മിഷൻ ഇംപോസിബിൾ എന്ന ഒറ്റച്ചിത്രം കൊണ്ട് അമേരിക്കൻ നടൻ ടോം ക്രൂസ് സമ്പാദിച്ച ആരാധകരെത്രയെന്ന് പറഞ്ഞുഫലിപ്പിക്കാനാവില്ല. സംഘട്ടനരം​ഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്യുന്ന ടോംക്രൂസിന്റെ ബിഹൈൻഡ് ദ സീൻ വീഡിയോകളും ഏറെ ചർച്ചയാവാറുണ്ട്. ചെറുപ്പക്കാരിയായ ഒരു ആരാധിക ടോം ക്രൂസിനോട് തന്റെ ഇഷ്ടം തുറന്നുപറയുന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

To advertise here,

ഏതാനും ദിവസങ്ങൾക്കുമുമ്പ് മിഷൻ ഇംപോസിബിൾ സിനിമാ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ ഡെഡ് റെക്കണിങ് പാർട്ട് വണ്ണിന്റെ പ്രീമിയർ സംഘടിപ്പിച്ചിരുന്നു. ടോം ക്രൂസും പ്രീമിയറിനെത്തിയിരുന്നു. ഈ ചടങ്ങിന്റെ ഇടവേളയിലാണ് ഒരു ആരാധിക സൂപ്പർ താരത്തോട് തനിക്കുള്ള പ്രണയം തുറന്നു പറഞ്ഞത്. 30 വർഷങ്ങൾക്ക് മുമ്പ് തന്റെ അമ്മയ്ക്കായിരുന്നു ടോം ക്രൂസിനോട് പ്രണയമെന്നും ഇപ്പോൾ തനിക്കും അങ്ങനെ തന്നെയാണെന്നുമായിരുന്നു യുവതി പറഞ്ഞത്. നിങ്ങളുടെ പിതാവിന് അതൊരു പ്രശ്നമല്ലെന്ന് കരുതുന്നു എന്നാണ് താരം ഇതിനോട് പ്രതികരിച്ചത്.

​ഗ്രേസ് ടിആർഎക്സ് എന്ന അക്കൗണ്ടിലാണ് ഈ സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച നടന്ന മിഷൻ ഇംപോസിബിൾ 7 പ്രീമിയറിൽ ടോം ക്രൂസിനൊപ്പമുള്ള ഏറ്റവും മനോഹരമായ നിമിഷം ആസ്വദിച്ചുവെന്നാണ് അവർ വീഡിയോക്കൊപ്പം കുറിച്ചത്. ഹൈസ്കൂൾ മുതൽ ടോം ക്രൂസെന്ന നടനേയും അദ്ദേഹത്തിന്റെ സിനിമകളേയും താൻ സ്നേഹിച്ചിരുന്നുവെന്നും അവർ കുറിച്ചു. രണ്ടാഴ്ചകൊണ്ട് 208 മില്ല്യൺ വ്യൂവും 4.7 ലക്ഷം ലൈക്കുകളുമാണ് ​ഗ്രേസിന്റെ വീഡിയോക്ക് ലഭിച്ചത്.

ക്രിസ്റ്റഫർ മക്‌വറിയാണ് മിഷൻ ഇംപോസിബിൾ 7 സംവിധാനം ചെയ്യുന്നത്. വിങ് റാമേസ്, സെെമൺ പെ​ഗ്, റബേക്ക ഫെർ​ഗ്യൂസൺ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നു. സെെഡാൻസ് മീഡിയ, ടി.സി പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ ടോം ക്രൂസ്, ക്രിസ്റ്റഫർ മക്‌വറി, ഡേവിഡ് എലിസൺ, ജേക്ക് മേയേഴ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.