പ്രശസ്ത ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്റ് ജെയിംസ് ബോണ്ടായി (007) റോബർട്ട് പാറ്റിൻസണെ പ്രഖ്യാപിച്ചതിന് പിന്നാലെ, താരത്തിന് ആശംസകളുമായി മുൻ ബോണ്ട് താരം പിയേഴ്സ് ബ്രോസ്‌നൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ബ്രോസ്‌നൻ പാറ്റിൻസണെ ബോണ്ടിന്റെ ലോകത്തേക്ക് സ്വാഗതം ചെയ്തത്.

To advertise here,

'പ്രിയ റോബർട്ട്, ബോണ്ടിന്റെ ലോകത്തേക്ക് സ്വാഗതം. നിങ്ങൾ ഗംഭീരമാകാൻ പോകുകയാണ്. 'റിമെമ്പർ മീ'യിൽ നമ്മൾ ഒരുമിച്ച് പ്രവർത്തിച്ച കാലത്തെ മനോഹരമായ ഓർമ്മകൾ എനിക്കുണ്ട്. ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളെ സൃഷ്ടിച്ച് നിങ്ങൾ ഓരോ ഘട്ടത്തിലും വളരുന്നത് കാണുന്നത് വലിയ സന്തോഷമാണ്. ഈ യാത്ര ആസ്വദിക്കുക. നിറയെ സ്‌നേഹം, പിയേഴ്സ്,' ബ്രോസ്‌നൻ കുറിച്ചു. 2010-ൽ പുറത്തിറങ്ങിയ 'റിമെമ്പർ മീ' എന്ന റൊമാന്റിക് ഡ്രാമയിൽ പാറ്റിൻസണും ബ്രോസ്‌നനും ഒരുമിച്ച് അഭിനയിച്ചിരുന്നു. എമിലി ഡി റാവിൻ, മേഗൻ മാർക്കിൾ എന്നിവരും ഈ ചിത്രത്തിലുണ്ടായിരുന്നു.

1995 മുതൽ 2002വരെ നാല് ചിത്രങ്ങളിൽ ജെയിംസ് ബോണ്ടായി വേഷമിട്ട താരമാണ് പിയേഴ്സ് ബ്രോസ്‌നൻ. 'ടെനെറ്റ്' എന്ന ചിത്രത്തിൽ പാറ്റിൻസണിനൊപ്പം അഭിനയിച്ച എലിസബത്ത് ഡെബിക്കി, മുൻ ബോണ്ട് വില്ലൻ റാമി മാലിക് എന്നിവരും പാറ്റിൻസണ് ആശംസകൾ നേർന്നിട്ടുണ്ട്.

ഡാനിയൽ ക്രെയ്ഗിനുശേഷം ആരാകും അടുത്ത ജെയിംസ് ബോണ്ട് എന്ന മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ആമസോൺ എം.ജി.എം സ്റ്റുഡിയോസ് റോബർട്ട് പാറ്റിൻസണിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജേക്കബ് എലോർഡി, ജാക്ക് ലോഡൻ, കാലം ടർണർ, നിക്കോളാസ് ഹോൾട്ട് എന്നിവരുടെ പേരുകളും ഈ വേഷത്തിലേക്ക് പരിഗണിക്കപ്പെടുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

പ്രശസ്ത സംവിധായകൻ ഡെനിസ് വില്ലെന്യൂവാണ് പുതിയ ബോണ്ട് ചിത്രം സംവിധാനം ചെയ്യുന്നത്. സ്റ്റീവൻ നൈറ്റ് തിരക്കഥയൊരുക്കുന്ന ചിത്രം ആമി പാസ്‌കലും ഡേവിഡ് ഹെയ്മാനും ചേർന്നാണ് നിർമിക്കുന്നത്. താന്യ ലാപോയിന്റ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാകും.

 

നേരത്തെ സെപ്റ്റംബറിൽ നൽകിയ ഒരു അഭിമുഖത്തിൽ, പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളായിരിക്കും അടുത്ത ജെയിംസ് ബോണ്ടായി എത്തുകയെന്ന് ബ്രോസ്‌നൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ തന്റെ ഇഷ്ടതാരം ആരാണെന്ന ചോദ്യത്തിന്, താൻ ആരുടെയും പേര് നിർദ്ദേശിക്കുന്നില്ലെന്നും എന്തെങ്കിലും പറഞ്ഞാൽ അത് വലിയ വാർത്തയാകുമെന്ന് ഭാര്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നുമായിരുന്നു ബ്രോസ്‌നന്റെ രസകരമായ മറുപടി.

ഈ വർഷം ക്രിസ്റ്റഫർ നോളന്റെ 'ദി ഒഡീസി'യിൽ ശ്രദ്ധേയമായ വേഷം ചെയ്ത റോബർട്ട് പാറ്റിൻസൺ, അടുത്ത മാസം പുറത്തിറങ്ങുന്ന 'ഡ്യൂൺ: പാർട്ട് 3'-യിലും പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്. ഇതിന് ശേഷമാകും താരം ജെയിംസ് ബോണ്ട് എന്ന ക്ലാസിക് ചാരകഥാപാത്രത്തിലേക്ക് ചുവടുവെക്കുക.