
'തബാഹി' എന്ന ഗാനത്തിന് ലഭിച്ച വൻ സ്വീകരണത്തിന് പിന്നാലെ, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ്, കെ.വി.എൻ. പ്രൊഡക്ഷൻസ്, സീ മ്യൂസിക് കമ്പനി എന്നിവർ ചേർന്ന് നിർമിക്കുന്ന 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ 'മധുമോഹിനി' പുറത്തിറങ്ങി. റോക്കിങ് സ്റ്റാർ യഷും താര സുതാരിയയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗാനം പ്രണയത്തിന്റെ പുതിയ ഭാവമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
തീവ്രമായ പ്രണയാവേശം ആഘോഷിച്ച 'തബാഹി'യ്ക്ക് ശേഷം, 'മധുമോഹിനി' കൂടുതൽ ആഴത്തിലുള്ള വികാരങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഓരോ പ്രണയകഥയ്ക്കും പല തലങ്ങളുണ്ടെന്നും ഓരോ ഘട്ടവും പ്രണയത്തിന്റെ വ്യത്യസ്ത നിറങ്ങൾ വെളിപ്പെടുത്തുന്നതാണെന്നും ഗാനം ഓർമിപ്പിക്കുന്നു.
റോക്കിങ് സ്റ്റാർ യഷും താര സുതാരിയയും അവതരിപ്പിക്കുന്ന റായയുടെയും റെബെക്കയുടെയും ബന്ധത്തെ ഗാനം വ്യത്യസ്തമായൊരു കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു. അവരുടെ മനോഹരമായ കെമിസ്ട്രിക്കൊപ്പം പറയാതെ സൂക്ഷിക്കുന്ന വികാരങ്ങളും ഉള്ളിലെ സംഘർഷങ്ങളും ഗാനത്തിൽ നിറഞ്ഞുനിൽക്കുന്നു. 'തബാഹി'യിൽ കണ്ട അതേ റായ തന്നെയാണെങ്കിലും റെബെക്കയോടുള്ള അയാളുടെ സ്‌നേഹം കൂടുതൽ മൃദുലവും സ്വതന്ത്രവുമായ വശം തുറന്നുകാട്ടുന്നു.
'മധുമോഹിനി ഞങ്ങളുടെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്ന ഗാനമാണ്. അർസ്ലാനും ഫഹീമും ഞാനും വീണ്ടും ഒന്നിച്ചെത്തിയ ഗാനം. 'ടോക്‌സിക്' പോലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് കൂടുതൽ സവിശേഷമാക്കുന്നു. അതുല്യപ്രതിഭയായ സിദ്ധാർഥ് ബസ്രൂറുമായി സഹകരിക്കാനായതിലും ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്. ഗാനം ഒരുക്കുമ്പോൾ ഞങ്ങൾ അനുഭവിച്ച അതേ ഹൃദയസ്പർശിയായ വികാരങ്ങൾ പ്രേക്ഷകരിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നു', സംഗീതസംവിധായകൻ തനിഷ്‌ക് ബാഗ്ചി പറഞ്ഞു.
'മധുമോഹിനി' വേദനയെക്കുറിച്ച് മാത്രമുള്ള ഗാനമല്ല. രണ്ട് ആളുകൾക്കിടയിൽ പറയാതെ അവശേഷിക്കുന്ന എല്ലാ വികാരങ്ങളെയും കുറിച്ചുള്ള ഗാനമാണിത്. ആകാംക്ഷയും നിസ്സഹായതയും ഗാനത്തിലുടനീളം ഒഴുകുന്നുണ്ട്. അതുകൊണ്ടുതന്നെ, വേദനയെ മാത്രം പ്രതിഫലിപ്പിക്കുന്നതിനേക്കാൾ ആ വികാരങ്ങളുടെ ആത്മാർഥത, ശബ്ദത്തിലൂടെ പ്രകടമാക്കാനാണ് ഞാൻ ശ്രമിച്ചത്', ഗായകൻ സിദ്ധാർത്ഥ് ബസ്രൂർ വ്യക്തമാക്കി.
തനിഷ്‌ക് ബാഗ്ചി, അർസ്ലാൻ നിസാമി, ഫഹീം അബ്ദുള്ള എന്നിവർ ചേർന്ന് സംഗീതം നൽകിയ ഗാനത്തിന് അഞ്ച് ഭാഷകളിലുമുള്ള പതിപ്പുകൾക്ക് ശബ്ദം നൽകിയിരിക്കുന്നത് സിദ്ധാർഥ് ബസ്രൂറാണ്. ഹിന്ദിയിൽ 'മധോഷ്', കന്നഡയിൽ 'മനമോഹക', തെലുങ്കിൽ 'മനസാഗധേ', തമിഴിൽ 'തടുമാറുതേയി', മലയാളത്തിൽ 'മധുമോഹിനി' എന്നീ പേരുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.
പ്രമോദ് മറവാന്തെ (കന്നഡ), അർസ്ലാൻ നിസാമി, സയ്യിദ് മുറാദ് ഗിലാനി (ഹിന്ദി), രാമജോഗയ്യ ശാസ്ത്രി (തെലുങ്ക്), വിഘ്‌നേഷ് ശിവൻ (തമിഴ്), രാജീവ് ഗോവിന്ദൻ (മലയാളം) എന്നിവരാണ് ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. യഷ്, നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്'.
യഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച ചിത്രത്തിന്റെ സംവിധാനം ഗീതു മോഹൻദാസാണ്. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ- അപ്സ്' ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ റിലീസ് ചെയ്യും. കെ.വി.എൻ. പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം ഓഗസ്റ്റ് 26-ന് തിയേറ്ററിലെത്തും.
Content Highlights: Second track Madhumohini released from the movie Toxic: A Fairy Tale for Grown-ups. Features Yash and Tara Sutaria showcasing deep emotional chemistry. Composed by Tanishk Bagchi, Arslan Nizami, and Faheem Abdullah. Siddharth Basrur provides vocals for all five language versions. Directed by Geetu Mohandas, the film is scheduled for release on August 26, 2026
Published: 21 Jul 2026, 03:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented