിമഫലം ജനങ്ങളുടെ കണ്ണുനീരായിരിക്കും. ആ കണ്ണുനീരാണ് ഭരണാധികാരികളെ മദോന്മത്തരാക്കുന്ന, ആനന്ദചിത്തരാക്കുന്ന വീര്യമേറിയ പാനീയം. ഇതാണ് കോടതിമുറിയില്‍ നടക്കുന്ന ഒരു ഡ്രാമ എന്നതിലപ്പുറത്തേക്ക് മഹാവീര്യര്‍ പറഞ്ഞുവെയ്ക്കുന്ന രാഷ്ട്രീയത്തിന്റേതായ രണ്ടാമത്തെ തലം.
ഉഗ്രസേന മഹാരാജാവിന്റെ കേസ് നടക്കുന്നത് വളരെ നീണ്ട കാലയളവിലാണ്. ഒരു ഘട്ടത്തില്‍ കോടതി പോലും ആ ഭരണാധികാരിയുടെ ഇംഗിതത്തിന് വഴങ്ങിക്കൊടുക്കേണ്ടിവരുന്നുണ്ട്. നിയമം പോലും രാജാവിന് അനുകൂലമാവുന്ന അവസ്ഥ. അതായത് ഭരിക്കുന്നവരുടെ ഇഷ്ടത്തിന് അനുസരിച്ചായിരിക്കും കോടതിപോലും പെരുമാറുക എന്നൊരു വിമര്‍ശനം കൂടി ഉന്നയിക്കുന്നുണ്ട് ചിത്രം. വ്യക്തിസ്വാതന്ത്ര്യം എന്നത് ഭരിക്കുന്നവര്‍ തീരുമാനിക്കുന്ന അവസ്ഥയേക്കുറിച്ചും മഹാവീര്യര്‍ പറഞ്ഞുവെയ്ക്കുന്നു.
അപൂര്‍ണാനന്ദനായി നിവിന്‍ പോളിയും വീരഭദ്രനായി ആസിഫ് അലിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഉഗ്രസേനനായി ലാലും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി സിദ്ദിഖും, പബ്ലിക് പ്രോസിക്യൂട്ടറായി ലാലു അലക്‌സും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മൂവരുടേയും പ്രകടനം ഇടയ്ക്ക് നല്ല ചിരിയും സമ്മാനിക്കുന്നുണ്ട്. നായിക ഷാന്‍വി ശ്രീവാസ്തവ നായകന്റെ നിഴലില്‍ ഒതുങ്ങിനില്‍ക്കാത്ത കഥാപാത്രമായിരുന്നു. മല്ലിക സുകുമാരന്‍, സുധീര്‍ പറവൂര്‍, കൃഷ്ണപ്രസാദ്, സൂരജ് എസ് കുറുപ്പ്, കലാഭവന്‍ ഷാജോണ്‍, വിജയ് മേനോന്‍, മേജര്‍ രവി തുടങ്ങിയവരും കഥാപാത്രങ്ങളോട് നീതിപുലര്‍ത്തി. ചെറിയ വേഷങ്ങളിലുള്ളവര്‍ക്ക് പോലും സ്‌കോര്‍ ചെയ്യാന്‍ അവസരം കൊടുക്കുന്ന എബ്രിഡ് ഷൈന്‍ ബ്രില്ല്യന്‍സ് ഇത്തവണയും ആവര്‍ത്തിക്കുന്നുണ്ട്.
ചന്ദ്രു സെല്‍വരാജിന്റെ ഛായാഗ്രഹണത്തേക്കുറിച്ചും ഇഷാന്‍ ചാബ്രയുടെ സംഗീതത്തേക്കുറിച്ചും പറയാതിരുന്നാല്‍ മഹാവീര്യറിനേക്കുറിച്ചുള്ള അഭിപ്രായപ്രകടനം പൂര്‍ണമാവില്ല. രണ്ടുപേര്‍ക്കും നല്ല കയ്യടിതന്നെ നല്‍കാം. രാഷ്ട്രീയചിത്രമെന്ന നിലയിലും ഫാന്റസി ചിത്രമെന്ന നിലയിലും വീര്യത്തില്‍ മുന്‍പന്തിയില്‍ത്തന്നെയാണ് മഹാവീര്യര്‍. തിയേറ്ററില്‍ത്തന്നെ കണ്ട് ആസ്വദിക്കണം, അറിയണം ഈ ചിത്രത്തെ.
Content Highlights: Mahaveeryar Review, Nivin Pauly and Asif Ali, Abrid Shine Movie


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..