തുടക്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറുന്ന വിസ്മയ മോഹൻലാലിന് ആശംസകളർപ്പിച്ച് സംവിധായകൻ പ്രിയദർശൻ. കല്യാണിയേയും വിസ്മയയേും താൻ കൈകളിൽ ഒരുമിച്ച് എടുത്തുനടന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇവർ സിനിമയിലെത്തുമെന്ന് ഒരിക്കലും കരുതിയില്ലെന്നും പ്രിയദർശൻ സോഷ്യൽ മീഡിയാ പോസ്റ്റിൽ പറഞ്ഞു. ജൂഡ് ആന്തണി ജോസഫാണ് തുടക്കം സംവിധാനം ചെയ്യുന്നത്.

To advertise here,

'ഈ രണ്ടു കുട്ടികളെയും ഞാൻ എന്റെ കൈകളിൽ എടുത്തുകൊണ്ട് നടന്നതാണ്. ഞങ്ങൾ അങ്ങനെയൊരു കുടുംബം ആയിരുന്നു. ഇന്ന് മോഹൻലാൽ പറഞ്ഞതുപോലെ ഞങ്ങൾ ഒരിക്കലും കരുതിയില്ല ഇവർ സിനിമയിലേക്ക് എത്തുമെന്ന്. കല്യാണിക്ക് ലോക ലഭിച്ചതുപോലെ മായയ്ക്കും തുടക്കം ഒരു സുന്ദര തുടക്കം തന്നെയാകട്ടെ. ദൈവം രക്ഷിക്കട്ടെ മായ…', പ്രിയദർശന്റെ വാക്കുകൾ.

കഴിഞ്ഞദിവസം കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാലിന്റെ മകനും വിസ്മയയുടെ സഹോദരനുമായ പ്രണവ് മോഹന്‍ലാല്‍ ക്ലാപ്പടിച്ചുകൊണ്ടാണ് സിനിമയ്ക്ക് തുടക്കം കുറിച്ചത്. സുചിത്ര മോഹന്‍ലാല്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. മകള്‍ സിനിമയില്‍ എത്തുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു.

'തുടക്കം' നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. ആന്റണിയുടെ മകന്‍ ആശിഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജെയ്ക്സ് ബിജോയ് ആണ് സംഗീതം. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.