ആഷിക്ക് അബുവിന്റെ സംവിധാനം, അനുരാഗ് കശ്യപിന്റെ മോളിവുഡിലെ അരങ്ങേറ്റം, റെട്രോ സ്‌റ്റൈല്‍ സിനിമ... പ്രേക്ഷകരുടെ കാത്തിരിപ്പിനോട് പൂര്‍ണമായും നീതിപുലര്‍ത്തിയ ചിത്രമാണ് റൈഫിള്‍ ക്ലബ്ബ്. മാസും ക്ലാസും ചേര്‍ന്നൊരുക്കിയ പടം പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നുറപ്പ്. ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിക്ക് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. സിനിമയുടെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിച്ചത്. 

To advertise here,

90-കളില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഒരു റൈഫിള്‍ ക്ലബ്ബിനെ ചുറ്റിപ്പറ്റിയുള്ളതാണ് പ്രമേയം. വയനാട്ടിലെ ഒരു റൈഫിള്‍ ക്ലബ്ബിലേക്ക് സിനിമാനടനായ ഷാജഹാന്‍ എത്തുന്നു. അഭിനയത്തിന്റെ ഭാഗമായി വേട്ടയാടുന്ന രീതിയും ശൈലിയുമൊക്കെ പഠിക്കാനാണ് വരവ്. എന്നാല്‍, അവര്‍ ക്ലബ്ബിലെത്തുന്ന അതേദിവസം തന്നെ അവിടെ ഷാജഹാന്റെ ബന്ധുവായ യുവാവും കൂട്ടുകാരിയായ യുവതിയുമെത്തുന്നു. അവര്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചാണ് അവിടെയെത്തുന്നത്. അതിന്റെ ഭാഗമായി ആ റൈഫിള്‍ ക്ലബ്ബ് ആക്രമിക്കപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങള്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുമെന്നുറപ്പ്.

ആദ്യ പകുതിയില്‍ പ്രേക്ഷകരെ കഥാപശ്ചാത്തലം പരിചയപ്പെടുത്തുകയാണെങ്കില്‍ രണ്ടാം പകുതിയില്‍ അടിമുടി ത്രില്ലിങ്ങാണ്. വെടിവെപ്പും ചോര കലർന്ന പോരാട്ടങ്ങളുമൊക്കെയായി സിനിമയുടെ മൂഡ് മറ്റൊന്നാകുന്നു. പിന്നീടങ്ങോട്ടുള്ള കഥയുടെ സഞ്ചാരം അക്ഷരാര്‍ഥത്തില്‍ നെഞ്ചിടിപ്പേറ്റുന്നതുകൂടിയാണ്. മാസ് സീനുകളും ഡയലോഗുകളും കൊണ്ട് സംവിധായകന്‍ പ്രേക്ഷകര്‍ക്ക് വിരുന്നൊരുക്കിയിരിക്കുന്നുവെന്ന് പറയാം. പ്രതികാരത്തിനായി വില്ലനും സംഘവും റൈഫിള്‍ ക്ലബ്ബിലെത്തുമ്പോള്‍ പിന്നെ കഥയുടെ പോക്ക് വെറെ ലെവലാണ്.

പവര്‍ പാക്ക്ഡ് കഥാപാത്രങ്ങളാണ് സിനിമയുടെ മറ്റൊരു ഹൈലറ്റ്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും മികച്ചുനില്‍ക്കുന്നുണ്ട്. റൈഫിള്‍ ക്ലബ്ബിന്റെ സെക്രട്ടറിയായ അവറാനായി ദിലീഷ് പോത്തന്‍ ഗംഭീരമാക്കി. സിനിമയിലുടനീളം ദിലീഷ് പോത്തന്‍ നിറഞ്ഞുനില്‍ക്കുന്നു. വാണിവിശ്വനാഥ്. വിജയരാഘവന്‍, സുരേഷ് കൃഷ്ണ എന്നിവരെല്ലാം തങ്ങളുടെ റോളുകള്‍ മികവുറ്റതാക്കി. സുരഭി ലക്ഷ്മി, വിഷ്ണു ആഗസ്ത്യ, വിനീത് കുമാർ, ഉണ്ണിമായ, ദര്‍ശന രാജേന്ദ്രന്‍ എന്നിവരുടെ പ്രകടനങ്ങളും പ്രശംനീയമാണ്.

അതേസമയം മലയാളത്തിലേക്കുള്ള അരങ്ങേറ്റം അനുരാഗ് കശ്യപ് അതിഗംഭീരമാക്കി. ദയാനന്ദ് ബാരെ എന്ന കഥാപാത്രത്തെയാണ് അനുരാഗ് അവതരിപ്പിച്ചത്. ചിത്രത്തിലുടനീളം പ്രശംസനീയമായിരുന്നു ബോളിവുഡ് സംവിധായകന്റെ പ്രകടനം. വില്ലന്‍ റോളില്‍ ആക്ഷന്‍ കൊണ്ടും ഡയലോഗുകള്‍ കൊണ്ടും കയ്യടി അര്‍ഹിക്കുന്ന അഭിനയമൂഹൂര്‍ത്തങ്ങളുണ്ടായിരുന്നു. മലയാളി റാപ്പര്‍ ഹനുമാന്‍കൈന്‍ഡും ചിത്രത്തില്‍ വേറിട്ടുനിന്നു. 

ദിലീഷ് നായര്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നൊരുക്കിയ തിരക്കഥയും മികച്ചതാണ്. 'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായര്‍ ടീം ഒന്നിച്ച ചിത്രം കൂടിയാണിത്. 'മഞ്ഞുമ്മല്‍ ബോയ്സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. റെക്‌സ് വിജയന്‍റെ സം​ഗീതവും മികച്ചുനിൽക്കുന്നു. കഥയുടെ സഞ്ചാരത്തിനൊപ്പം പ്രേക്ഷകനെ കൊണ്ടുപോകുന്നതിൽ ബാക്ക​ഗ്രൗണ്ട്മ്യൂസിക് വലിയ പങ്കുവഹിച്ചിട്ടുണ്ട്. രണ്ട് മണിക്കൂർ അടിമുടി ത്രില്ലിങ് പാക്കേജാണ് ആഷിക്ക് അബു സമ്മാനിക്കുന്നത്.