വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ അന്തരിച്ച നടൻ തിലകനേയും സംവിധായകൻ സച്ചിയേയും അനുസ്മരിച്ച് പൃഥ്വിരാജ്. ചിത്രത്തിൽ ഷമ്മി തിലകൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പ്രായമായ ഗെറ്റപ്പ് കാണുമ്പോൾ തിലകനെ ഓർമവന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഷമ്മി തിലകന്റെ ശബ്ദവും സംഭാഷണങ്ങളുമെല്ലാം തിലകനെ വലിയ രീതിയിൽ ഓർമിപ്പിച്ചു. വിലായത്ത് ബുദ്ധ ഇറങ്ങുന്നത് 20 വർഷം മുമ്പായിരുന്നെങ്കിൽ ഭാസ്കരൻ മാഷ് എന്ന കഥാപാത്രം തിലകൻ തന്നെ ചെയ്തേനെ എന്നും പൃഥ്വിരാജ് പറഞ്ഞു. തൻ്റെ ജീവിതത്തിൽ ഇനി ഒരു സിനിമ പോലും സച്ചി തന്നെ വെച്ച് ചെയ്യില്ലെങ്കിൽ പോലും, താൻ ഇപ്പോഴും സച്ചി ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

To advertise here,

"ഷമ്മി ചേട്ടൻ്റെയും തിലകൻ സാറിൻ്റെയും അപ്പിയറൻസിൽ സ്വാഭാവികമായ സാദൃശ്യങ്ങൾ ഉണ്ട്. പ്രത്യേകിച്ച് ഷമ്മി ചേട്ടൻ കുറച്ചുകൂടി പ്രായമായപ്പോൾ, ഒരു യങ് തിലകനെ ഓർമ്മിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിനുണ്ട്. സിനിമയിൽ ഷമ്മി ചേട്ടൻ്റെ പ്രായമായ രൂപം എനിക്ക് തിലകൻ അങ്കിളിനെ ഒരുപാട് ഓർമ്മ വരുത്തി. തിലകൻ അങ്കിളിന്റെ കരിയറിൻ്റെ അവസാന ഘട്ടത്തിൽ ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ കുറച്ചധികം നാളുകൾ അദ്ദേഹത്തോടൊപ്പം ചിലവഴിച്ചിരുന്നു. അതിലെ തിലകൻ അങ്കിളിൻ്റെ ക്യാരക്ടർ അപ്പിയറൻസും വിലായത്ത് ബുദ്ധയിലെ ഷമ്മി ചേട്ടൻ്റെ ഓൾഡ് അപ്പിയറൻസും സമാനമായി തോന്നി.

ഷമ്മി ചേട്ടൻ്റെ ശബ്ദം, ചില സമയങ്ങളിൽ ഡയലോഗുകൾ ത്രോ ചെയ്യുന്ന രീതി എന്നിവയെല്ലാം തിലകനെ ഭയങ്കരമായി ഓർമ്മിപ്പിക്കുന്നതാണ്. ഈ കഥാപാത്രത്തിന് ഒരു "തിലകൻ വൈബ്" ഉണ്ട്. ഒരുപക്ഷേ വിലായത്ത് ബുദ്ധ 20-25 വർഷം മുൻപാണ് സംഭവിച്ചിരുന്നതെങ്കിൽ, ഭാസ്കരൻ മാഷ് ഉറപ്പായിട്ടും തിലകൻ അങ്കിൾ ആയിരുന്നേനെ എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.

സച്ചി സാറിനെ ഓർമവരാൻ ഷൂട്ടിങ് ഉണ്ടാവണമെന്നില്ല. സിനിമാ മേഖലയിൽ വലിയ സുഹൃദ്‌വലയം ഉള്ള ആളല്ല ഞാൻ. ഒരു സുഹൃത്ത് എന്ന് തോന്നിയ ചുരുക്കം ചില വ്യക്തികളിൽ ഒരാളായിരുന്നു സച്ചി. എല്ലാ വർഷവും അടുപ്പിച്ച് സിനിമ ചെയ്യുന്നവരായിരുന്നില്ല ഞങ്ങൾ. എന്നാൽ അദ്ദേഹത്തിന് ഒരു പ്രതിസന്ധി ഉണ്ടാവുകയാണെങ്കിൽ എന്നെ വിളിക്കുമെന്നറിയാം. എനിക്ക് തിരിച്ചും അങ്ങനെയായിരുന്നു. എന്റെ ജീവിതത്തിൽ ഇനി ഒരു സിനിമ പോലും സച്ചി എന്നെ വെച്ച് ചെയ്യില്ലെങ്കിൽ പോലും, ഇപ്പോഴും സച്ചി ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

സച്ചി ഈ സിനിമയെക്കുറിച്ച് ആദ്യമായി പറയുമ്പോൾ പുഷ്പ പാർട്ട് വൺ പോലും റിലീസ് ചെയ്തിരുന്നില്ല. എന്നാൽ, വിലായത്ത് ബുദ്ധയുടെ ഷൂട്ടിംഗ് തീരാറായപ്പോൾ, പുഷ്പ 1 ഉം പുഷ്പ 2 ഉം റിലീസ് ചെയ്യുകയും പുഷ്പ എന്ന കഥാപാത്രം ഇന്ത്യയിൽ ഒരു വലിയ തരംഗമായി മാറുകയും ചെയ്തു. അതുകൊണ്ട് തന്നെ, പുസ്തകത്തെക്കുറിച്ച് അറിവില്ലാത്തവർ ട്രെയിലറോ ടീസറോ കാണുമ്പോൾ "ഇത് പുഷ്പ പോലെയാണോ" എന്ന് ചിന്തിക്കും. അത് ഞങ്ങൾ അംഗീകരിക്കുന്നു. പൃഥ്വിരാജിന്റെ വാക്കുകൾ."