ചലച്ചിത്ര സം​ഗീതസംവിധായകൻ കെ.ജെ. ജോയുടെ വിയോ​ഗത്തിൽ അനുശോചിച്ച് സംവിധായകൻ വിജി തമ്പി. ഒരു നല്ല സുഹൃത്ത് കൂടി കാലയവനിക്ക് പിന്നിൽ മറഞ്ഞുവെന്നും മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത എത്രയോ ഗാനങ്ങൾ സമ്മാനിച്ച കെ. ജെ ജോയ് എന്ന പ്രതിഭ ഇനിയില്ലെന്നും സംവിധായകൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

To advertise here,

'ഒരു നല്ല സുഹൃത്ത് കൂടി കാലയവനിക്ക് പിന്നിൽ മറഞ്ഞു. എപ്പോൾ ചെന്നൈയിൽ ചെന്നാലും നിറചിരിയോടെ വരവേൽക്കുന്ന, സംഗീതം ഒരു ഭ്രാന്തായി കൊണ്ടുനടന്ന, മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത എത്രയോ ഗാനങ്ങൾ സമ്മാനിച്ച ആ പ്രതിഭ കെ. ജെ ജോയ് ഇനിയില്ല. ആ ഓർമ്മകൾക്ക് മുൻപിൽ അശ്രുപുഷ്പങ്ങൾ സമർപ്പിക്കുന്നു, ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു...', വിജിതമ്പി കുറിച്ചു.

ചെന്നൈയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു ജോയുടെ അന്ത്യം. പക്ഷാഘാതത്തേ തുടർന്ന് കിടപ്പിലായിരുന്നു. മലയാളികളെ ഹരം കൊള്ളിച്ച, ഒപ്പം ചുവടു വെപ്പിച്ച നിരവധി ഗാനങ്ങളുടെ ശില്‍പിയായിരുന്നു ജോയ്. മലയാള ചലച്ചിത്ര​ഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന വിശേഷണവും ജോയിക്കുണ്ട്. കീ ബോർഡ് ഉൾപ്പെടെയുള്ള ആധുനികസങ്കേതകങ്ങൾ എഴുപതുകളിൽ മലയാളസിനിമയിൽ എത്തിച്ചയാൾകൂടിയാണ് കെ.ജെ. ജോയ്.

പാശ്ചാത്യശൈലിയിൽ ജോയ് ഒരുക്കിയ മെലഡികൾ സം​ഗീതപ്രേമികൾ ഇന്നും നെഞ്ചേറ്റുന്നവയാണ്. അനുപല്ലവിയിലെ എൻസ്വരം പൂവിടും ​ഗാനമേ, ഇതാ ഒരു തീരത്തിലെ അക്കരെ ഇക്കരെ നിന്നാലെങ്ങനെ, മനുഷ്യമൃ​ഗത്തിലെ കസ്തൂരിമാൻ മിഴി, സർപ്പത്തിലെ സ്വർണമീനിന്റെ ചേലൊത്ത കണ്ണാളേ തുടങ്ങിയവ ഒരുതലമുറയെ ഒന്നടങ്കം ആവേശത്തിലാക്കിയ ​ഗാനങ്ങളായിരുന്നു. 1994-ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദാദ ആയിരുന്നു ഈണമിട്ട അവസാനചിത്രം.