ഏഴുമാസംനീണ്ട അനിശ്ചിതത്വത്തിനുശേഷം വ്യാഴാഴ്ചയാണ് ‘ജനനായക’ന് ‘എ’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകിയത്.

ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് എച്ച്. വിനോദിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ജനനായകൻ. രണ്ടുദിവസങ്ങൾക്കുമുൻപാണ് ചിത്രത്തിന്റെ സെൻസർ കടമ്പകൾ കടന്നത്. A സർട്ടിഫിക്കറ്റാണ് ജനനായകന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഈ വിവരം ഉൾക്കൊള്ളുന്ന പുതിയ പോസ്റ്റർ റിലീസായിരിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രികൂടിയായ വിജയ് തന്നെയാണ് ഈ പോസ്റ്റർ ഔദ്യോഗിക സോഷ്യൽ മീഡിയാ പേജുകളിലൂടെ പുറത്തുവിട്ടത്.
കസേരയിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന ഒരുപറ്റം ആളുകൾക്ക് നടുവിൽ ചാട്ടയുമേന്തി നിൽക്കുന്ന വിജയ് ആണ് പോസ്റ്ററിലുള്ളത്. A സർട്ടിഫൈഡ്, കമിങ് സൂൺ എന്നീ വാചകങ്ങളും കാണാം. ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് വിജയ് നായകനാകുന്ന ഒരു ചിത്രത്തിന് A സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. 24 വർഷങ്ങൾക്കുമുൻപ് 2002-ൽ എ. വെങ്കിടേഷ് സംവിധാനംചെയ്ത ഭഗവതി എന്ന ചിത്രമാണ് എ സർട്ടിഫിക്കറ്റുമായി ഇതിന് മുൻപ് പുറത്തിറങ്ങിയ വിജയ് ചിത്രം.
ഏഴുമാസംനീണ്ട അനിശ്ചിതത്വത്തിനുശേഷം വ്യാഴാഴ്ചയാണ് ‘ജനനായക’ന് ‘എ’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകിയത്. സെൻസർ ബോർഡ് നിർദേശിച്ച 12 മാറ്റങ്ങളോടെയാണ് ചിത്രം റിലീസ് ചെയ്യുക. ടി.വി.കെ.യെക്കുറിച്ചുള്ള പരാമർശങ്ങളും ദേശീയപതാക നിലത്തു വീഴുന്ന രംഗവും വെട്ടിമാറ്റിയവയിൽപ്പെടും. ഈ മാസം 24-ന് ചിത്രം തിയേറ്ററുകളിലെത്തിയേക്കും.
20 സെക്കൻഡുനീളുന്ന ഭാഗങ്ങൾ മുറിച്ചുമാറ്റുകയും 10 സെക്കൻഡ് വരുന്ന ഭാഗങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു. ഭരണഘടനാശില്പി ബി.ആർ. അംബേദ്കറിന്റെ ചിത്രം കാണിച്ച് ‘അംബേദ്കർ സട്ടം ടി.വി.കെ. സട്ടം’ എന്നു പറയുന്ന ഭാഗമാണ് മുറിച്ചുമാറ്റിയവയിലൊന്ന്. മറ്റിടങ്ങളിലും ടി.വി.കെ.യെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കി. ഭാഗവതം, രംഗനാഥർ എന്നുള്ള പരാമർശങ്ങളും പുതിയ ഇന്ത്യയെക്കുറിച്ചു പറയുന്ന ഭാഗവും നിശ്ശബ്ദമാക്കിയിട്ടുണ്ട്. ഒരു കുട്ടിയെ അഗ്നിക്കിരയാക്കുന്ന ദൃശ്യവും വെട്ടിമാറ്റി.
വിജയ് അഭിനയിക്കുന്ന അവസാന സിനിമയെന്നു കരുതുന്ന ‘ജനനായകൻ’ നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ് ജനുവരി ഒൻപതിന് തിയേറ്ററിലെത്തിക്കാണ് പദ്ധതിയിട്ടത്. കഴിഞ്ഞവർഷം ഡിസംബർ അവസാനമാണ് സെൻസറിങ്ങിന് സമർപ്പിച്ചത്. സെൻസർ ബോർഡിന്റെ പുനഃപരിശോധനയും നിയമനടപടികളും കാരണമാണ് പുറത്തിറങ്ങാൻ വൈകിയത്. നിയമസഭാ തിരഞ്ഞെടുപ്പുവേളയിൽ സിനിമയുടെ വ്യാജപകർപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു.
Content Highlights: Tamil superstar and Tamil Nadu Chief Minister Vijay's highly anticipated final film Jananayagan, directed by H. Vinoth, has finally cleared its censor hurdles to receive an 'A' (Adults Only) certificate after an intense seven-month-long battle involving 12 major modifications.
Published: 11 Jul 2026, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented