യുവതിയെ മോശമായി സ്പർശിച്ചെന്ന പരാതിയിൽ കൊറിയൻ നടൻ ഓ യൂങ് സൂവിനെതിരെ കേസ്. നെറ്റ്ഫ്ളിക്സിലെ സൂപ്പർഹിറ്റ് പരമ്പരയായ സ്ക്വിഡ് ​ഗെയിമിൽ പ്ലേയർ-001 എന്ന വേഷം അവതരിപ്പിച്ച നടനാണ് സൂ. 2017-ൽ നടന്ന സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

To advertise here,

2021 ഡിസംബറിലാണ് യുവതി 78-കാരനായ സൂവിനെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. എന്നാൽ നടനെതിരെ നടപടിയൊന്നുമെടുക്കാതെ പോലീസ് ഈ വർഷം ഏപ്രിലിൽ കേസ് അവസാനിപ്പിച്ചു. തുടർന്ന് പരാതിക്കാരിയുടെ അഭ്യർത്ഥനയേത്തുടർന്ന് അധികൃതർ കേസ് പുനരന്വേഷിക്കുകയായിരുന്നെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഈ അന്വേഷണത്തിൽ സൂവിനെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഓ യൂങ് സൂ നിഷേധിച്ചു. മോശമായി പെരുമാറിയിട്ടില്ലെന്നും സംഭവം നടന്ന ആ പ്രദേശത്തുണ്ടായിരുന്ന തടാകത്തിനരികിലൂടെ വഴികാണിക്കാൻ കൈ പിടിച്ചതേയുള്ളൂവെന്നും കൊറിയൻ വാർത്താ മാധ്യമമായ ജെ.ടി.ബി.സിയോട് സൂ പറഞ്ഞു. അങ്ങനെ സംഭവിച്ചതിൽ താൻ മാപ്പ് ചോദിച്ചിരുന്നു.  കാരണം ഈ വിഷയവുമായി ബന്ധപ്പെട്ട് ബഹളമുണ്ടാക്കില്ലെന്ന് അവർ പറഞ്ഞിരുന്നു. പക്ഷേ  താൻ കുറ്റം സമ്മതിക്കുന്നുവെന്നല്ല അതിനർത്ഥമെന്നും സൂ കൂട്ടിച്ചേർത്തു.

കുറ്റാരോപിതനായതിനുപിന്നാലെ സൂ അഭിനയിച്ച സർക്കാർ പരസ്യചിത്രം സംപ്രേഷണം ചെയ്യുന്നത് നിർത്തലാക്കാൻ  സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചു. 

50 വർഷമായി അഭിനയരം​ഗത്തുണ്ടെങ്കിലും ഓ യൂങ് സൂ ലോകപ്രശസ്തി നേടിയത് സ്ക്വിഡ് ​ഗെയിം പരമ്പരയിലൂടെയാണ്. സീരീസിലെ ഏറ്റവും പ്രായമേറിയ മത്സരാർത്ഥിയുടെ വേഷമായിരുന്നു സൂവിന്റേത്. വൻ സാമ്പത്തിക ബാധ്യതയുള്ള ഒരുകൂട്ടമാളുകൾ വൻതുക സമ്മാനമായി ലഭിക്കുന്ന അപകടകരമായ ​ഗെയിമിൽ പങ്കെടുക്കുന്നതാണ് പരമ്പരയുടെ ഇതിവൃത്തം. സീരീസിന്റെ രണ്ടാം ഭാ​ഗം ഉടനെത്തും എന്നാണ് റിപ്പോർട്ട്.