ബോളിവുഡിലെ ഇതിഹാസനടൻ ഷമ്മി കപൂറിനെക്കുറിച്ചുള്ള ഓർമക്കുറിപ്പ് പങ്കുവെച്ച് നടൻ ഷമ്മി തിലകൻ. ഷമ്മി കപൂറിന് ഹസ്തദാനം ചെയ്യുന്ന ചിത്രത്തൊടൊപ്പമാണ് ഷമ്മി തിലകൻ കുറിപ്പ് പങ്കുവെച്ചത്. ചില കൂടിക്കാഴ്ചകൾ ഒരു സ്വപ്നം പോലെയാണെന്ന് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു. ഇതിഹാസങ്ങൾക്കൊപ്പം നിൽക്കുമ്പോൾ നമ്മൾ എത്ര ചെറുതായിപ്പോകുന്നു എന്നതിന്റെ ഏറ്റവും മനോഹരമായ ഉള്ളിൽ ചിരിയുണർത്തുന്ന തെളിവാണ് ഈ ചിത്രമെന്നും ഷമ്മി തിലകൻ കുറിച്ചു.

To advertise here,

ഷമ്മി തിലകന്റെ കുറിപ്പ് ഇങ്ങനെ:

കുത്തിപ്പൊക്കൽ

ചില കൂടിക്കാഴ്ചകൾ ഒരു സ്വപ്നം പോലെയാണ്... പക്ഷെ എക്സ്പ്രഷൻ മാത്രം അല്പം കോമഡിയായിപ്പോയി!" കാലഘട്ടങ്ങളെ ത്രസിപ്പിച്ച ഇന്ത്യൻ സിനിമയുടെ സ്വന്തം പ്രണയനായകൻ ഷമ്മി കപൂറിന്റെ കരം ഗ്രഹിച്ച അപൂർവ്വ നിമിഷം.

എന്റെ നിൽപ്പും ചിരിയും കണ്ടാൽ തോന്നും എൽ.കെ.ജിയിൽ വെച്ച് ടീച്ചർ മിഠായി തന്നപ്പോൾ ഇളിച്ചു കാണിക്കുന്ന ടിൻറുമോനാണെന്ന്! ആ വ്യക്തിപ്രഭാവം കണ്ട് അന്തംവിട്ട് കിളിപോയി ആരും അറിയാതെ ആ കയ്യിൽ പിടിച്ചങ്ങ് ചിരിച്ചുപോയതാണ്. അദ്ദേഹം ആലോചിച്ചിണ്ടാവും: "ഇവനാരപ്പാ കയ്യിലൊരു പേപ്പറും ചുരുട്ടിപ്പിടിച്ച് എന്നെ ഇങ്ങനെ നോക്കി ഇളിക്കുന്നത്?!" എന്ന്!

ഇതിഹാസങ്ങൾക്കൊപ്പം നിൽക്കുമ്പോൾ നമ്മൾ എത്ര ചെറുതായിപ്പോകുന്നു എന്നതിന്റെ ഏറ്റവും മനോഹരമായ ഉള്ളിൽ ചിരിയുണർത്തുന്ന തെളിവ്..! ഇന്ത്യൻ സിനിമയുടെ എവർഗ്രീൻ ലെജൻഡ് ശ്രീ ഷമ്മി കപൂർ സാറിന്റെ കൈ പിടിച്ചപ്പോൾ ഉള്ളിൽ മുഴങ്ങിയത് ഒരൊറ്റ കാര്യമാണ്— "Yahoo... ചാഹേ കോയി മുഝേ ജംഗ്ലി കഹേ...!"

എന്റെ ചിരി കണ്ടിട്ട് നിങ്ങൾക്ക് എന്താണ് തോന്നുന്നത്? കമന്റ് ബോക്സ് തുറന്നിട്ടിരിക്കുന്നു... നിങ്ങളുടെ 'ക്രൂരമായ' നിരീക്ഷണങ്ങൾ അറിയിക്കാം!

ആരാണ് ഷമ്മി കപൂർ?

ഇന്ത്യൻ സിനിമയുടെ കുലപതിമാരിൽ ഒരാളായ പൃഥിരാജ് കപൂറിന്റെ മകൻ. ബോളിവുഡിലെ എക്കാലത്തെയും ഷോമാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്കപൂറിന്റെ സഹോദരൻ. അൻപതുകളുടെ പകുതിമുതൽ എഴുപതുകൾ വരെ ബോളിവുഡിലെ താരസാന്നിധ്യം. പ്രത്യേക ചലനങ്ങളും സംഭാഷണ ശൈലിയും.

റൊമാന്റിക് ഹീറോയായും ഡാൻസിങ് ഹീറോയായും ബോളിവുഡിൽ തിളങ്ങിയ ഷമ്മി കപൂർ വെറും ഒരു നടൻ മാത്രമായിരുന്നില്ല. ഇന്ത്യയിലെ ഇന്റർനെറ്റ് യുഗത്തിന് തുടക്കംകുറിച്ച നെറ്റ് ഉപഭോക്താളിൽ പ്രമുഖനായിരുന്നു. വി.എസ്.എൻ.എല്ലിന് (വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ്) ഇന്റർനെറ്റ് സാധ്യതകൾ പറഞ്ഞുകൊടുത്ത ഷമ്മികപൂർ ഇന്ത്യയിലെ ഇന്റർനെറ്റ് യൂസേഴ്‌സ് കമ്മ്യൂണിറ്റിയുടെ സ്ഥാപകനും ചെയർമാനുമായിരുന്നു. 2011 ഓഗസ്റ്റ് 14 ന് മുംബെയിലെ ബ്രിച്ച്കാൻഡി ആശുപത്രിയിൽ മരണം. മരിക്കുമ്പോൾ പ്രായം എൺപത് വയസ്.

1931-ലാണ് ജനനം. 1955 ൽ ഗീതാബാലിയുമായുള്ള വിവാഹം. 1965-ൽ ഗീതാബാലിയുടെ മരണ ശേഷം നീലാദേവി ഗോഹിലിനെ വിവാഹം കഴിച്ചു. 1953 ൽ ജീവൻ ജ്യോതിയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ഷംസീർ രാജ്കപൂർ എന്നായിരുന്നു ശരിയായ പേര്. സിനിമയിൽ സജീവമായപ്പോൾ അത് ഷമ്മി കപൂറായി മാറി. സൽമാ ആഗയുടെ അമ്മാവനായിരുന്നു ഷമ്മികപൂർ. പെഷവാറിലായിരുന്നു ബാല്യം. പിന്നീട് പ്രഥിരാജ് കപൂർ കൊൽക്കത്തിയിലേക്ക് കൂടുമാറിയപ്പോൾ ഷമ്മികപൂറും സഹോദരങ്ങളും അവിടെയെത്തി. കൊൽക്കത്തിയിൽ പ്രാഥമിക വിദ്യഭ്യാസം. അതിനു ശേഷം മുംബെയിൽ പഠനം തുടർന്നു. പിൽക്കാല സിനിമാ യാത്രകൾ സുവർണ ചരിത്രം. മുഹമ്മദ് റഫിയുടെ നിരവധി ഹിറ്റ് ഗാനങ്ങൾ പാടി അഭിനയിച്ചിട്ടുണ്ട് ഷമ്മി കപൂർ. ജീവിതം ആഘോഷിച്ച കലാകാരനായിരുന്നു ഷമ്മി കപൂർ.