
നടൻ ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദത്തെക്കുറിച്ച് ഹൃദ്യമായ കുറിപ്പുമായി നടി പ്രാചി തെഹ്‌ലാൻ. മാമാങ്കം സിനിമയിൽ തുടങ്ങി ഏഴുവർഷത്തിലെത്തി നിൽക്കുന്ന സൗഹൃദത്തെക്കുറിച്ചാണ് നടി വാചാലയായത്. കുട്ടിത്തം നിറഞ്ഞ നിഷ്‌കളങ്കത കണ്ണിൽ സൂക്ഷിക്കുന്ന സുഹൃത്താണ് ഉണ്ണിയെന്ന് പ്രാചി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'2018-ൽ മാമാങ്കത്തിനായി തയ്യാറെടുക്കുന്ന സമയത്താണ് ഉണ്ണി മുകുന്ദനെ ആദ്യമായി കാണുന്നത്. സ്ത്രീവേഷത്തിലുള്ള ചാണക്യതന്ത്രം സിനിമയുടെ പോസ്റ്ററിൽ. വളരെ പുതുമയുള്ളതായി തോന്നിയ ആ പോസ്റ്റർ എന്റെ മനസിൽ പതിഞ്ഞു. ഇത്രയും മനോഹരമായി അത് ചെയ്തതാരാണെന്ന് അന്ന് ഞാൻ ചിന്തിച്ചു. തൊട്ടടുത്ത വർഷം 2019-ൽ ഞങ്ങൾ മാമാങ്കത്തിൽ ഒന്നിച്ച് അഭിനയിക്കുമെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ സൗഹൃദം ആരംഭിച്ചത്, പ്രത്യേകിച്ച് ഷൂട്ടിങ് സെറ്റിൽ എന്നോട് വളരെ ഒഴുക്കോടെ ഹിന്ദി സംസാരിക്കാൻ കഴിയുന്ന ഒരാളെ കിട്ടിയപ്പോൾ. അന്നുമുതൽ ഞാൻ കണ്ടിട്ടുള്ള ഉണ്ണിയാണ് ഇപ്പോഴും', നടി കുറിച്ചു.
'ഉണ്ണിയുടെ യഥാർഥ വശത്തെക്കുറിച്ച് എത്രപേർക്ക് അറിയാമെന്ന് എനിക്കറിയില്ല. എന്നാൽ എന്റെ കണ്ണുകളിലൂടെ നോക്കുമ്പോൾ, സ്‌ക്രീനിന് പുറത്ത് കുട്ടിത്തം നിറഞ്ഞ നിഷ്‌കളങ്കത എപ്പോഴും കണ്ണുകളിൽ സൂക്ഷിക്കുന്ന സുഹൃത്തിനെയാണ് ഞാൻ കാണുന്നത്. ചിലർക്ക് അവൻ ശാഠ്യക്കാരനായിരിക്കാം. എന്നാൽ അതൊക്കെ തന്നെയാണ് അവനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഒരു നടൻ എന്നതിലുപരി മികച്ചൊരു മനുഷ്യനാണ് അവൻ. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സ്വപ്രയത്നത്താൽ സ്വന്തം പേര് കെട്ടിപ്പടുത്ത ഒന്നാം തലമുറ നടനാണ് ഉണ്ണി. അത് അത്ര എളുപ്പമുള്ള കാര്യമല്ല,' പ്രാചി പറഞ്ഞു.
ഏറ്റവും ചെറിയ കാര്യങ്ങൾക്കും തമാശകൾക്കും പൊട്ടിച്ചിരിക്കാനും പരസ്പരം കളിയാക്കാനും ഒട്ടും വിരസതയില്ലാതെ മണിക്കൂറുകളോളം സംസാരിക്കാനും തങ്ങൾക്ക് സാധിക്കാറുണ്ടെന്നും ഇതാണ് തങ്ങളുടെ ലളിതമായ സൗഹൃദമെന്നും പ്രാചി കുറിച്ചു. തനിക്ക് ഏറെ ഇഷ്ടമുള്ള 'ടീ ഡേറ്റുകൾക്ക്' കൊണ്ടുപോകുന്ന ഏക സുഹൃത്ത് ഉണ്ണിയാണെന്നും പ്രാചി കൂട്ടിച്ചേർത്തു.
പരസ്പരം കളിയാക്കലുകളും തമാശകളും പിണക്കങ്ങളുമായി കഴിഞ്ഞ ഏഴ് വർഷത്തെ സൗഹൃദത്തിന്റെ ഓർമകൾ പങ്കുവെച്ച പ്രാചി, ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ പുതിയ ചുവടുവെപ്പുകൾക്ക് അഭിനന്ദനങ്ങളും ആശംസകളും നേർന്നു. ഈ വഴി ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് അറിയാമെന്നും എന്നാൽ താൻ എപ്പോഴും കൂടെയുണ്ടാകുമെന്നും പറഞ്ഞ പ്രാചി, പുഞ്ചിരിയോടെ ജനങ്ങളെ എന്നും വിനോദിപ്പിക്കാൻ 'സൂപ്പർമാന്' കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.
മാമാങ്കം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ അഭിനേത്രിയും മുൻ ദേശീയ കായികതാരവുമായ പ്രാചി തെഹ്‌ലാൻ 2010-11ൽ ഇന്ത്യയെ പ്രതിനിധീകരിച്ച നെറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു. ബാസ്‌കറ്റ്ബോളിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ ഡൽഹിക്കാരി.
Content Highlights: Actress and former national athlete Prachi Tehlan shared a heartwarming Instagram post about her seven-year-long friendship with actor Unni Mukundan. She recalled first noticing him on a movie poster in 2018 before unexpectedly working together in the 2019 period drama Mamangam. Prachi praised Unni as a self-made, first-generation actor who maintains a childlike innocence off-screen despite being perceived as stubborn by some. She fondly mentioned their endless conversations, shared laughter, and noted that Unni is the only friend who takes her out on her favorite "tea dates." Concluding her post, Prachi congratulated Unni Mukundan Films on its new ventures and promised her unwavering support for his future cinematic journey
Published: 19 Jun 2026, 09:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented