വിന്‍സി അലോഷ്യസിനെ പ്രധാന കഥാപാത്രമാക്കി ജിതിന്‍ ഐസക്ക് തോമസ് സംവിധാനം ചെയ്ത 'രേഖ' റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 10-ന് ചിത്രം പ്രദര്‍ശനത്തിനെത്തും. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 

To advertise here,

ഏത് തരം വേഷവും തനിക്ക് ഇണങ്ങുമെന്ന് വിന്‍സി അലോഷ്യസ് തെളിയിക്കുകയാണെന്ന് ട്രെയിലര്‍ പുറത്ത് വന്നതിന് പിന്നാലെ ആളുകള്‍ അഭിപ്രായപ്പെട്ടിരുന്നു. 'ന്യൂജെന്‍ ഉര്‍വ്വശ്ശി' എന്നാണ് ഒരു ആരാധകന്‍ താരത്തെക്കുറിച്ച് കമന്റ് ചെയ്തിരിക്കുന്നത്. ഒരേ സമയം ഹ്യൂമറും റൊമാന്‍സും സസ്‌പെന്‍സും നിറഞ്ഞ കഥാപാത്രത്തെയാണ് രേഖയില്‍ താരം അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 

റിയാലിറ്റി ഷോയിലൂടെയാണ് വിന്‍സി അഭിനയ രംഗത്ത് എത്തിയത്. തുടര്‍ന്ന് സിനിമയില്‍ സജീവമായി. വികൃതി, ഭീമന്റെ വഴി, കനകം കാമിനി കലഹം, സോളമന്റെ തേനീച്ചകള്‍, വൈറ്റ് ആള്‍ട്ടോ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. 'രേഖ'യിലെ താരത്തിന്റെ പുതുമയാര്‍ന്ന പ്രകടനം കാണാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്സ് അവതരിപ്പിക്കുന്ന 'രേഖ'യില്‍ ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍ കെ.എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. കാര്‍ത്തികേയന്‍ സന്താനമാണ് രേഖയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. 

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ദി എസ്‌കേപ് മീഡിയം, മിലന്‍ വി. എസ്, നിഖില്‍ വി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. രജത് പ്രകാശാണ് മ്യൂസിക് പ്രൊഡക്ഷന്‍.

അമിസാറാ പ്രൊഡക്ഷന്‍സാണ് 'രേഖ' തിയേറ്ററുകളില്‍ എത്തിക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റല്‍ അവകാശം. എബ്രഹാം ജോസഫാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 

രോഹിത് വി. എസ്. വാര്യത്താണ് എഡിറ്റര്‍. കല്‍രാമന്‍, എസ്. സോമശേഖര്‍, കല്യാണ്‍ സുബ്രമണ്യന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. അസ്സോസിയേറ്റ് നിര്‍മ്മാതാക്കള്‍- തന്‍സിര്‍ സലാം, പവന്‍ നരേന്ദ്ര, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എം. അശോക് നാരായണന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- വിപിന്‍ ദാസ്, മേക്ക് ആപ്പ് - റോണി വെള്ളത്തൂവല്‍, ബി.ജി.എം.- അബി ടെറന്‍സ് ആന്റണി, ടീസര്‍ എഡിറ്റ്- അനന്ദു അജിത്, പി.ആര്‍ & മാര്‍ക്കറ്റിംഗ്- വൈശാഖ് സി വടക്കേവീട്, വി.എഫ്.എക്സ്- സ്റ്റുഡിയോ മാക്രി, സൗണ്ട് ഡിസൈന്‍- ആശിഷ് ഇല്ലിക്കല്‍.