തങ്ങളുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ടുയരുന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബോളിവുഡ് നടൻ ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ. അനുചിതമായ എന്തെങ്കിലും കണ്ടെത്തിയാൽ സത്യം തുറന്നുപറയുന്ന ആദ്യത്തെയാൾ താനായിരിക്കുമെന്ന് സുനിത വ്യക്തമാക്കി. ഗോവിന്ദയ്ക്ക് പ്രായം കുറഞ്ഞ ഒരു മറാഠി നടിയുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങളോടാണ് സുനിത പ്രതികരിച്ചത്. സംഭാവന സേഠുമായുള്ള തുറന്ന സംഭാഷണത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

To advertise here,

കുടുംബത്തിലും തന്റെ ബന്ധത്തിലും നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചാണ് സുനിത അഹൂജ അഭിമുഖത്തിൽ സംസാരിച്ചത്. ഗോവിന്ദയും താനും ഒരുമിച്ചുജീവിക്കുന്നത് കാണാൻ ആഗ്രഹിക്കാത്ത ചിലർ അദ്ദേഹത്തിൻ്റെ കുടുംബത്തിലുണ്ട് എന്നതാണ് പ്രശ്നമെന്ന് അവർ പറഞ്ഞു. ഇന്ന് തനിക്കൊരു സുഹൃദ്‌വലയമില്ല. മക്കളാണ് തൻ്റെ സുഹൃത്തുക്കൾ. താനും ഗോവിന്ദയും 15 വർഷമായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. എന്നാൽ അദ്ദേഹം തന്നെ ഇടയ്ക്കിടെ വന്നുകാണാറുണ്ട്. മക്കളുള്ളതുകൊണ്ട് താൻ വളരെ ശക്തയാണെന്നും അവർ വ്യക്തമാക്കി.

"ഗോവിന്ദയും ഞാനും 15 വർഷമായി വെവ്വേറെ വീടുകളിലാണ് താമസിക്കുന്നത്, എങ്കിലും അദ്ദേഹം ഇടയ്ക്കിടെ വരാറുണ്ട്. ഒരു നല്ല സ്ത്രീയെ വേദനിപ്പിക്കുന്ന പുരുഷന് ഒരിക്കലും സന്തോഷം കണ്ടെത്താനാവില്ല; അവൻ എപ്പോഴും അസ്വസ്ഥനായിരിക്കും. എൻ്റെ ചെറുപ്പം മുതൽ, എൻ്റെ ജീവിതം മുഴുവൻ ഞാൻ അദ്ദേഹത്തിന് നൽകി. ഇന്നും ഞാൻ അദ്ദേഹത്തെ അഗാധമായി സ്നേഹിക്കുന്നു. അതെ, അഭ്യൂഹങ്ങൾ കേൾക്കുന്നതുകൊണ്ട് എനിക്ക് വേദനയുണ്ട്, പക്ഷേ എൻ്റെ മക്കളുള്ളതുകൊണ്ട് ഞാൻ ശക്തയായി നിലകൊള്ളുന്നു." സുനിത കൂട്ടിച്ചേർത്തു.

ഇത് വളരെ നാണക്കേടാണ്. ഈ പ്രായത്തിൽ നിങ്ങളെന്താണ് ഈ ചെയ്യുന്നതെന്ന് അഭ്യൂഹങ്ങള്‍ കേട്ട്‌ മക്കൾ പോലും ചോദിക്കുന്നു. പക്ഷേ ചിലർക്ക് നുണ പറയുന്നത് ശീലമാണ്, അവർ വീണ്ടും വീണ്ടും നുണ പറഞ്ഞുകൊണ്ടേയിരിക്കും. സിനിമയിൽ കൂടുതൽ മികച്ച തിരക്കഥകൾ തിരഞ്ഞെടുക്കാൻ താൻ ഗോവിന്ദയെ ഉപദേശിക്കാറുണ്ടെന്നും സുനിത വ്യക്തമാക്കി. അഭ്യൂഹങ്ങൾക്കിടയിലും, ഗോവിന്ദയും സുനിതയും അടുത്തിടെ ഗണേശ ചതുർത്ഥി ഒരുമിച്ച് ആഘോഷിച്ചിരുന്നു.