ജോജു ജോര്‍ജിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്'  ചിത്രത്തിന്റെ ഷൂട്ടിങ് മൂന്നാറില്‍ ആരംഭിച്ചു. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ജോജു ജോര്‍ജ്- ഷാജി കൈലാസ് കോമ്പിനേഷനില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാണിത്. ജോമി ജോസഫ് കോ- പ്രൊഡ്യൂസറാണ്.

To advertise here,

മൂന്നാറില്‍ തുടക്കം കുറിച്ച ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം പ്രൊഡ്യൂസര്‍ റെജി പ്രോത്താസിസ് നിര്‍വഹിച്ചു. ആദ്യ ക്ലാപ്പ് അടിച്ചത് പ്രൊഡ്യൂസര്‍ നൈസി റെജിയാണ്. 17-ന് ജോജു ജോര്‍ജ് ഷൂട്ടിങ്ങിനായി എത്തിച്ചേരും.

വലിയ മുതല്‍മുടക്കിലും വമ്പന്‍ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ചിത്രം പൂര്‍ണ്ണമായും ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായി ദക്ഷിണേന്ത്യയിലെ ഏറ്റവു മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്‌സായ കലൈ കിങ്സ്റ്റണ്‍, ഫീനിക്‌സ് പ്രഭു, സ്റ്റണ്ട് സില്‍വ, കനല്‍ക്കണ്ണന്‍ എന്നിവര്‍ ഒന്നിക്കുന്നു. ഹൈറേഞ്ചിലുള്ള പോളി എന്ന പോളച്ചന്റെ ജീവിത പോരാട്ടത്തിന്റെ കഥ യാണ് 'വരവ്'.

ജോജു ജോര്‍ജിന്റെ കഥാപാത്രമായ പോളിയുടെ ഗംഭീര 'വരവ്' തന്നെയായിരിക്കും ഷാജി കൈലാസ് ഒരുക്കുന്നത്. മികച്ച നടനും മികച്ച സംവിധായകനും മികച്ച ആക്ഷന്‍ ത്രില്ലറിനായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ക്കും നല്ലൊരു ചിത്രത്തിന്റെ 'വരവ്' പ്രതീക്ഷിക്കാം. മലയാളത്തിന്റെ പ്രിയ നടിയായ സുകന്യയുടെ തിരിച്ചുവരവ് ചിത്രത്തിലുടെ കാണാം.

മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ബാബുരാജ്, വിന്‍സി അലോഷ്യസ്, സാനിയ ഇയ്യപ്പന്‍, അശ്വിന്‍ കുമാര്‍, അഭിമന്യു ഷമ്മി തിലകന്‍, ബിജു പപ്പന്‍, ബോബി കുര്യന്‍, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോല്‍, കോട്ടയം രമേഷ്, ബാലാജി ശര്‍മ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷാജി കൈലാസിന്റെ മികച്ച വിജയങ്ങള്‍ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് 'വരവി'ന്റേയും തിരക്കഥ രചിക്കുന്നത്. മൂന്നാര്‍ മറയൂര്‍, കാന്തല്ലൂര്‍, തേനി, ഇടുക്കി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.

ഛായാഗ്രഹണം: എസ്. ശരവണന്‍, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, കലാസംവിധാനം: സാബു റാം, മേക്കപ്പ്: സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈന്‍: സമീറ സനിഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: ശിവന്‍ പൂജപ്പുര, അനില്‍ അന്‍ഷാദ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോദ് മംഗലത്ത്, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്: ഹരി തിരുമല, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്‌സ്‌ക്യൂറ.