വിജയരാഘവൻ പ്രധാനവേഷത്തിലെത്തുന്ന 'ഔസേപ്പിൻ്റെ ഒസ്യത്ത്' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആൻ്റണി നിർമിക്കുന്നു. 

To advertise here,

ഏലപ്പാറ - വാഗമൺ റൂട്ടിലൂടെ സഞ്ചരിച്ചെത്തുന്ന ഒരു കുന്നിൻ മുകളിലെ തേയിലത്തോട്ടങ്ങളുടേയും ഏലത്തോട്ടത്തിൻ്റേയും നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു വലിയ എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ കൂടിയാണ് ഈ ബംഗ്ലാവ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഔസേപ്പിൻ്റെ തറവാടായിട്ടാണിവിടം ചിത്രീകരിക്കുന്നതെന്ന് സംവിധായകനായ ശരത്ചന്ദ്രൻ പറഞ്ഞു. ക്രൈസ്തവ, ഹിന്ദു, മുസ്ലീം മതാചാര്യന്മാരായ ഫാദർ ജോമിൻ, അനീഷ് തിരുമേനി, നിസ്സാമുദ്ദീൻ ഉസ്താദ് എന്നിവരുടെ സർവ്വമത പ്രാർഥനയോടെയാണ് ലളിതമായ പൂജാ ചടങ്ങിന് തുടക്കമിട്ടത്. തുടർന്ന് നിർമാതാവ് എഡ്വേർഡ് ആൻ്റണി സ്വിച്ചോൺ കർമ്മവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുശിൽ തോമസ് ഫസ്റ്റ് ക്ലാപ്പും നൽകി ചിത്രീകരണത്തിനു തുടക്കമിട്ടു. നിർമാതാവ് എഡ്വേർഡ് ആൻ്റണി, വിജയരാഘവൻ, സംവിധായകൻ ശരത്ചന്ദ്രൻ, ജോജി മുണ്ടക്കയം, ഹേമന്ത് മേനോൻ, അഞ്ജലി കൃഷ്ണ, സുശീൽ തോമസ്, സ്ലീബാ വർഗീസ്, ഫസൽ ഹസൻ (തിരക്കഥാകൃത്ത് ), സിൻജോ ഒറ്റത്തൈക്കൽ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

ഇമോഷണൽ ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. അപ്പനും മക്കളും അടങ്ങുന്ന സമ്പന്നമായ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കിഴക്കൻ മലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടുമൊക്കെ മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിൻ്റെ ഉടമയായ ഔസേപ്പിൻ്റേയും മൂന്ന് ആൺമക്കളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്.

ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ, ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് എല്യാ, അഞ്ജലി കൃഷ്ണ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, സെറിൻ ഷിഹാബ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഫസൽ ഹസ്സൻ്റേതാണ് തിരക്കഥ.

സംഗീതം- സുമേഷ് പരമേശ്വർ, ഛായാഗ്രഹണം -അരവിന്ദ് കണ്ണാബിരൻ, എഡിറ്റിംഗ്- ബി.അജിത് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ - അർക്കൻ എസ്. കർമ്മ, മേക്കപ്പ് - നരസിംഹസ്വാമി, കോസ്റ്റ്യൂം ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - കെ.ജെ. വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് - സ്ലീബാ വർഗീസ്, സുശീൽ തോമസ്, ലൊക്കേഷൻ മാനേജർ -നിക്സൻ കുട്ടിക്കാനം, പ്രൊഡക്ഷൻ മാനേജർ- ശിവപ്രസാദ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ കൺട്രോളർ - സിൻ ജോ ഒറ്റത്തൈക്കൽ. കുട്ടിക്കാനം, ഏലപ്പാറ, പീരുമേട്ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ ശരത്ചന്ദ്രൻ ഏറെക്കാലമായി പരസ്യചിത്രവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. പി.ആർ.ഒ -വാഴൂർ ജോസ്, ഫോട്ടോ - ശ്രീജിത്ത് ചെട്ടിപ്പടി.