
അതിഭീകര കാമുകൻ പോസ്റ്റർ, ചിത്രത്തിൽ ലുക്മാനും ദൃശ്യ രഘുനാഥും | Photos: facebook.com/lukmanavaranofficial
ഒരു പ്രണയചിത്രം. അതും ക്യാമ്പസ് പശ്ചാത്തലത്തില്‍. ഇത്രയും കേട്ടുകഴിയുമ്പോള്‍ തന്നെ സ്ഥിരം പാറ്റേണിലുള്ള ക്യാമ്പസ് പ്രണയകഥയാകുമെന്നാണ് ഏതൊരു സിനിമാ പ്രേക്ഷകനും കരുതുക. അതിഭീകര കാമുകന് എന്ന ചിത്രത്തിന്റെ ട്രെയിലറും ഇതേ സൂചനകളാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്. എന്നാല്‍ അതല്ല ചിത്രം മുന്നോട്ടുവെക്കുന്ന പ്രമേയമെന്ന് മനസിലാക്കാന്‍ രണ്ടുമണിക്കൂര്‍ തിയേറ്ററില്‍ കണ്ടാസ്വദിക്കുന്നവര്ക്ക് മാത്രമേ കഴിയൂ.
അതിഭീകര കാമുകന് എന്നാണ് ചിത്രത്തിന്റെ പേരെങ്കിലും പ്രണയത്തേക്കാള്‍ വലുതായി മറ്റുചിലതും ജീവിതത്തിലുണ്ടെന്നാണ് ചിത്രം പറഞ്ഞുവെക്കുന്നത്. ഉടനീളമുള്ള നര്മമുഹൂര്ത്തങ്ങളും വലിയ പിരിമുറുക്കങ്ങളും നിറഞ്ഞ, ഒടുവില്‍ മനസ് നിറയ്ക്കുന്ന ഫീല്‍ ഗുഡ് റൊമാന്റിക് കോമഡി ചിത്രമാണ് അതിഭീകര കാമുകന് എന്ന് നിസംശയം പറയാം.
പ്ലസ് ടു കഴിഞ്ഞ് തുടര്‍പഠനത്തിന് പോകാതെ നാട്ടില്‍ ക്രിക്കറ്റ് കളിയും മറ്റുമായി നടക്കുന്ന അര്ജുന് എന്ന കേന്ദ്രകഥാപാത്രത്തിന്റെ വേഷം ലുക്മാന്റെ കൈയില്‍ ഭദ്രമായിരുന്നു. അര്‍ജുന്റെ അമ്മയായി മനോഹരി ജോയിയാണെത്തുന്നത്. അപ്രതീക്ഷിതമായി ഡിഗ്രി പഠനത്തിന് കോളേജില്‍ പോകേണ്ടിവരുന്നതോടെ അര്‍ജുന്റെ ജീവിതം മാറിമറിയുകയാണ്. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. ഒട്ടും മടുപ്പിക്കാതെ കെട്ടുറപ്പോടെയാണ് നവാഗത സംവിധായകരായ സി.സി. നിഥിനും ഗൗതം താനിയേലും ചിത്രം ഒരുക്കിയിരിക്കുന്നത്.
ഹാപ്പി വെഡ്ഡിങ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ പരിചിതയായ ദൃശ്യ രഘുനാഥാണ് നായിക. അശ്വിന് വിജയന്, കാര്‍ത്തിക് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരമായ ഉണ്ണിക്കണ്ണന്റെ അപ്രതീക്ഷിതമായ അതിഥിവേഷം സര്‍പ്രൈസായിരുന്നു. കൂടാതെ മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്തൊരു 'കഥാപാത്ര'ത്തിന് വോയ്സ് ഓവര്‍ നല്‍കികൊണ്ട് ഒരു യുവതാരവും ചിത്രത്തില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
അഭിനേതാക്കളെല്ലാം മികച്ച പ്രകടനങ്ങളാണ് കാഴ്ച വെച്ചതെങ്കിലും അമ്മവേഷത്തിലെത്തിയ മനോഹരി ജോയിയാണ് ഒരുപടി മുന്നിലെന്ന് തോന്നി. മകനെ ഏറെ ഇഷ്ടപ്പെടുന്ന, ലോകപരിചയമില്ലാത്ത, തനി നാട്ടുമ്പുറത്തുകാരിയായ ഒരമ്മ. വൈകാരികമായ രംഗങ്ങളിലെ മനഹോരി ജോയിയുടെ പ്രകടനം പ്രേക്ഷകരുടെ കണ്ണുനിറയ്ക്കുന്നതാണ്.
ഗാനങ്ങളാല്‍ സമ്പന്നമാണ് അതിഭീകര കാമുകന്. ബിബിന്‍ അശോക് ഒരുക്കിയ പാട്ടുകളെല്ലാം സാഹചര്യത്തോട് ഇഴചേര്ന്നുപോകുന്നതും മനസില്‍ തങ്ങുന്നതുമാണ്. പശ്ചാത്തലസംഗീതവും മികച്ചതായിരുന്നു.
പ്രണയിക്കുന്നവര്‍, പ്രണയിക്കാനൊരുങ്ങുന്നവര്, പ്രണയനഷ്ടമുണ്ടായവര് തുടങ്ങിയവര്‍ക്കെല്ലാം മനസ് നിറഞ്ഞ് കാണാന്‍ കഴിയുന്ന കൊച്ചുചിത്രമാണ് അതിഭീകര കാമുകന്. നൂറുപേര് അടിക്കാന്‍ വന്നാലും നേരിടുമെങ്കിലും ഇഷ്ടം തോന്നിയ പെണ്‍കുട്ടിയോട് സംസാരിക്കുമ്പോള്‍ മുട്ടിടിക്കുന്ന സാധാരണ കാമുകനാണ് നായകനെങ്കിലും ഇതൊരു 'അതിഭീകര ചിത്രം' തന്നെയാണെന്ന് നിസംശയം പറയാം.
Published: 14 Nov 2025, 02:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented