സ്ക്വിഡ് ഗെയിം താരം ഓ യൂങ് സൂ | ഫോട്ടോ: www.facebook.com/squidgamenetflix
യുവതിയെ മോശമായി സ്പർശിച്ചെന്ന പരാതിയിൽ കൊറിയൻ നടൻ ഓ യൂങ് സൂവിനെതിരെ കേസ്. നെറ്റ്ഫ്ളിക്സിലെ സൂപ്പർഹിറ്റ് പരമ്പരയായ സ്ക്വിഡ് ഗെയിമിൽ പ്ലേയർ-001 എന്ന വേഷം അവതരിപ്പിച്ച നടനാണ് സൂ. 2017-ൽ നടന്ന സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.
2021 ഡിസംബറിലാണ് യുവതി 78-കാരനായ സൂവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ നടനെതിരെ നടപടിയൊന്നുമെടുക്കാതെ പോലീസ് ഈ വർഷം ഏപ്രിലിൽ കേസ് അവസാനിപ്പിച്ചു. തുടർന്ന് പരാതിക്കാരിയുടെ അഭ്യർത്ഥനയേത്തുടർന്ന് അധികൃതർ കേസ് പുനരന്വേഷിക്കുകയായിരുന്നെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഈ അന്വേഷണത്തിൽ സൂവിനെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഓ യൂങ് സൂ നിഷേധിച്ചു. മോശമായി പെരുമാറിയിട്ടില്ലെന്നും സംഭവം നടന്ന ആ പ്രദേശത്തുണ്ടായിരുന്ന തടാകത്തിനരികിലൂടെ വഴികാണിക്കാൻ കൈ പിടിച്ചതേയുള്ളൂവെന്നും കൊറിയൻ വാർത്താ മാധ്യമമായ ജെ.ടി.ബി.സിയോട് സൂ പറഞ്ഞു. അങ്ങനെ സംഭവിച്ചതിൽ താൻ മാപ്പ് ചോദിച്ചിരുന്നു. കാരണം ഈ വിഷയവുമായി ബന്ധപ്പെട്ട് ബഹളമുണ്ടാക്കില്ലെന്ന് അവർ പറഞ്ഞിരുന്നു. പക്ഷേ താൻ കുറ്റം സമ്മതിക്കുന്നുവെന്നല്ല അതിനർത്ഥമെന്നും സൂ കൂട്ടിച്ചേർത്തു.
കുറ്റാരോപിതനായതിനുപിന്നാലെ സൂ അഭിനയിച്ച സർക്കാർ പരസ്യചിത്രം സംപ്രേഷണം ചെയ്യുന്നത് നിർത്തലാക്കാൻ സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചു.
50 വർഷമായി അഭിനയരംഗത്തുണ്ടെങ്കിലും ഓ യൂങ് സൂ ലോകപ്രശസ്തി നേടിയത് സ്ക്വിഡ് ഗെയിം പരമ്പരയിലൂടെയാണ്. സീരീസിലെ ഏറ്റവും പ്രായമേറിയ മത്സരാർത്ഥിയുടെ വേഷമായിരുന്നു സൂവിന്റേത്. വൻ സാമ്പത്തിക ബാധ്യതയുള്ള ഒരുകൂട്ടമാളുകൾ വൻതുക സമ്മാനമായി ലഭിക്കുന്ന അപകടകരമായ ഗെയിമിൽ പങ്കെടുക്കുന്നതാണ് പരമ്പരയുടെ ഇതിവൃത്തം. സീരീസിന്റെ രണ്ടാം ഭാഗം ഉടനെത്തും എന്നാണ് റിപ്പോർട്ട്.
Content Highlights: Squid Game Star O Yeong-su, Squid Game Star Charged With Sexual Misconduct In Korea
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..