കൊച്ചി: സിനിമയോടുള്ള വലിയ ഇഷ്ടമായിരുന്നു എന്നും ജിയോ കുട്ടപ്പൻ എന്ന എൻ.ജി. ജോണിന്റെ മുഖമുദ്ര. കുഞ്ചാക്കോയുടെ ഉദയാ സ്റ്റുഡിയോയും പി. സുബ്രഹ്മണ്യത്തിന്റെ മെറിലാൻഡ് സ്റ്റുഡിയോയും മലയാളത്തിൽ വേരുപിടിക്കും മുൻപ് ആ ചരിത്രത്തോടൊപ്പം പിച്ചവെച്ച മനുഷ്യനാണ് ജിയോ കുട്ടപ്പൻ. അതുകൊണ്ടുതന്നെ സിനിമയിലേക്കെത്തിയ നേരത്ത് കലാമൂല്യവും ജനപ്രീതിയും ഒരുമിച്ച ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ മനസ്സ് നിറയെ.

To advertise here,

ജിയോ കുട്ടപ്പൻ നിർമിച്ച ഭൂരിഭാഗം ചിത്രങ്ങളുടെയും സംവിധായകൻ ഐ.വി. ശശിയായിരുന്നു. ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീൻ, ഇന്നല്ലെങ്കിൽ നാളെ, ഈനാട്, ഇനിയെങ്കിലും, ഇത്തിരി കാലം തുടങ്ങിയ സിനിമകൾ ഐ.വി. ശശിക്കൊപ്പം അദ്ദേഹം നിർമിച്ചവയാണ്. ജെ. ശശികുമാർ സംവിധാനം ചെയ്ത മിനിമോൾ, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത രജനീഗന്ധി, ഭദ്രൻ സംവിധാനം ചെയ്ത ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ എന്നിവയും ജിയോ കുട്ടപ്പന്റെ നിർമാണത്തിലൊരുങ്ങിയ ചിത്രങ്ങളാണ്.

മോഹൻലാലും സുകുമാരനും പ്രധാന വേഷങ്ങളിലെത്തിയ ‘ഉണരൂ’ എന്ന ചിത്രവും ജിയോ കുട്ടപ്പൻ നിർമിച്ചതായിരുന്നു. മണിരത്‌നമാണിത് സംവിധാനം ചെയ്തത്. ഏഴാം കടലിനക്കരെ എന്ന ചിത്രത്തിന്റെ നിർമാതാവാകുമ്പോൾ മലയാള സിനിമയുടെ ചരിത്രത്തിലാണ് അദ്ദേഹം പുതിയ ഒരേട് എഴുതിച്ചേർത്തത്. അമേരിക്കയിൽ ഷൂട്ടിങ് നടത്തിയ ഈ സിനിമ വിദേശത്ത് ചിത്രീകരിച്ച ആദ്യ മലയാള സിനിമയായി.

സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് രൂപം കൊണ്ട കാലം മുതൽക്കു തന്നെ ജിയോ പിക്‌ച്ചേഴ്‌സ് സംഘടനയിൽ അംഗമായിരുന്നു. 1966-ൽ അദ്ദേഹം കേരള ഫിലിം ചേംബർ പ്രസിഡന്റും സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിന്റെ എക്‌സിക്യുട്ടീവ് അംഗവുമായിരുന്നു. ആറ് വർഷം ഫിലിം ചേംബർ പ്രസിഡൻറ് ആയിരുന്ന ജിയോ കുട്ടപ്പൻ മലയാള സിനിമയുടെ നിർമാണ-വിതരണ രംഗത്തെ ഏഴ് പതിറ്റാണ്ടിന്റെ അനുഭവങ്ങൾ ക്രോഡീകരിച്ചാണ് ’സിനിമയും ഞാനും-70 വർഷങ്ങൾ’ എന്ന പുസ്തകം രചിച്ചത്. 1980-കളുടെ അവസാനത്തോടെ ജിയോ പിക്‌ചേഴ്‌സ് സാമ്പത്തിക പ്രതിസന്ധിയിലായതോടെ ചലച്ചിത്ര നിർമാണ-വിതരണ രംഗത്തുനിന്ന് പിന്മാറിയ അദ്ദേഹം കൊച്ചിയിൽ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.

ആദ്യകാല സിനിമാ നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

കൊച്ചി : മലയാള സിനിമയിലെ ആദ്യകാല വിതരണ കമ്പനികളിലൊന്നായ ജിയോ പിക്‌ചേഴ്‌സിന്റെ മാനേജിങ് ഡയറക്ടറായിരുന്ന നിർമാതാവ് എൻ.ജി. ജോൺ (ജിയോ കുട്ടപ്പൻ- 90) അന്തരിച്ചു. ദീർഘകാലം ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഭാരവാഹിയായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന ജോൺ 90-ാം പിറന്നാളിന്റെ തലേന്നാണ് മരിച്ചത്. മലയാള സിനിമയിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻ.എക്സ്. ജോർജിന്റെ മകനാണ്.

1977-ൽ മിനിമോൾ എന്ന ചിത്രം നിർമിച്ചായിരുന്നു ജിയോ പിക്‌ചേഴ്‌സിന്റെ രംഗപ്രവേശം. മലയാളത്തിൽ ആദ്യമായി വിദേശത്ത് നിർമിച്ച സിനിമയെന്ന റെക്കോഡുള്ള ഏഴാം കടലിനക്കരെയും ഇവരുടേതായിരുന്നു. 1977-ലാണ് അമേരിക്കയിൽ ചിത്രീകരിച്ച ഏഴാം കടലിനക്കരെ എന്ന സിനിമ വരുന്നത്. ഇനിയും പുഴയൊഴുകും, മീൻ, തുഷാരം, ഈ നാട്, ഇനിയെങ്കിലും, ഉണരൂ, ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമാതാവായിരുന്നു. സിനിമയും ഞാനും എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്.

ഭാര്യ: റോസമ്മ ജോൺ കുരുവിനാക്കുന്നേൽ. മക്കൾ: ജോർജ്, മാത്യു, ദീപ. മരുമക്കൾ: ജോയൽ, ഷേർളി, മായ. സംസ്‌കാരം വെള്ളിയാഴ്ച നാല് മണിക്ക് തോപ്പിൽ മേരി ക്യൂൻസ് പള്ളി സെമിത്തേരിയിൽ.