മുംബൈ: ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിൽ വനംവകുപ്പിന്റെയും ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെയും (ബിഎംസി) സംഘം പരിശോധനയ്ക്കെത്തി. ബാന്ദ്രയിൽ മന്നത്തിന്റെ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് പരിശോധന. കെട്ടിടത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ തീരദേശ നിയന്ത്രണ മേഖലാ (CRZ) നിയമങ്ങൾ ലംഘിച്ചാണെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടർന്ന്, വനം വകുപ്പിന്റെയും ബിഎംസി ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘമാണ് പരിശോധനയ്ക്കെത്തിയത്.
ആർടിഐ പ്രവർത്തകൻ സന്തോഷ് ദൗർക്കർ നൽകിയ പരാതിയെ തുടർന്നാണ് സംഘം ഷാരൂഖ് ഖാന്റെ വസതിയിലെത്തിയത്. സൈറ്റിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ നിയമാനുസൃതമാണോയെന്ന് വിലയിരുത്തുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. അറബിക്കടലിന്റെ സാമീപ്യമാണ് തീരദേശ നിയന്ത്രണ മേഖലാ നിയമങ്ങൾ ഇവിടെ ബാധകമാകാൻ കാരണം. വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ബിഎംസിയുടെ എച്ച്-വെസ്റ്റ് വാർഡ് കെട്ടിട, ഫാക്ടറി വിഭാഗത്തിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ആവശ്യമായ എല്ലാ രേഖകളും നൽകുമെന്ന് മന്നത്തിന്റെ പ്രതിനിധികൾ അധികാരികൾക്ക് ഉറപ്പ് നൽകിയതായാണ് വിവരം. തങ്ങളുടെ പങ്ക് വനംവകുപ്പിനെ സഹായിക്കുക എന്നതിൽ ഒതുങ്ങുന്നുവെന്നും അതിനപ്പുറം നേരിട്ടുള്ള ഇടപെടൽ ഇല്ലെന്നും ഒരു ബിഎംസി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പരിശോധനയിലെ കണ്ടെത്തലുകൾ സമാഹരിച്ച് ജൂൺ 21-ന് രാവിലെ 11 മണിയോടെ പരാതിക്കാരന് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അംഗീകാരമില്ലാത്ത നിർമ്മാണമോ അംഗീകൃത പ്ലാനുകളിൽ നിന്നുള്ള വ്യതിയാനമോ ഉണ്ടായിട്ടുണ്ടോ എന്ന് റിപ്പോർട്ടിൽ വിശദീകരിക്കും.
ഈ വർഷം മേയിലാണ് മന്നത്തിലെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രധാന ഹെറിറ്റേജ് ബംഗ്ലാവിന് സമീപമുള്ള അനുബന്ധ കെട്ടിടത്തിൽ രണ്ട് പുതിയ നിലകൾ കൂട്ടിചേർക്കുകയാണ് ഇതിൽ ഉൾപ്പെടുന്നത്. മുമ്പ് വില്ല വിയന്ന എന്നറിയപ്പെട്ടിരുന്ന മന്നത്ത്, ഗ്രേഡ് III പൈതൃക സ്വത്താണ്. ഇത്തരം വസ്തുക്കളിൽ വാസ്തുവിദ്യാപരവും ചരിത്രപരവുമായ തനിമ സംരക്ഷിക്കുക ലക്ഷ്യമിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടുമാത്രമേ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്താൻ പാടുള്ളൂ.
മന്നത്തിൽ പുതുക്കിപ്പണി നടക്കുന്നതിനാൽ ഷാരൂഖ് ഖാനും കുടുംബവും നിലവിൽ ബാന്ദ്രയിലെ സമീപത്തുള്ള ഒരു കെട്ടിടത്തിലാണ് താമസിക്കുന്നത്. ഇതുവരെ, പരിശോധനയെക്കുറിച്ചോ പരാതിയെക്കുറിച്ചോ നടന്റെയോ അദ്ദേഹത്തിന്റെ പ്രതിനിധികളുടെയോ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
Content Highlights: BMC & forest officials inspect Shah Rukh Khan`s Mannat over alleged coastal regulation zone violatio
Published: 21 Jun 2025, 12:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented