പരേഷ് റാവല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ദ താജ് സ്റ്റോറി' ചിത്രത്തിനെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി നിര്‍മാതാക്കള്‍. ചിത്രം ഏതെങ്കിലും മതപരമായ വിഷയങ്ങള്‍ പ്രതിപാദിക്കുന്നതല്ലെന്ന് നിര്‍മാതാക്കളായ സ്വര്‍ണിം ഗ്ലോബല്‍ സര്‍വീസസ് അറിയിച്ചു. കഴിഞ്ഞദിവസം പരേഷ് റാവലിന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലാണ് വിവാദമായ മോഷന്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇത് പിന്നീട് അദ്ദേഹം ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് പരേഷ് റാവല്‍ തന്നെയാണ് നിര്‍മാതാക്കളുടെ വിശദീകരണം പങ്കുവെച്ചത്.
താജ് മഹലുമായി സാദൃശ്യമുള്ള കെട്ടിടത്തിന്റെ മിനാരത്തിനുള്ളില്നിന്ന് ഹിന്ദു ദൈവമായ ശിവന്റെ വിഗ്രഹം ഉയര്‍ന്നുവരുന്ന ചിത്രമുള്ള പോസ്റ്ററാണ് കഴിഞ്ഞദിവസം പരേഷ് റാവല്‍ പങ്കുവെച്ചത്. താജ് മഹലിന്റെ മിനാരം പരേഷ് റാവല്‍ ഉയര്‍ത്തുമ്പോള്‍ അതിനുള്ളില്‍ ശിവവിഗ്രഹം കാണുന്ന തരത്തിലാണ് പോസ്റ്റര്‍. വ്യാപകവിമര്‍ശനം ഉയര്‍ന്നതോടെ പരേഷ് റാവല്‍ പോസ്റ്റര്‍ പിന്‍വലിച്ചു. പിന്നാലെയാണ് നിര്‍മാണക്കമ്പനി വിശദീകരണവുമായി എത്തിയത്.
'ദ താജ് സ്റ്റോറി' എന്ന സിനിമ ഏതെങ്കിലും മതപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയോ, താജ് മഹലിനുള്ളില്‍ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെടുകയോ ചെയ്യുന്നില്ലെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു. ഇത് പൂര്‍ണ്ണമായും ചരിത്രപരമായ വസ്തുതകളില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ദയവായി സിനിമ കണ്ടശേഷം അഭിപ്രായപ്രകടനങ്ങളിലേക്കെത്തണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു', എന്നാണ് സ്വര്‍ണിം ഗ്ലോബല്‍ പ്രസ്താവനയില്‍ അറിയിച്ചത്.
സ്വര്‍ണിം ഗ്ലോബല്‍ സര്‍വീസസിന്റെ ബാനറില്‍ സി.എ. സുരേഷ് ഝായാണ് ചിത്രം നിര്‍മിക്കുന്നത്. തുഷാര്‍ അമരിഷ് ഗോയല്‍ സംവിധാനംചെയ്യുന്ന ചിത്രത്തില്‍ പരേഷ് റാവല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വികാസ് രാധേശ്യാം ആണ് ക്രീയേറ്റീവ് പ്രൊഡ്യൂസര്‍. ഒക്ടോബര്‍ 31-ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
Content Highlights: Producers of `The Taj Story` clarify that the film does not depict religious themes or claim a Shiva temple inside the Taj Mahal. Poster withdrawn
Published: 30 Sept 2025, 05:20 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented