കന്നഡ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' ഇംഗ്ലീഷ് ട്രെയ്‌ലറിന് സാമൂഹികമാധ്യമങ്ങളിൽ മികച്ച പ്രതികരണം. ഓഗസ്റ്റ് 19-ന് പുറത്തിറങ്ങിയ ഇംഗ്ലീഷ് ട്രെയ്‌ലർ, നേരത്തെ വിവിധ ഇന്ത്യൻ ഭാഷകളിൽ പുറത്തിറങ്ങിയ ട്രെയ്‌ലറുകളേക്കാൾ മികച്ചതാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

To advertise here,

സംഭാഷണ ശൈലി, ലിപ്-സിങ്ക്, യഷിന്റെ ശബ്ദം എന്നിവ ഇംഗ്ലീഷ് പതിപ്പിൽ കൂടുതൽ സ്വാഭാവികമായി അനുഭവപ്പെടുന്നുവെന്ന് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഡബ്ബ് ചെയ്ത ചിത്രത്തിനെക്കാൾ മികച്ച നിലവാരമാണ് ഇംഗ്ലീഷ് ട്രെയിലറിനെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. ഹോളിവുഡ് ചിത്രങ്ങളുടെ ട്രെയ്‌ലറിന് സമാനമാണ് ഇതെന്നും ചില ആരാധകർ അവകാശപ്പെട്ടു. യഷിന്റെ ഇംഗ്ലീഷ് ഉച്ചാരണത്തിനും പ്രശംസയുണ്ട്.

ഒരേസമയം ഇംഗ്ലീഷിലും കന്നഡയിലുമായാണ് ചിത്രം ഷൂട്ട് ചെയ്തത്. ഇന്ത്യൻ ഭാഷാ പതിപ്പുകളേക്കാൾ 11 സെക്കൻഡ് ദൈർഘ്യം കുറവാണ് ഇംഗ്ലീഷ് ട്രെയ്‌ലറിന്. യഷിന്റെ മോണോലോഗ് രംഗത്തിലും ക്രെഡിറ്റ്‌സിലും ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ത്യൻ പതിപ്പിലുണ്ടായിരുന്ന 'യൂസ് ഹെഡ്‌ഫോൺസ് ഫോർ ബെറ്റർ എക്‌സ്പീരിയൻസ്' എന്ന മുന്നറിയിപ്പ് ഇംഗ്ലീഷ് പതിപ്പിൽ ഒഴിവാക്കിയിട്ടുമുണ്ട്.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്‌സിക്', പോർച്ചുഗീസ് ഭരണകാലഘട്ടത്തിന്റെ അവസാന നാളുകളിലെ ഗോവയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇരട്ട വേഷങ്ങളിലാണ് യഷ് എത്തുന്നത്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ആഗോള തലത്തിൽ റിലീസ് ലക്ഷ്യമിടുന്ന ചിത്രം ഓഗസ്റ്റ് 26-നാണ് തിയേറ്ററുകളിൽ എത്തുന്നത്. വടക്കേ അമേരിക്കയിൽ ഇംഗ്ലീഷിലും കന്നഡയിലുമാണ് ചിത്രം പ്രദർശനത്തിനെത്തുക. ഇന്ത്യയിൽ വിവിധ ഭാഷകളിൽ ചിത്രം ലഭ്യമാകും.