ലോസ് ആഞ്ലിസ്: പ്രശസ്ത അമേരിക്കൻ റാപ്പറും ​ഗ്രാമി പുരസ്കാര ജേതാവുമായി കൂലിയോ (59) അന്തരിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തും ദീർഘനാളായുള്ള മാനേജരുമായ ജാരെസ് പോസി വാർത്താ ഏജൻസിയായ എ.എഫ്.പിയോട് ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ ​ഗായകന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാൻ മാനേജർ തയ്യാറായിട്ടില്ല.

To advertise here,

ബുധനാഴ്ചക്ക് ശേഷം ഒരു സുഹൃത്തിന്‍റെ വീട്ടിലെ കുളിമുറിയില്‍ കൂലിയോയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് മാനേജർ സെലിബ്രിറ്റി ന്യൂസ് വെബ്‌സൈറ്റായ ടി.എം.ഇസിനോട് പറഞ്ഞു. ​ഗായകന്റെ മരണകാരണം ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

ആർട്ടിസ് ലിയോൺ ഐവി ജൂനിയർ എന്നാണ് കൂലിയോയുടെ യഥാർത്ഥ പേര്. 80കളിലായിരുന്നു റാപ്പ് സം​ഗീത ലോകത്തേക്കുള്ള കൂലിയോയുടെ വരവ്. 1995-ൽ പുറത്തിറങ്ങിയ ഡേഞ്ചറസ് മൈൻഡ്സ് എന്ന ചിത്രത്തിലെ ​ഗാങ്സ്റ്റാസ് പാരഡൈസ് പുറത്തിറങ്ങിയതോടെയാണ് കൂലിയോ ലോകശ്രദ്ധയാകർഷിക്കുന്നത്. 

റാപ്പ് സം​ഗീത മേഖലയിലെ ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്ന ഈ ​ഗാനത്തിലൂടെ ആ സമയത്തെ മികച്ച റാപ് സോളോ പ്രകടനത്തിനുള്ള ​ഗ്രാമി പുരസ്കാരവും കൂലിയോയെ തേടിയെത്തി. ലോകമെമ്പാടും ഗാങ്സ്റ്റാസ് പാരഡൈസിന്റെ മില്ല്യൺ കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. 1995-ൽ ബിൽബോർഡ് തയ്യാറാക്കിയ പട്ടികയിൽ ഒന്നാമതെത്തിയ ​ഗാനമായും ​ഗാങ്സ്റ്റാസ് പാരഡൈസ് മാറി.