കാല്‍പ്പന്തിന്റെ താളവേഗത്തിനൊപ്പം ജീവിച്ച വി.പി.സത്യനില്‍ നിന്ന് മുഴുക്കുടിയനായ മുരളിയിലേക്കുള്ള ജയസൂര്യയുടെ അത്ഭുതകരമായ പരകായപ്രവേശമാണ് വെള്ളം. ജയസൂര്യയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടികൊടുത്ത ക്യാപ്റ്റനുശേഷം പ്രജേഷ് സെന്‍- ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്ന 'വെള്ള'വും യഥാര്‍ഥ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ച സിനിമയാണ്. എന്നാല്‍ ആദ്യത്തേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ജീവിത പശ്ചാത്തലത്തില്‍ നിന്നാണ് ചിത്രം പ്രേക്ഷകനോട്  സംസാരിക്കുന്നത്. സിനിമയുടെ ടൈറ്റിലില്‍ തന്നെ കഥാപാത്രത്തിന്റെ രൂപം വരച്ചുകാട്ടാന്‍ സംവിധായകനായി. വടക്കന്‍ കേരളത്തില്‍ അമിത മദ്യപാനികളെ വിളിക്കുന്ന ചുരുക്കപ്പേരാണ് 'വെള്ളം' എന്നത്. 

സിനിമയിലെ നായക കഥാപാത്രമായ മുരളിയെ തന്നെയാണ് ഈ ടൈറ്റിലിലൂടെ സംവിധായകന്‍ പ്രേക്ഷകന് കാണിച്ചുതരുന്നത്. നാട്ടിന്‍പുറങ്ങളില്‍ കാണുന്ന സാധാരണക്കാരനായ, ലഹരിയില്‍ പല മാനറിസങ്ങള്‍ കാണിക്കുന്ന മദ്യപാനിയാണ് കേന്ദ്രകഥാപാത്രമായ മുരളി. ജയസൂര്യയുടെ കരിയറിലെ ആദ്യ മുഴുക്കുടിയനായ കഥാപാത്രമെന്ന് പറയാം. മലയാള സിനിമയില്‍ പലതരം മദ്യപാനികളെ നാം കണ്ടിട്ടുണ്ട്. 'അയാള്‍ കഥയെഴുതുകയാണി'ലെ മോഹന്‍ലാലിന്റെ സാഗര്‍ കോട്ടപ്പുറവും പാവാടയിലെ പൃഥ്വിരാജ് കഥാപാത്രം പാമ്പ് ജോയിയും സ്പിരിറ്റിലെ രഘുനന്ദനുമെല്ലാം അതില്‍ പ്രധാനികളാണ്. അതില്‍ നിന്നെല്ലാം വെള്ളത്തിലെ മുരളിയെ വേറിട്ട നിര്‍ത്തുന്നത് ജയസൂര്യയുടെ അഭിനയത്തിന്റെ അകക്കാമ്പ് തന്നെയാണ്. കഥാപാത്രം നേരിടുന്ന ഒറ്റപ്പെടലുകളും ജീവിത പ്രതിസന്ധികളെയുമെല്ലാം സ്‌ക്രീനിലേക്ക് മനോഹരമായി ജയസൂര്യ പകര്‍ത്തിവെക്കുന്നു.

നാട്ടിന്‍പുറത്തുകാരനായ മദ്യപാനിയാകാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍ തനി നാട്ടിന്‍പുറത്തുകാരന്റെ എല്ലാ അഴകളവുകളും ജയസൂര്യ തന്നിലേക്ക് ആവാഹിച്ചു. സിനിമ തുടങ്ങി മുന്നോട്ട് പോകുമ്പോള്‍ വരുന്ന ചില സീനുകള്‍ ജയസൂര്യക്ക് മാത്രം ചെയ്യാനാവുന്നതാണ്. രണ്ടാം പകുതിയിലെ തറയില്‍ കിടന്ന് സ്പരിറ്റ് നക്കുന്ന സീന്‍ മറ്റ് ചില നടന്മാരാണെങ്കില്‍ നോ പറയുന്ന ഒന്നായിരുന്നു. എന്നാല്‍ കഥാപാത്രത്തിനായി ഏതറ്റംവരെയും സഞ്ചരിക്കാന്‍ താന്‍ ഒരുക്കമാണെന്ന് ഒരിക്കല്‍ കൂടി വെള്ളത്തിലൂടെ ജയസൂര്യ തെളിയിക്കുന്നു. താന്‍ ഇതുവരെ അഭിനയിച്ചവയോട് ഒന്നിനോട് പോലും സാമ്യം തോന്നിക്കാത്ത കഥാപാത്രത്തിനായി കൃത്യമായ പഠനങ്ങള്‍ നടത്താന്‍ നടന്‍ തയ്യാറായിട്ടുണ്ട്. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക വേഷമായ സുനിതയെ അവതരിപ്പിച്ചിരിക്കുന്നത്. തീവണ്ടിക്ക് ശേഷമുള്ള സംയുക്തയുടെ ഏറ്റവും മികച്ച കഥാപാത്രമാണ് സുനിത. മുരളിയുടെ ഭാര്യയായ കഥാപാത്രത്തെ തന്റെ പ്രകടനമികവുകൊണ്ട് അടയാളപ്പെടുത്തുന്നുണ്ട് സംയുക്ത. സിദ്ദിഖ്, ബാബു അന്നൂര്‍, ശ്രീലക്ഷ്മി, സ്നേഹ പലിയേരി, ബൈജു സന്തോഷ്, നിര്‍മല്‍ പാലാഴി, ഇന്ദ്രന്‍സ്, ഉണ്ണിരാജ് എന്നിവരുടെ പ്രകടനവും ചിത്രത്തില്‍ എടുത്തുപറയേണ്ടതാണ്.
  
റിയല്‍ ലൈഫ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലെ മികവ് മുമ്പ് പല തവണ ജയസൂര്യ തെളിയിച്ചിട്ടുണ്ട്. പോയവര്‍ഷങ്ങളില്‍ വന്ന ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നിവയെല്ലാം അതിനുദാഹരണങ്ങളായിരുന്നു. അതിന്റെ വിജയകരമായ തുടര്‍ച്ചയാണ് മുരളിയില്‍ ജയസൂര്യ കണ്ടെത്തുന്നത്. എന്തുകൊണ്ട് താന്‍ സംവിധായകന്റെ നടനാകുന്നു എന്ന് ഒരിക്കല്‍ കൂടി താരം തെളിയിക്കുന്നു. രാമസേതു, സത്യന്‍, കത്തനാര്‍ തുടങ്ങി റിയല്‍ ലൈഫ് കഥാപാത്രങ്ങളായി ജയസൂര്യ എത്തുന്ന സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


  
കൊവിഡ് പ്രതിസന്ധി മൂലം സിനിമ രംഗം നിശ്ചലമായപ്പോള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ആദ്യ മലയാള സിനിമ ജയസൂര്യയുടെ സൂഫിയും സുജാതയുമായിരുന്നു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം  തിയേറ്ററുകളില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തുറന്നപ്പോഴും മലയാളത്തില്‍ നിന്ന് തന്റെ സിനിമ തന്നെ ആദ്യമായി പ്രദര്‍ശനത്തിനെത്തിക്കാനും ജയസൂര്യക്ക് കഴിഞ്ഞു. പ്രതിസന്ധിഘട്ടത്തില്‍ മലയാള സിനിമയ്ക്ക് കരുത്ത് നല്‍കാന്‍ ജയസൂര്യ നടത്തിയ ഇടപെടലുകള്‍ പ്രശംസ അര്‍ഹിക്കുന്നത് തന്നെയാണ്. 
 
കുടുംബപ്രേക്ഷകരടക്കം എല്ലാത്തരം പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമായാണ് സംവിധായകനായ പ്രജേഷ് സെന്‍ വെള്ളത്തെ ഒരുക്കിയെടുത്തിരിക്കുന്നത്. രണ്ടാം സിനിമയിലേക്കെത്തുമ്പോള്‍ വിശ്വസിക്കാവുന്ന ബ്രാന്‍ഡായി പ്രജേഷ് സെന്നും വളരുകയാണ്. ബിജിപാലാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. റോബി വര്‍ഗീസ് രാജിന്റെ ക്യാമറ വടക്കന്‍ കേരളത്തിന്റെ സൗന്ദര്യം ഭംഗിയായി തന്നെ ഒപ്പിയെടുത്തിട്ടുണ്ട്. ഫ്രണ്ട്ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ് കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത് മനമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 318 ദിവസങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ആദ്യമലയാള സിനിമ കാണാന്‍ പ്രേക്ഷകന് ധൈര്യമായി ടിക്കറ്റെടുക്കാം. വെള്ളം കണ്ടിറങ്ങുന്ന ഒരോ പ്രേക്ഷകനും അതൊരു തിരിച്ചറിവ് സമ്മാനിക്കുമെന്നുറപ്പ്.

Content highlights : malayalam movie vellam review starring jayasurya