സൂര്യ നായകനായെത്തിയ ജയ് ഭീം എന്ന ചിത്രം മികച്ച പ്രേക്ഷകപ്രശംസ നേടി രാജ്യത്ത് ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ജാതി വിവേചനത്തെക്കുറിച്ചും ഇരുള ഗോത്രം നേരിടുന്ന വിവേചനങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ചിത്രത്തിൽ ലിജോമോൾ അവതരിപ്പിച്ച സെങ്കിനി എന്ന കഥാപാത്രത്തിന് പ്രചോദനം പാർവതി അമ്മാളിന്റെ ജീവിതമാണ്.

ഇതിന് പിന്നാലെ  പാർവതി അമ്മാളിന് സഹായവുമായി എത്തിയിരിക്കുകയാണ് സൂര്യ. പാർവതി അമ്മാളിന്റെ പേരിൽ പത്ത് ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ് സൂര്യ.  സ്ഥിരനിക്ഷേപമായി ബാങ്കിലിട്ടിരിക്കുന്ന തുകയിൽ നിന്ന് നിശ്ചിത പലിശ എല്ലാ മാസവും ഇവർക്ക് ലഭിക്കും. പാർവതി അമ്മാളിന്റെ കാലശേഷം ഈ തുക മകൾക്ക് വന്ന് ചേരും. 

മകളോടൊപ്പമാണ് പാർവതി അമ്മാൾ ഇപ്പോൾ താമസിക്കുന്നത്. മകളും ഭർത്താവും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം നിന്നു തിരിയാൻ പോലുമിടമില്ലാത്ത കൊച്ചുകൂരയിലെ ഇവരുടെ ജീവിതം നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ പാർവ്വതി അമ്മാളിന് വീട് നിർമ്മിച്ച് നൽകുമെന്ന് നടൻ രാഘവ ലോറൻസും പ്രഖ്യാപിച്ചിരുന്നു .

ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീം നവംബർ 2 ന് ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. 90കളിൽ മോഷണക്കുറ്റമാരോപിക്കപ്പെട്ട് പോലീസ് പിടിയിലായ രാജക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ കെ.ചന്ദ്രുവും സംഘവും നടത്തിയ നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. രജിഷ വിജയൻ, ലിജോമോൾ തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 2ഡി എൻറർടെയിൻമെൻറിൻറെ ബാനറിൽ സൂര്യയും ജ്യോതികയുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


content highlights : suriya donates ten lakhs to parvathy ammal Jai Bhim movie real incident