കൊച്ചി: അന്തരിച്ച നടി സുബി സുരേഷിന്റെ ഭൗതികശരീരം ചേരാനെല്ലൂര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. വ്യാഴാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷമായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. സിനിമ-ടെലിവിഷന്‍-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും നാട്ടുകാരുമെല്ലാം നടിയ്ക്ക്  അന്ത്യോപചാരം  അര്‍പ്പിക്കാനെത്തി. 

To advertise here,

കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മരണം. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകള്‍ കരള്‍ ദാനം ചെയ്യാന്‍ തയ്യാറായിരുന്നു. അതിനിടെ വൃക്കയില്‍ അണുബാധയുണ്ടായി. തുടര്‍ന്ന് മറ്റു അവയവങ്ങളിലേക്കും പടര്‍ന്നു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്.