എഴുപത്തിരണ്ടാം വയസ്സില്‍ സംവിധാനം എന്ന വാക്കിനു കീഴെ എസ്.എന്‍.സ്വാമി എന്ന പേര് ആദ്യമായി തെളിയുന്നു. മലയാളത്തില്‍, ഏറ്റവും കൂടിയ പ്രായത്തില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നയാളാകുകയാണ് സ്വാമി. ഒരുപക്ഷേ ലോക സിനിമയില്‍പ്പോലും ആദ്യമായേക്കാമെന്ന് സഹപ്രവര്‍ത്തകര്‍.

To advertise here,

സേതുരാമയ്യരെയും സാഗര്‍ ഏലിയാസ് ജാക്കിയെയും സൃഷ്ടിച്ച തിരക്കഥാകൃത്തിന്റെ ആദ്യ സംവിധാന സംരംഭം പക്ഷേ ത്രില്ലറല്ല. തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥയാണ്. ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍. ചിത്രത്തിന്റെ പൂജ വിഷുദിനത്തില്‍ കൊച്ചിയില്‍ നടക്കും.

എറണാകുളത്തപ്പന്റെ അമ്പലമുറ്റത്ത് തുടങ്ങിയ സൗഹൃദത്തിന്റെ ക്ലൈമാക്‌സാണ് എസ്.എന്‍.സ്വാമിയെ സംവിധായകനാക്കുന്നതെന്നു പറയാം. ചിത്രത്തിന്റെ രചനയും സ്വാമിയുടേതാണ്. ക്ഷേത്രക്ഷേമസമിതി പ്രസി ഡന്റായ പി. രാജേന്ദ്ര പ്രസാദാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ നിര്‍മാതാവ്. സമിതിയുടെ ജനറല്‍ കണ്‍വീനറാണ് സ്വാമി.

തിരുച്ചെന്തിരൂര്‍ പോലുള്ള തമിഴകഗ്രാമങ്ങളില്‍ ലൊക്കേഷന്‍ തിരച്ചിലിന്റെ തിരക്കിലായ സ്വാമി ചിത്രത്തെക്കുറിച്ച് ഒന്നും പറയില്ലെന്ന നിര്‍ബന്ധത്തിലാണ്. ''ഒരുപാടുപേര്‍ അന്വേഷിക്കുന്നുണ്ട്. എല്ലാം വിശദമായി ലോഞ്ചിങ് ചടങ്ങില്‍ പറയാം''-സ്വാമിയുടെ പ്രതികരണം.

മകന്‍ ശിവ്റാമും സഹ സംവിധായകനായി ഒപ്പമുണ്ട്. ഷാജി കൈലാസ്, കെ. മധു, എ.കെ. സാജന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയവുമായാണ് ശിവ്റാം അച്ഛന്റെ സംവിധായക പ്രവേശത്തില്‍ കൂട്ടായി ചേരുന്നത്.

1980-ല്‍ 'ചക്കരയുമ്മ'എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായി മലയാള സിനിമയിലെത്തിയ എസ്.എന്‍.സ്വാമി പിന്നീട് ത്രില്ലര്‍ സിനിമകളിലൂടെ ജനപ്രീതി നേടി. മമ്മൂട്ടിക്കൊപ്പം 'ഒരു സി.ബി.ഐ. ഡയറിക്കുറി'പ്പും മോഹന്‍ലാലിനൊപ്പം 'ഇരുപതാം നൂറ്റാണ്ടും' ഒരുക്കിയ സ്വാമി അന്‍പതോളം സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്.

അഞ്ചു ഭാഗങ്ങളിലേക്കു വളര്‍ന്ന സി.ബി.ഐ. സിനിമാ പരമ്പരയുടെ രചയിതാവ് എന്ന നിലയ്ക്ക് റെക്കോഡ് ബുക്കുകളിലും ഇടം നേടി. സ്വാമിയുടെ വമ്പന്‍ ഹിറ്റുകളിലൊന്നായ 'ധ്രുവം' എന്ന സിനിമയുടെ തിരക്കഥാ പങ്കാളിയായിരുന്ന എ.കെ. സാജന്‍ സംവിധാനം ചെയ്ത 'പുതിയ നിയമ'ത്തിലൂടെ അഭിനേതാവിന്റെ വേഷവുമണിഞ്ഞു.