
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമൻ ബോക്സോഫീസിൽ കുതിപ്പ് തുടരുകയാണ്. ചലച്ചിത്രരംഗത്തുനിന്നും പുറമേ നിന്നും നിരവധിപേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. സംവിധായകൻ ഷാജി കൈലാസാണ് അക്കൂട്ടത്തിലെ ഏറ്റവും പുതിയ ആൾ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ചിത്രത്തെ വാനോളം പുകഴ്ത്തിയത്.
ചിത്രം സമ്മാനിച്ചത് മികച്ച ദൃശ്യാനുഭവമാണെന്ന് ഷാജി കൈലാസ് പറയുന്നു. ആദ്യാവസാനം ത്രില്ലടിപ്പിച്ച ഒരു ചിത്രമെന്ന് കൂമനെ വിശേഷിപ്പിക്കാം. ജീത്തു ജോസഫ് ഒരിക്കൽ കൂടി തന്റെ കയ്യടക്കം കൊണ്ട് ഞെട്ടിച്ചു. ആസിഫ് അലി തന്നത് തന്റെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നാണെന്നും ഷാജി കൈലാസ് എഴുതി.
ദൃശ്യം 2, 12th മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമൻ മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കെ ആർ കൃഷ്ണകുമാറാണ് രചന. രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രാജികോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽസൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൽ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമ്മകല തുടങ്ങിയവരാണ് താരനിരയിലെ മറ്റുള്ളവർ.
അതേസമയം പൃഥ്വിരാജ്, ആസിഫ് അലി എന്നിവരെ നായകന്മാരാക്കിയുള്ള കാപ്പയാണ് ഷാജി കൈലാസിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന ചിത്രം. അപർണ ബാലമുരളി, അന്ന ബെൻ, ജഗദീഷ്, നന്ദു തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിൽ. ജി.ആർ. ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കൃതിയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്.
Content Highlights: shaji kailas appreciating kooman movie, asif ali and jeethu joseph
Published: 08 Nov 2022, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented