
തിരുവനന്തപുരം: സിനിമയുടെ വെള്ളിവെളിച്ചം വീണ്ടും തിരുവനന്തപുരത്തേക്കെത്തിക്കാൻ ചിത്രാഞ്ജലിയും കേരള ചിലച്ചിത്രവികസന കോർപ്പറേഷനും ഒരുങ്ങുന്നു. ചിത്രാഞ്ജലി വികസനത്തിന് 66.8 കോടി രൂപയുടെ ആദ്യഘട്ട പദ്ധതിക്ക് കിഫ്ബി അംഗീകാരമായി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധിക്കില്ലെങ്കിൽ അടുത്തയാഴ്ചതന്നെ പദ്ധതിക്കു തുടക്കമാകും. 40 വർഷം മുൻപ് ആരംഭിച്ച തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയെ മലയാള സിനിമയുടെ കേന്ദ്രമാക്കുകയാണ് കോർപ്പറേഷന്റെ ലക്ഷ്യം.
സിനിമാപ്രവർത്തകരുടെ ഏറെനാളത്തെ ആവശ്യമാമാണ് സഫലമാകുന്നത്. മലയാള സിനിമ സാങ്കേതികമായും പ്രമേയപരമായും ഏറെ മുന്നേറിയിട്ടും നിർമാണപ്രക്രിയയുടെ ഏറിയ ഭാഗവും കേരളത്തിനു പുറത്തായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചിത്രാഞ്ജലി കാമ്പസ് എല്ലാ സൗകര്യങ്ങളോടെയും വികസിപ്പിക്കുന്നത്. 80 ഏക്കറുള്ള ചിത്രാഞ്ജലിയിലെ സ്ഥലത്തിന്റെ പകുതിപോലും ഇപ്പോൾ ഉപയോഗപ്പെടുത്തുന്നില്ല. ഈ പദ്ധതി വരുന്നതോടെ സിനിമയുടെ ഷൂട്ടിങ്, പോസ്റ്റ് പ്രൊഡക്ഷൻ തുടങ്ങി എല്ലാത്തിനും സജ്ജീകരണങ്ങളുണ്ടാകും. ചിത്രാഞ്ജലി പാക്കേജ് കൂടിയാകുമ്പോൾ പുതു സിനിമാക്കാർ ഇവിടേക്കെത്തുമെന്നാണ് ചലച്ചിത്രവികസന കോർപ്പറേഷന്റെ പ്രതീക്ഷ.
റെയിൽവേ സ്റ്റേഷനും തറവാടുമെല്ലാം ഇവിടെയുണ്ട്
റാമോജിറാവു ഫിലിം സിറ്റിയോളം വരില്ലെങ്കിലും മികച്ച ഷൂട്ടിങ് ഫ്ലോറുകളും സെറ്റുകളുമൊക്കെ ചിത്രാഞ്ജലിയിലുണ്ടാകും. മികവുറ്റ രംഗങ്ങൾ ചിത്രീകരിക്കാൻ ഇനി പായ്ക്ക്-അപ്പ് പറഞ്ഞ് കേരളത്തിനു പുറത്തേക്കു പോകേണ്ടിവരില്ല. സാങ്കേതിക നവീകരണവും നിലവാരമുയർത്തലുമാണ് ആദ്യഘട്ടം നടക്കുക. 80 ഏക്കർ സ്ഥലത്തിനുള്ളിൽ റെയിൽവേ സ്റ്റേഷൻ, അമ്പലങ്ങൾ, വീടുകൾ തുടങ്ങി ഒരു സിനിമയ്ക്കു വേണ്ട സെറ്റുകളൊക്കെയും ഉയരും.
പുത്തൻ സിനിമാ അഭിരുചികൾക്കനുസരിച്ചുള്ള ഷൂട്ടിങ് ഫ്ലോറുകളും സജ്ജമാകും.
കളറിങ്, എഡിറ്റിങ് തുടങ്ങി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കും. നിലവിൽ ഒരു എഡിറ്റ് സ്യൂട്ട് മാത്രമാണുള്ളത്. ഇത് മൂന്നായി ഉയരും. ഏറ്റവും ആധുനിക ക്യാമറകൾ ഉൾപ്പെടെയുള്ള ഷൂട്ടിങ് ഉപകരണങ്ങളാവും ഇനി ചിത്രാഞ്ജലിയിൽ ഉണ്ടാവുക. ഇവ ഷൂട്ടിങ്ങിന് വാടകയ്ക്കു ലഭ്യമാക്കുകയും ചെയ്യും. അടുത്ത ഘട്ടമായി കൊച്ചി കടവന്ത്രയിൽ ചിത്രാഞ്ജലിയുടെ മറ്റൊരു യൂണിറ്റ് തുറക്കും.
ഭൂമി പാട്ടത്തിനെടുത്തുകൊണ്ടുള്ള ഈ പദ്ധതിക്കും സർക്കർ അംഗീകാരം ലഭിച്ചിട്ടുണ്ട്.
ഷൂട്ടിങ് ഫ്ലോറുകളും സെറ്റും ഉപകരണങ്ങളുമെല്ലാം ഇവിടെയുമുണ്ടാകും. സിനിമാ വിദ്യാർഥികൾക്ക് പഠനത്തിനുള്ള സൗകര്യങ്ങളും കൊച്ചിയിലെ കേന്ദ്രത്തിൽ ഒരുക്കും.
ഫെസ്റ്റിവൽ കോംപ്ലക്സ് വൈകില്ല
സിനിമാസ്നേഹികളുടെ ഏറെ നാളത്തെ ആഗ്രഹമായ കിൻഫ്രാ പാർക്കിലെ ഫെസ്റ്റിവൽ കോംപ്ലക്സ് പദ്ധതിക്കും വീണ്ടും ജീവൻവയ്ക്കുന്നു. 100 കോടിയുടെ ഈ പദ്ധതിയും കിഫ്ബിക്കു സമർപ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചാൽ അടുത്ത ഘട്ടത്തിൽ കോംപ്ലക്സും ഉയരും. നഗരത്തിൽ നടക്കുന്ന ചലച്ചിത്രമേള ഇവിടേക്കെത്തിക്കും വിധമാണ് പദ്ധതി. ഒപ്പം കലാമൂല്യമുള്ള സിനിമാചിന്തകൾക്ക് സ്ഥിരം വേദിയുമാകും. ഈ പദ്ധതിക്കായി സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Content Highlights : ThiruvananthapuramChithranjali Studio Renovation KSFDC
Published: 31 Oct 2020, 12:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented