സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ഗാനരചയിതാവായി വേടനെ തിരഞ്ഞെടുത്തതില്‍ സാമൂഹികമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. ബലാത്സംഗ ആരോപണം നേരിടുന്ന വ്യക്തിക്ക് അവാര്‍ഡ് നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ വേടന്‍ ജാമ്യത്തിലാണ്.

To advertise here,

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവഡോക്ടറുടെ പരാതിയില്‍ വേടനെ തൃക്കാക്കര പോലീസ് അറസ്റ്റുചെയ്തിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞദിവസം കോടതി ജാമ്യവ്യവസ്ഥയില്‍ വേടന് ഇളവ് നല്‍കി.

ഗവേഷകവിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസിലും വേടന്‍ പ്രതിയാണ്. നേരത്തേ, വേടനെതിരേ മീറ്റൂ ആരോപണവുമുണ്ടായിരുന്നു. അന്ന് വേടന്‍ മാപ്പ് പറഞ്ഞിരുന്നു. കഞ്ചാവ് കണ്ടെടുത്ത കേസിലും പുലിനഖം കൈവശംവെച്ച കേസിലും പ്രതിയാണ് വേടന്‍.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സാമൂഹികമാധ്യമവിമര്‍ശനങ്ങള്‍ ഏറേയും. ഇത്തരം ആരോപണം നേരിടുന്നവര്‍ക്ക് അവാര്‍ഡ് നല്‍കുന്നതിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി സംവിധായകന്‍ കെ.പി. വ്യാസന്‍ രംഗത്തെത്തിയിരുന്നു. വേടന്റ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാര്‍ഡ് നല്‍കിയതെങ്കില്‍ കേരളത്തിലെ സാംസ്‌കാരിക നായികാ- നായകന്മാര്‍ എന്തുമാത്രം ബഹളംവെച്ചേനെയെന്ന് വ്യാസന്‍ ചോദിച്ചു.

2021-ല്‍ നടന്‍ ഇന്ദ്രന്‍സിന് സംസ്ഥാന അവാര്‍ഡ് നിഷേധിച്ചത് ചൂണ്ടിക്കാട്ടിയും വിമര്‍ശനം ഉയരുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവിനെതിരേ ആരോപണവും കേസുമുണ്ടായതിനെത്തുടര്‍ന്ന് അഭിനേതാക്കള്‍ക്കും അവാര്‍ഡ് നിഷേധിച്ചിരുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വന്ന സമയത്തായിരുന്നു ഹോം എന്ന ചിത്രത്തിന്റെ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ലൈംഗികാരോപണവും കേസുകളും ഉയര്‍ന്നുവന്നത്. എങ്കിലും ഈ ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനും മഞ്ജു പിള്ളയ്ക്കും പുരസ്‌കാരമുണ്ടാവുമെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നെങ്കിലും പുരസ്‌കാരപ്പട്ടികയില്‍ ഒരിടത്തുപോലും 'ഹോമി'ന് ഇടമുണ്ടായില്ല. ഇത് വ്യാപകമായ പ്രതിഷേധത്തിനും ഇടയാക്കി.

ഒരു കുടുംബത്തില്‍ ആരെങ്കിലും തെറ്റുചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കണോയെന്നാണ് ഇന്ദ്രന്‍സ് അന്ന് ഉയര്‍ത്തിയ ചോദ്യം. ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പുരസ്‌കാരം കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്ന് 'ഹോമി'ന്റെ സംവിധായകന്‍ റോജിന്‍ തോമസും അംഗീകാരം പ്രതീക്ഷിച്ചിരുന്നതായി ചിത്രത്തിലെ മുഖ്യകഥാപാത്രമായ നടി മഞ്ജുപിള്ളയും പ്രതികരിച്ചു. അന്ന് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ അടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ, 69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇന്ദ്രന്‍സ്‌ പ്രത്യേകപരാമര്‍ശത്തിന് അര്‍ഹനായിരുന്നു.

'മഞ്ഞുമ്മല്‍ ബോയ്‌സി'ലെ വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന റാപ്പിനാണ് വേടന് അവാര്‍ഡ് ലഭിച്ചത്. ജൂറി അധ്യക്ഷനായിരുന്ന പ്രകാശ് രാജിന്റെ ഉറച്ച നിലപാടാണ് അവാര്‍ഡ് നിര്‍ണയത്തിന് പിന്നിലെന്ന് സൂചനയുണ്ടായിരുന്നു. വ്യവസ്ഥാപിത എഴുത്തുരീതികളെ അതിലംഘിക്കുന്ന വേടന്റെ പാട്ടിനെ അംഗീകരിക്കണമെന്ന പ്രകാശ് രാജിന്റെ നിര്‍ദേശത്തെ എതിര്‍പ്പുകള്‍ക്കിടയിലും ജൂറിയില്‍ ചിലര്‍ പിന്താങ്ങുകയായിരുന്നു. എടുക്കുന്ന പണി നടക്കുന്നു എന്നതിനുള്ള ഉദാഹരണമാണ് അവാര്‍ഡ് എന്നായിരുന്നു വേടന്റെ പ്രതികരണം.