
അല്‍ഫോണ്‍സ് പുത്രന്‍, ശന്തനു ഭാഗ്യരാജ്, ഷെയിന്‍ നിഗം, ശിവ ഹരിഹരന്, ജെക്‌സണ്‍ ജോണ്സണ് | Photo: Instagram/ SAJITH RM
കബഡിയെ മുന്‍നിര്‍ത്തി ഷെയിന്‍ നിഗത്തെ നായകനാക്കി നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനംചെയ്ത കംപ്ലീറ്റ് സ്‌പോര്‍ട്‌സ്- ആക്ഷന്‍ ത്രില്ലറാണ് 'ബള്‍ട്ടി'. മേക്കിങ് ക്വാളിറ്റികൊണ്ടും സംഘട്ടനരംഗങ്ങള്‍ക്കൊണ്ടും പ്രേക്ഷകര്‍ക്ക് അതിഗംഭീരകാഴ്ചാനുഭവമാണ് 'ബള്‍ട്ടി' സമ്മാനിക്കുന്നു. സൗഹൃദവും ചതിയും പ്രണയവും പ്രതികാരവും ഗ്യാങ്‌വാറും അടിത്തറയിടുന്ന കഥയില്‍ അപ്രതീക്ഷിത പ്രകടനങ്ങള്‍കൂടെയാവുമ്പോള്‍ നല്ലൊരു സിനിമാനുഭവമാണ് ചിത്രം തീയേറ്ററില്‍ ലഭിക്കുന്നത്.
കേരള- തമിഴ്‌നാട് ബോര്‍ഡറിലെ വേലംപാളയം എന്ന സ്ഥലത്തെ കബഡി താരങ്ങളായ നാലുചെറുപ്പക്കാര്‍. കഠിനമായ ജീവിതസാഹചര്യങ്ങള്‍ക്കിടയിലും കളിക്കളത്തില്‍ ഇവരെ തേടിയെത്തുന്നത് വിജയം മാത്രം. ഇതിന് സമാന്തരമായി സഞ്ചരിക്കുന്ന വട്ടിപ്പലിശക്കാരുടെ ഒരു അധോലോകം. അധികാരം പിടിച്ചെടുക്കാനും തിരിച്ചുപിടിക്കാനും വ്യാപിപ്പിക്കാനുമുള്ള മൂന്നുകൂട്ടരുടെ ശ്രമങ്ങള്‍. ഈ രണ്ട് സമാന്തരലോകങ്ങള്‍ കൂടിച്ചേരുമ്പോഴുണ്ടാവുന്ന നാടകീയ സംഭവങ്ങളാണ് ചിത്രത്തിന്റെ അടിസ്ഥാനപ്രമേയം.
വേലംപാളയത്തെ പഞ്ചമി റൈഡേഴ്‌സ് എന്ന കബഡി ടീമിലെ പ്രധാന താരമാണ് ഷെയിന്‍ നിഗം അവതരിപ്പിക്കുന്ന ഉദയന്‍. ശന്തനു ഭാഗ്യരാജ് ടീമിന്റെ ക്യാപ്റ്റനായ കുമാറായി എത്തുന്നു. ശിവഹരിഹരനും ജെക്‌സണ്‍ ജോണ്‍സണും അവതരിപ്പിക്കുന്ന രമേശും മണിയും ടീമിലെ അംഗങ്ങളാണ്. തുടര്‍ച്ചയായി വിജയങ്ങള്‍ സ്വന്തമാക്കുന്ന ഇവര്‍ പുറത്തൊരു ടീമിന് വേണ്ടി കളിക്കാന്‍ തീരുമാനിക്കുന്നു. ഇതിന് സമാന്തരമായാണ് വട്ടിപ്പലിശക്കാരുടെ ഒരു അധോലോകം പ്രവര്‍ത്തിക്കുന്നത്. അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന സോഡ ബാബു, സെല്‍വരാഘവന്റെ ഭൈരവന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ ജീ മാ എന്നീ കഥാപാത്രങ്ങള്‍ വാഴുന്നതാണ് തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന ഈ സമാന്തരലോകം. പാവപ്പെട്ടവരെ പലിശയുടെ പേരില്‍ ക്രൂരതകള്‍ക്ക് ഇരയാക്കുന്ന എതിരാളികളായി മൂവരുടേയും ഇടയില്‍ പഞ്ചമി റൈഡേഴ്‌സിലെ ചെറുപ്പക്കാര്‍പ്പെട്ടുപോകുന്നു. തുടര്‍ന്ന് നടക്കുന്ന നാടകീയ സംഭവങ്ങളാണ് ചിത്രത്തെ നയിക്കുന്നത്. പ്രീതി അസ്രാനിയാണ് നായിക.
ആഴമുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത. അവ ഓരോന്നും അഭിനയിച്ച് പ്രതിഫലിക്കുന്നതില്‍ അഭിനേതാക്കളും വിജയിച്ചിരിക്കുന്നു. കബഡി മത്സരങ്ങളും സംഘട്ടനങ്ങളും നിറഞ്ഞ ചിത്രത്തില്‍ ഷെയിന്‍ നിഗം അതിഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. വൈകാരിക- പ്രണയരംഗങ്ങളിലും ഷെയിന്‍ ഒരുതരി മാറാതെ സ്വഭാവികമായി കഥാപാത്രവുന്നു. ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളുണ്ടാവുകയും പണം തടസമായി മാറുകയുംചെയ്യുന്ന നിരാശനായ കുമാര്‍ എന്ന യുവാവിനെ ശന്തനു വിശ്വസനീയമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സൗഹൃദത്തിനും അധോലോകത്തിന്റെ കള്ളക്കളിക്കുമിടയില്‍പ്പെട്ടുപോകുന്ന ആശയക്കുഴപ്പത്തിലായ യുവാവിന്റെ വേഷത്തിലേക്ക് ശന്തനുവിന് സ്വാഭാവികമായി ചേര്‍ന്നുനില്‍ക്കാന്‍ സാധിക്കുന്നു.
വില്ലത്തരങ്ങളിലും ഹീറോയിസം കാണിക്കുന്ന കഥാപാത്രങ്ങളായെത്തിയ അല്‍ഫോണ്‍സ് പുത്രന്റേയും സെല്‍വരാഘവന്റേയും പൂര്‍ണ്ണിമയുടേയും പ്രകടനമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്ന മറ്റൊരുഘടകം. നോട്ടത്തിലും നടത്തത്തിലും അടിമുടി വില്ലനിസം നിലനിര്‍ത്താന്‍ സെല്‍വരാഘവന് സാധിക്കുന്നു. അല്‍ഫോണ്‍സ് പുത്രന്റെ ഭാഗങ്ങള്‍ തീയേറ്ററില്‍ കൈയടി നിറയ്ക്കുന്നു. ചിത്രം അവസാനിക്കുമ്പോള്‍ അല്‍ഫോണ്‍സ് അല്ലാതെ മറ്റൊരാള്‍ വേഷത്തിന് അനുയോജ്യമാകുമോയെന്ന ആശയക്കുഴപ്പത്തിലാവുന്ന തരത്തിലാണ് കാസ്റ്റിങ്. വ്യത്യസ്തമായൊരു പ്രതിനായികാ വേഷത്തില്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് അസാധാരണപ്രകടനം കാഴ്ചവെക്കുന്നു.
സന്തോഷ് ടി. കുരുവിളയും ബിനു ജോര്‍ജും ചേര്‍ന്ന് നിര്‍മിച്ച ചിത്രം സംവിധാനംചെയ്തിരിക്കുന്നത് ഉണ്ണി ശിവലിംഗമാണ്. തന്നില്‍നിന്ന് മലയാളത്തിന് കൂടുതല്‍ പ്രതീക്ഷിക്കാമെന്ന ഉറപ്പ് ആദ്യചിത്രത്തില്‍തന്നെ ഉണ്ണി ശിവലിംഗം നല്‍കുന്നു. ആദ്യ ചിത്രത്തില്‍ തന്നെ അതിഗംഭീര തീയേറ്റര്‍ അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കാന്‍ തിരക്കഥാകൃത്തുകൂടിയായ ഉണ്ണിക്ക് സാധിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ പ്രവചനീയവും ക്ലീഷേയുമാകുന്ന തിരക്കഥയില്‍ ശക്തമായ രാഷ്ട്രീയവും ഉണ്ണി പറയുന്നുണ്ട്. ആക്ഷന്‍ ചിത്രത്തില്‍ അത്തരമൊരു രാഷ്ട്രീയം പറയുന്നത് ധീരവും കൈയടി അര്‍ഹിക്കുന്നതുമാണ്.
20-കാരനായ സായ് അഭ്യങ്കറിന്റെ പുറത്തിറങ്ങിയ ആദ്യചിത്രമാണ് 'ബള്‍ട്ടി'. ചിത്രത്തിലെ ജാലക്കാരി എന്ന പാട്ട് റിലീസിന് മുമ്പേ തന്നെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തെ ആകെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താന്‍ സായ്‌യുടെ പശ്ചാത്തലസംഗീത്തിന് സാധിക്കുന്നു. കാതുകള്‍ക്ക് അതിഗംഭീരവിരുന്നാണ് സായ്‌യുടെ പശ്ചാത്തലസംഗീതം.
അലക്‌സ് ജെ. പുളിക്കല്‍ ആണ് ഛായാഗ്രഹണം. സംഘട്ടനരംഗങ്ങള്‍ പകര്‍ത്തുന്നതില്‍ അലക്‌സിന്റെ കൈയടക്കം പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നു. ശിവ്കുമാര്‍ വി. പണിക്കരുടെ എഡിറ്റിങ് ഇവയെല്ലാം മനോഹരമായി കോര്‍ത്തിണക്കുന്നു. ചിത്രത്തോളം തന്നെ കൈയടി അര്‍ഹിക്കുന്നത് രണ്ട് സംഘട്ടനസംവിധായകരാണ്. ആക്ഷന്‍ സന്തോഷും വിക്കിയുമാണ് ചിത്രത്തിന് സംഘട്ടനരംഗങ്ങള്‍ ഒരുക്കിയത്. തീപ്പൊരി സംഘട്ടനരംഗങ്ങള്‍ പ്രേക്ഷകന് അതിഗംഭീര തീയേറ്റര്‍ അനുഭവമാണ് നല്‍കുന്നത്. സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ ആണ് ചിത്രത്തിന് അഡീഷണല്‍ സംഭാഷണം എഴുതിയിരിക്കുന്നത്. വിനായക് ശശികുമാര്‍ ഗാനരചന. ആഷിക് എസിന്റെ കലാസംവിധാനവും വിഷ്ണു ഗോവിന്ദിന്റെ ഓഡിയോഗ്രഫിയും എടുത്തുപറയേണ്ടതാണ്. പ്രവചനീയമായ കഥാഗതിയാണെങ്കിലും ആവിഷ്‌കാരരീതി അസാധാരണ തീയേറ്റര്‍ അനുഭവമാണ് 'ബള്‍ട്ടി' നല്‍കുന്നത്.
Content Highlights: Balti Malayalam movie review
Published: 26 Sept 2025, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented