
തെലുങ്ക് നടൻ പ്രഭാസിന്റെ പിതൃസഹോദരനും നടനുമായിരുന്ന കൃഷ്ണം രാജു (83) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേയായിരുന്നു അന്ത്യം. തെലുങ്ക് സിനിമയിലെ സീനിയർ താരങ്ങളിലൊരാളായ അദ്ദേഹം റിബൽ സ്റ്റാർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പ്രഭാസ് നായകനായ രാധേ ശ്യാമിലാണ് അവസാനം അഭിനയിച്ചത്.
മാധ്യമപ്രവർത്തകനായി ജോലി നോക്കവേ 1966-ലായിരുന്നു ഉപ്പളപട്ടി വെങ്കട കൃഷ്ണം രാജു എന്ന കൃഷ്ണം രാജു സിനിമയിലെത്തിയത്. വില്ലൻവേഷങ്ങളിലായിരുന്നു തുടക്കമെങ്കിലും പിന്നീട് തെലുങ്കിലെ മുൻനിര നായകനടനായി മാറി. ഭക്ത കണ്ണപ്പ, കടാക്ടല രുദ്രയ്യ എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രഭാസിനൊപ്പം റിബൽ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.
സിനിമാതാരമെന്നതിലുപരി ആന്ധ്രയിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ മൊഗൾത്തൂരിൽ നിന്നുള്ള ബി.ജെ.പി എം.പി ആയിരുന്നു അദ്ദേഹം. എ.ബി. വാജ്പേയി മന്ത്രിസഭയിൽ സഹ മന്ത്രികൂടിയായിരുന്നു കൃഷ്ണം രാജു.
നിരവധി പേരാണ് കൃഷ്ണം രാജുവിന്റെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചത്. ശ്രീ യു വി കൃഷ്ണം രാജു വിന്റെ വേർപാടിൽ ദുഖമുണ്ടെന്നും വരും തലമുറകൾ അദ്ദേഹത്തിന്റെ സിനിമാ വൈഭവവും സർഗ്ഗാത്മകതയും ഓർക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. സാമൂഹിക സേവനത്തിലും മുൻപന്തിയിലായിരുന്ന അദ്ദേഹം രാഷ്ട്രീയ നേതാവെന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു.
നടനെന്ന നിലയിലും രാഷ്ട്രീയനേതാവെന്ന നിലയിലും അദ്ദേഹം നൽകിയ സംഭാവനകൾ വലുതായിരുന്നെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവും അനുസ്മരിച്ചു.
Content Highlights: actor Krishnam Raju passed away, Narendra Modi on Krishnam Raju's Death, Prabhas's Paternal Uncle
Published: 11 Sept 2022, 02:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented