മലയാളത്തിലെ എണ്ണംപറഞ്ഞ ത്രില്ലറുകളിലൂടെ പ്രേക്ഷകരെ കോരിത്തരിപ്പിച്ച ജീത്തു ജോസഫ് കോമഡി ട്രാക്കിലേയ്ക്ക് മടങ്ങിവന്ന ചിത്രമാണ് 'നുണക്കുഴി'. ഹിറ്റ് സംവിധായകനൊപ്പം നായകനായി ബേസിൽ ജോസഫ് കൂടിയെത്തിയ 'നുണക്കുഴി' പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണ്. 

To advertise here,

നുണകൾക്കുമേൽ നുണകളാൽ പടുത്തുയർത്തിയ കൊട്ടാരത്തിൽ ഒരുദിവസമുണ്ടാകുന്ന പൊട്ടിച്ചിരിപ്പിക്കുന്ന സംഭവവികാസങ്ങളെന്ന് ചിത്രത്തെ ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാം. ആദ്യാവസാനം നുണകൾ കൊണ്ട് അമ്മാനമാടുകയാണ് ഓരോ കഥാപാത്രങ്ങളും. 

അച്ഛൻ്റെ വിയോ​ഗത്തിന് പിന്നാലെ വലിയൊരു ബിസിനസ് സാമ്രാജ്യത്തിൻ്റെ അധികാരത്തിലേയ്ക്ക് എത്തിപ്പെടുകയാണ് എബി എന്ന ചെറുപ്പക്കാരൻ. ജീവിതത്തിൽ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാൻ ആ​ഗ്രഹിക്കാത്ത ഇയാൾ തൻ്റെ പുതിയ പദവിയും ഇഷ്ടപ്പെടുന്നില്ല. ഭാര്യയോടൊത്ത് സമയം ചെലവഴിക്കുന്നതിൽ മാത്രം ആനന്ദം കണ്ടെത്തുന്ന എബിയുടെ ജീവിതം ഒറ്റദിവസംകൊണ്ട് മാറിമറിയുകയാണ്. പിന്നെയങ്ങോട്ട് ഓട്ടപ്പാച്ചിലാണ്, ഒപ്പം ഒരുകൂട്ടം കഥാപാത്രങ്ങളും കൂടുന്നുണ്ട്. ബേസിൽ ജോസഫാണ് എബിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒന്നിലധികം കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളിലൂടെയാണ് കഥപുരോ​ഗമിക്കുന്നത്. സിനിമ നടനും സിനിമ മോഹിയായ യുവാവും പോലീസും ഒക്കെ എബിയുടെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാത്ത അതിഥികളായി എത്തുകയാണ്. ഇവരെല്ലാം തമ്മിൽ പരസ്പരമറിയാത്ത ബന്ധങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയുമൊക്കെ ചുറ്റുപിണഞ്ഞുകിടക്കുകയാണ്. ഈ ചുരുളുകൾ അഴിക്കാനും സ്വയം രക്ഷപ്പെടാനുമൊക്കെ കഥാപാത്രങ്ങൾ നടത്തുന്ന നെട്ടോട്ടങ്ങളാണ് ചിരിയുണർത്തുന്നത്. ആദ്യാവസാനം ചിരിയുടെ പശ്ചാത്തലത്തിലൂടെ കഥ പുരോ​ഗമിക്കുമ്പോഴും ഇടയ്ക്കൊന്ന് ത്രില്ലടിപ്പിക്കാനും ജീത്തു ജോസഫ് മറക്കുന്നില്ല.

വമ്പൻ താരനിരയാണ് ജീത്തു ജോസഫ് 'നുണക്കുഴി'യിൽ അണിനിരത്തിയിരിക്കുന്നത്. നോട്ടം കൊണ്ടുപോലും ചിരിപ്പിക്കാൻ കഴിയുന്ന ഈ താരങ്ങൾ തന്നെയാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. ബേസിലിനൊപ്പം ഗ്രേസ് ആന്റണി, നിഖില വിമൽ, ബൈജു സന്തോഷ്‌, സിദിഖ്, മനോജ്‌ കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, അൽത്താഫ് സലിം എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെൽവരാജ്, സ്വാസിക, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, ലെന, കലാഭവൻ യൂസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരും ചിത്രത്തിലുണ്ട്. 

പതിവ് പോലെ ബേസിൽ തൻ്റെ കഥാപാത്രത്തെ ഭദ്രമാക്കി. സിനിമയിലെ കുറച്ച് സീരിയസ് കഥാപാത്രത്തെയാണ് ഗ്രേസ് ആൻ്റണി അവതരിപ്പിക്കുന്നതെങ്കിലും ആവോളം ചിരിപ്പിക്കുന്നുമുണ്ട്. സിദ്ദിഖും ബെെജുവും മനോജ് കെ ജയനും തങ്ങളുടെ കഥാപാത്രങ്ങളെ അനായാസം തിരശ്ശീലയിലെത്തിച്ചുവെന്ന് പറയാം. 

ജയ് ഉണ്ണിത്താനും വിഷ്ണു ശ്യാമും ചേർന്നാണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു ശ്യാമിന്റേതാണ് പശ്ചാത്തല സം​ഗീതം. വിനായക് ശശികുമാറിന്റേതാണ് വരികൾ. ട്വൽത്ത് മാൻ, കൂമൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച കെ ആർ കൃഷ്ണകുമാർ ആണ് 'നുണക്കുഴി'യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സരിഗമയാണ് നിർമാണം.