തമിഴ്‌നാട് മുഖ്യമന്ത്രിയായി സൂപ്പർതാരം സി. ജോസഫ് വിജയ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാതിഥികളിൽ നടി തൃഷ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിജയ്‌യുമായുള്ള സൗഹൃദത്തിന്റെ പേരിൽ ഏറെ നാളായി തൃഷ വാർത്തകളിൽ നിറയുകയാണ്. ഇതിനിടെയാണ് തൃഷ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഇളംനീല പട്ടുസാരിയും സ്വർണനിറത്തിലുള്ള ബ്ലൗസുമായിരുന്നു തൃഷയുടെ വേഷം. ഇപ്പോഴിതാ നടിയുടെ വേഷത്തെ ഐശ്വര്യാ റായിയുമായി താരതമ്യംചെയ്യുകയാണ് ആരാധകർ.

To advertise here,

പരമ്പരാഗത രീതിയിൽ ഒരുങ്ങിയാണ് തൃഷ ചടങ്ങിനെത്തിയത്. മുടിയിൽ മുല്ലപ്പൂമാലയും തൃഷ ധരിച്ചിരുന്നു. ചുവന്ന കല്ലുകൾ പതിച്ച നെക്‌ലേസും അതിന് അനുയോജ്യമായ കമ്മലുകളും തൃഷയുടെ സ്വാഭാവിക സൗന്ദര്യത്തിന് മാറ്റുകൂട്ടി. കൈയിലെ സ്വർണവളകളും വിരലിലെ മോതിരവുമാണ് മറ്റ് ആഭരണങ്ങൾ.

2000-ത്തിൽ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയിയെ ഐശ്വര്യാ റായ് സന്ദർശിച്ചപ്പോൾ ധരിച്ചതും സമാനവേഷമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ ആരാധകർ. അന്നത്തെ കൂടിക്കാഴ്ചയുടെ ചിത്രം, വാജ്‌പേയിയുടെ മരണത്തിന് പിന്നാലെ ആദരാഞ്ജലി അറിയിച്ച് ഐശ്വര്യ തന്നെ പങ്കുവെച്ചിരുന്നു. തൃഷയുടേതിന് സമാനമായി ഇളംനീലനിറത്തിലുള്ള സ്വർണനിറത്തിലുള്ള എംബ്രോയ്ഡറിയുമുള്ള സാരിയാണ് അന്ന് ഐശ്വര്യ ധരിച്ചത്. സ്വർണത്തിന്റെ ആഭരണങ്ങളും അന്ന് ഐശ്വര്യ ധരിച്ചിരുന്നു.

രണ്ടുപേരേയും താരതമ്യംചെയ്ത് മണിരത്‌നം ചിത്രം പൊന്നിയിൻ ശെൽവൻ റഫറൻസുമായി ആരാധകരെത്തി. നന്ദിനിയെ കുന്ദവൈ കോപ്പിയടിച്ചുവെന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിൽ ഐശ്വര്യ നന്ദിനി എന്ന കഥാപാത്രമായെത്തിയപ്പോൾ തൃഷ കുന്ദവൈയുടെ വേഷമാണ് കൈകാര്യംചെയ്തത്.

അതേസമയം, മോഹൻലാൽ- പ്രകാശ് രാജ് ചിത്രം ഇരുവറിലെ ഐശ്വര്യയുടെ വേഷമാണ് തൃഷ കോപ്പിയടിച്ചിരിക്കുന്നത് എന്ന് ഒരുവിഭാഗം പറയുന്നുണ്ട്. എന്നാൽ, ഇങ്ങനെയൊരു ലുക്കിൽ ചിത്രത്തിൽ ഐശ്വര്യ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്ന് മറുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം.ജി.ആറിന്റെ ജീവിതകഥയുമായി ഇരുവറിന് സാമ്യമുണ്ടെന്ന് പറയപ്പെടാറുണ്ട്.