
ചെന്നൈ: വിജയിയുടെയും അജിത്തിന്റെയും പുതിയ ചിത്രങ്ങളുടെ റിലീസിനെ വരവേൽക്കാൻ സർക്കാർ വിലക്ക് ലംഘിച്ച് ആരാധകർ. പൊതുസ്ഥലങ്ങളിൽ ബാനറുകളും ബോർഡുകളും പാടില്ലെന്ന നിയമം പാലിക്കാതെ വൻകട്ടൗട്ടുകൾ സ്ഥാപിച്ചായിരുന്നു ആഘോഷം. ആവേശം അതിരുവിട്ടതിനെത്തുടർന്ന് പലയിടങ്ങളിലും ആരാധകർക്ക് നേരെ പോലീസ് ലാത്തി വീശി. തമിഴ്‌നാട്ടിൽ രജനികാന്തും കമൽഹാസനും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നായക നടന്മാരാണ് അജിത്തും വിജയിയും. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരുടെയും ചിത്രങ്ങൾ ഒരേ ദിവസം റിലീസ് ചെയ്യുന്നത്. ഇതിന്റെ ആവേശത്തിലായിരുന്നു ആരാധകർ. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അജിത്തിന്റെ തുനിവു റിലീസ് ചെയ്തത്.
സംസ്ഥാനത്ത് ഉടനീളം 100 ഓളം തിയേറ്ററുകളിലാണ് പുലർച്ചെ തന്നെ ചിത്രം പ്രദർശിപ്പിച്ചത്. മൾട്ടിപ്ലക്സുകൾ അടക്കം മറ്റ് തിയേറ്ററുകളിൽ പ്രദർശനം സാധാരണ സമയത്ത് തന്നെയായിരുന്നു.
വിജയിയുടെ വാരിസു പ്രദർശനം തുടങ്ങിയത് ബുധനാഴ്ച രാവിലെ നാലിനായിരുന്നു.
ചെന്നൈയിൽ ചൊവ്വാഴ്ച രാത്രി തന്നെ ആരാധകർ ആഘോഷം ആരംഭിച്ചിരുന്നു. കട്ടൗട്ടുകളിൽ പാലഭിഷേകം പാടില്ലെന്ന് സർക്കാർ നിർദേശിച്ചിരുന്നുവെങ്കിലും മിക്ക തിയേറ്ററുകൾക്ക് മുന്നിലും താരങ്ങളുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്തി. യുവാവ് മരിച്ച അപകടം നടന്ന രോഹിണി തിയേറ്ററിന് മുന്നിൽ വിജയ്, അജിത്ത് താരങ്ങളുടെ ആരാധകർ തമ്മിൽ സംഘർഷമുണ്ടായി.
ബാനർ കീറിയതിനെ ചൊല്ലിയാണ് തർക്കവും കൈയേറ്റവും നടന്നത്. പോലീസ് ഇടപെട്ടാണ് ഇരുവിഭാഗത്തെയും അനുനയിപ്പിച്ചത്.
റോഡിന് നടുവിൽ നിന്നായിരുന്നു ആരാധകരുടെ ആഘോഷം. അതിനാൽ രാത്രിയിൽ കടന്നുപോകുന്ന ടാങ്കർ ലോറികൾ അടക്കം ചരക്ക് വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു.
ആഘോഷത്തിനിടെ ടാങ്കർലോറിയിൽനിന്ന് വീണ് യുവാവ് മരിച്ചു
ചെന്നൈ: അജിത്ത് നായകനായ തമിഴ് ചിത്രം‘തുനിവു’വിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ കുടിവെള്ള ടാങ്കർലോറിയുടെ മുകളിൽനിന്ന് വീണ് യുവാവ് മരിച്ചു.
ചെന്നൈ കോയമ്പേടുള്ള തിയേറ്ററിലെ ആദ്യ പ്രദർശനത്തിന് മുമ്പ് നടന്ന ആഘോഷത്തിനിടെയാണ് ഭരത്കുമാർ(19) മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.
റോഡിൽ നൃത്തംചെയ്തും ആർപ്പുവിളിച്ചും ആഘോഷിച്ച ഭരത്കുമാർ അടക്കമുള്ളവർ ടാങ്കർ ലോറി തടഞ്ഞുനിർത്തി മുകളിൽ കയറുകയായിരുന്നു. ലോറിയുടെ മുകളിൽനിന്ന് നൃത്തംചെയ്യുന്നതിനിടെ ഭരത്കുമാർ കാൽവഴുതി താഴെവീണു. അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആഘോഷം അതിരുവിടരുതെന്ന് സർക്കാർ മുന്നറിയിപ്പുനൽകിയിരുന്നു. കട്ടൗട്ടിൽ പാലഭിഷേകം അടക്കമുള്ള നടപടി വിലക്കിയിരുന്നു.
Content Highlights: Thunivu Varisu release, Vijay ajith fans, accident, conflict, death
Published: 12 Jan 2023, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented