നിവിന്‍ പോളി ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുന്ന ഒരു സ്വീകാര്യതയുണ്ട്. അത് കോമഡി ചിത്രമാണെങ്കില്‍ പ്രത്യേകിച്ചും. ആ പ്രതീക്ഷകള്‍ തെറ്റിയിട്ടില്ലെന്ന് തെളിയിച്ചാണ് കനകം കാമിനി കലഹം എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനെന്ന ആദ്യ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കിയ രണ്ടാമത്തെ ചിത്രം. ഡിസ്‌നി ഹോട്സ്റ്റാര്‍ പ്ലസിലൂടെ പ്രദര്‍ശനത്തിനെത്തിയ കനകം കാമിനി കലഹം ഒരു കോമഡി എന്റര്‍ടെയ്‌നറാണ്. അണിയറപ്രവര്‍ത്തകരുടെ പേരുകള്‍ സിനിമയുടെ തുടക്കത്തില്‍ തന്നെ നാടകത്തിലെ അനൗണ്‍സ്‌മെന്റിലേതെന്ന പോലെ വിളിച്ചു പറയുന്നതില്‍ നിന്ന് തുടങ്ങുന്ന ആ കൗതുകം അവസാനം വരെ നിലനിര്‍ത്തുന്നുണ്ട് ചിത്രത്തില്‍.

സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് പവിത്രന്‍. ഭാര്യ മുന്‍ സീരിയല്‍ നടി ഹരിപ്രിയയും. നിവിന്‍ പോളിയും ഗ്രേസ് ആന്റണിയുമാണ് പവിത്രനും ഹരിപ്രിയയുമായെത്തുന്നത്.  ജൂനിയര്‍ ആര്‍ടിസ്റ്റ് എന്ന അപകര്‍ഷതാ ബോധവും ഭാര്യ നാലാള്‍ തിരിച്ചറിയുന്ന സെലിബ്രിറ്റി ആണെന്നുള്ളതും പവിത്രന്റെ ജീവിത പ്രശ്‌നങ്ങളില്‍ ഒന്നാണ്. തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയാണ് ഇരുവരുടെയും ദാമ്പത്യം. തന്റെ കുടുംബജീവിതം സംരക്ഷിക്കാനും താന്‍ ചെയ്ത വലിയൊരു കള്ളത്തരം പിടിക്കപ്പെടാതിരിക്കാനും ഹരിപ്രിയയ്‌ക്കൊപ്പം ഒരു മൂന്നാര്‍ യാത്രയ്ക്ക് തയ്യാറാവുന്നു.

മൂന്നാറിലെ ഹില്‍ടോപ് എന്ന ഹോട്ടലില്‍ അവര്‍ റൂമെടുക്കുന്നു. ഏറെ നിഗൂഢതകള്‍ നിറഞ്ഞ ആ ഹോട്ടലില്‍ വച്ചുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കാതല്‍.

ഹില്‍ ടോപ് മാനേജര്‍ ജോബി, റിസപ്ഷനിസ്റ്റ് ശാലിനി, മനാഫ് ഖാന്‍ ഉള്‍പ്പടെയുള്ള അവിടുത്തെ തൊഴിലാളികള്‍, മറ്റ് താമസക്കാര്‍... ദുരൂഹത നിറഞ്ഞ ഈ കഥാപാത്രങ്ങളും കൂടി ചേര്‍ന്നാലേ കനകവും കാമിനിയും മൂലമുണ്ടായ കലഹത്തിന്റെ കഥ പൂര്‍ണമാവൂ..

പവിത്രനെന്ന പരാജയപ്പെട്ട ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, ഭാര്യയെ സ്‌നേഹിക്കുന്ന, ഭാര്യയുടെ പ്രശസ്തിയില്‍ തരക്കേടില്ലാത്ത അപകര്‍ഷതാബോധം വച്ചു പുലര്‍ത്തുന്ന തന്റെ കരിയറില്‍ വലിയ വലിയ സ്വപ്നങ്ങള്‍ കാണുന്ന ഭര്‍ത്താവ് കഥാപാത്രം നിവിന്റെ കയ്യില്‍ ഭദ്രമായിരുന്നു. അധികം സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും ചെയ്ത കഥാപാത്രങ്ങളിലൂടെ ഓര്‍മിക്കപ്പെടുന്ന നടിയാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്‌സിലെ സിമി ഉദാഹരണം. സിമിയ്‌ക്കൊപ്പം ഇനി പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാവും ഹരിപ്രിയയും.

സുധീഷ്, വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, ടെലിവിഷന്‍ ഷോകളിലൂടെ പരിചിതനായ സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, ശിവദാസന്‍ കണ്ണൂര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തിന്റെ മുക്കാല്‍ ഭാഗവും ഒരു ഹോട്ടലിനകത്തെ കാഴ്ചകളാണ്. ഏറെ ദുരൂഹത നിറഞ്ഞ ഹോട്ടല്‍ ഹില്‍ ടോപിനെ മനോഹരമായി പകര്‍ത്തിയിരിക്കുന്നത് വിനോദ് ഇല്ലംപിള്ളിയുടെ ക്യാമറയാണ്. യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവരുടെ സംഗീതവും ചിത്രത്തിന്റെ ഫീല്‍ നിലനിര്‍ത്തുന്നതാണ്.

ഡിസ്‌നി ഹോട്സ്റ്റാര്‍ പ്ലസ് പ്രദര്‍ശനത്തിനെത്തിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് കനകം കാമിനി കലഹം. ഇതിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിക്കാനാണ് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ ലക്ഷ്യമിടുന്നത്. ട്രെയ്‌ലറും ടീസറുമെല്ലാം സൂചിപ്പിച്ച പോലെ തന്നെ കുടുംബത്തോടൊപ്പം കണ്ട് ആസ്വദിക്കാന്‍ കഴിയുന്ന മുഴുനീള എന്റര്‍ടൈനറാണ് ഈ ചിത്രം.

Content Highlights: Kanakam Kaamini Kalaham Review, Nivin Pauly, Grace Antony, Ratheesh Poduval, disney+ hotstar, Malayalam Reviews