നടിയെ അക്രമിച്ച സംഭവത്തില്‍ ദിലീപിനെ  കുറ്റവിമുക്തനാക്കിയ കോടതി വിധിക്കുപിന്നാലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൻ ഇൻ സിനിമാ കളക്ടീവ് (WCC). ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ‘ഇന്നും എപ്പോഴും അവൾക്കൊപ്പം’ എന്ന കുറിപ്പാണ് WCC പങ്കുവെച്ചത്.

To advertise here,

അന്തിമവിധി വരാനിരിക്കെ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിമൺ ഇൻ സിനിമാ കളക്ടീവ് (WWC) ഞായറാഴ്ചയും കുറിപ്പ് പങ്കുവെച്ചിരുന്നു. ഈ കാലയളവിലുടനീളം നിയമ സംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അതിജീവിത കാണിച്ച ധൈര്യത്തിനും പ്രതിരോധ ശേഷിക്കും സമാനതകൾ ഇല്ലെന്നായിരുന്നു സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിൽ WCC പ്രതികരിച്ചത്.

2017-ല്‍ സംഭവത്തിനുപിന്നാലെ അതിജീവിതയ്ക്ക് പിന്തുണയേകി നടി റിമ ഉയര്‍ത്തിയ 'അവള്‍ക്കൊപ്പം' എന്ന ബാനര്‍ തിങ്കളാഴ്ച രാവിലെ വിധി വന്നയുടൻ നിരവധി താരങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

റിമ കല്ലിങ്കല്‍ ചിത്രം പങ്കുവെച്ചതിനുപിന്നാലെ നടി രമ്യ നമ്പീശനും ഇന്‍സ്റ്റഗ്രാമില്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. അവള്‍ക്കൊപ്പം എന്ന ചിത്രം തന്നെയാണ് രമ്യയും പങ്കുവെച്ചത്. കേസിന്റെ വിധി പറയുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ്, ഇരുവരും കേസിന്റെ നാള്‍വഴികളെ ഓര്‍ത്തുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചിരുന്നു. നടി പാര്‍വതി തിരുവോത്തും ഇന്‍സ്റ്റഗ്രാമില്‍ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചു. മികച്ച രീതിയില്‍ എഴുതിയ ഒരു തിരക്കഥ ക്രൂരമായ രീതിയില്‍ ചുരുളഴിയുന്നതാണ് ദൃശ്യമായതെന്നാണ് പാര്‍വതി തിരുവോത്ത് കുറിച്ചത്.

https://www.facebook.com/photo?fbid=1306498741516929&set=a.631666892333454

നടിയെ അക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ എട്ടു വര്‍ഷത്തിനുശേഷമാണ് വിധിവരുന്നത്. കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ദിലീപിനെ കേസില്‍ പ്രതി ചേര്‍ത്തത്. 2018 മാര്‍ച്ച് എട്ടിന് വിചാരണ ആരംഭിച്ച കേസില്‍ അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ നിയമിച്ച് രഹസ്യവിചാരണയാണ് നടന്നത്.

കേസിൽ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. നടൻ ദിലീപ് എട്ടാം പ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്. ദിലീപിനെതിരായുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് കോടതി അദ്ദേഹത്തെ വെറുതെവിട്ടത്‌.