രണ്ടാമൂഴം സിനിമയെച്ചൊല്ലി എം.ടി വാസുദേവന്‍ നായരും സംവിധായൻ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി. തിരക്കഥ ശ്രീകുമാര്‍ മേനോന്‍ എം.ടിക്ക് തിരിച്ച് നല്‍കും.  ശ്രീകുമാര്‍ മേനോന്‍ എം.ടിയ്ക്ക് നൽകിയ ഒന്നേകാല്‍കോടി രൂപ അദ്ദേഹം തിരികെ നൽകും. കഥയ്ക്കും തിരക്കഥയ്ക്കും മേല്‍ എം.ടിക്കായിരിക്കും പൂര്‍ണ അവകാശം. ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം ആസ്പദമാക്കിയോ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയോ സിനിമ എടുക്കരുതെന്നും ധാരണയായിട്ടുണ്ട്.

ഒത്തുതീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ എം.ടിക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ അപേക്ഷ നല്‍കി. തിങ്കളാഴ്ച അപേക്ഷ പരിഗണിക്കും. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എം.ടി നല്‍കിയ ഹര്‍ജി കൂടി പിന്‍വലിക്കുന്നതോടെ ഒത്തുതീര്‍പ്പ് കരാര്‍ പ്രാബല്യത്തില്‍ വരും. തന്റെ ആവശ്യം അംഗീകരിച്ചതിൽ സന്തോഷമെന്ന് എംടി പ്രതികരിച്ചു.

2014ലാണ് രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ എം.ടി.യും ശ്രീകുമാറും കരാര്‍ ഒപ്പ് വെച്ചത്. മൂന്നുവര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍. ഈ കാലാവധി കഴിഞ്ഞ് ഒരുവര്‍ഷം കൂടി നല്‍കിയിട്ടും സിനിമ യാഥാര്‍ഥ്യമായില്ല. തുടര്‍ന്നാണ് കരാര്‍ലംഘനമാരോപിച്ച് ശ്രീകുമാറിനെതിരേ എം.ടി. കോടതിയെ സമീപിച്ചത്. വാങ്ങിയ പണം തിരികെനല്‍കാമെന്നും രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്നുമായിരുന്നു ആവശ്യം.

Content Highlights: VA Sreekumar Menon MT Vasudevan Nair issue on Randamooham he returns script