ഞായറാഴ്ച അന്തരിച്ച തെലങ്കാനയിലെ വിപ്ലവഗായകൻ ഗദ്ദറിനെപ്പറ്റി ഓർത്തെടുക്കാൻ കോഴിക്കോടിനുമുണ്ടേറെ. 22 വർഷംമുമ്പാണ് ഗദ്ദർ കോഴിക്കോട് നഗരത്തിലെത്തിയത്. സെക്യുലർ കളക്ടീവ് ടൗൺ ഹാളിൽ രാജൻ അനുസ്മരാണാർഥം നടത്തിയ ‘അടിയന്തരാവസ്ഥ; തിരിഞ്ഞുനോക്കുമ്പോൾ' എന്ന പരിപാടിക്കെത്തിയതായിരുന്നു അദ്ദേഹം.

To advertise here,

‘സാമ്രാജ്യത്വം തുലയട്ടെ’യെന്ന സംഘനാദം സദസ്സിലുയർത്തിക്കൊണ്ടായിരുന്നു ഗദ്ദർ രാജൻ അനുസ്മരണയോഗം ഉദ്ഘാടനംചെയ്തത്. ഡോ. ടി.കെ. രാമചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ എം.എൻ. വിജയൻ, എം.എൻ. കാരേശ്ശരി, സി.വി. ശ്രീരാമൻ, ഗ്രോ വാസു, എം. ദിവാകരൻ എന്നിവരായിരുന്നു പങ്കെടുത്തത്. ഗദ്ദറിനെ കാണാനും കേൾക്കാനുമായി ടൗൺഹാളിൽ ഒട്ടേറെപ്പേർ എത്തിയിരുന്നു. വിപ്ലവവീര്യവുമായെത്തിയ ഗദ്ദറിന്റെ ഉണർത്തുപാട്ട് കേൾക്കാൻ ധാരാളംപേരാണ് അന്നെത്തിയത്. അവസാനമായി കേരളത്തിൽ വന്നതും ഇതേ പരിപാടിക്കായിരുന്നു.

അതിനിടെ ഗദ്ദറിന് ഉപഹാരംസമർപ്പിച്ച് വേദിയിലിരുന്ന മന്ദാകിനി നാരായണൻ ശാരീരികക്ഷീണം കാരണം മോഹാലസ്യപ്പെട്ട് തളർന്നുവീഴുകയുണ്ടായി. പിന്നീട് വേദിക്കുസമീപം പ്രഥമശുശ്രൂഷ നൽകി.

തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിൽ വിപ്ലവഗായകൻ, കവി, ആക്ടിവിസ്റ്റ്, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനായിരുന്നു.