ചലച്ചിത്ര സംവിധായകന്‍ എസ് എസ് രാജമൗലി, ശബാന ആസ്മി, രാജമൗലിയുടെ ഭാര്യയും വസ്ത്രാലങ്കാരകയുമാ രമ രാജമൗലി, റിതേഷ് സിദ്ധ്വാനി, ഛായാഗ്രാഹകന്‍ രവി വര്‍മന്‍, സംവിധായിക റിമദാസ് തുടങ്ങി 487 പുതിയ അംഗങ്ങളെ അക്കാദമിയില്‍ ഉള്‍പ്പെടുത്താന്‍ ക്ഷണിച്ച് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ്. 

To advertise here,

ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ 2024 ക്ലാസിലാണ് ഇവരെ ക്ഷണിച്ചിരിക്കുന്നത്. ഓസ്‌കര്‍ പുരസ്‌കാരം നേടിയിട്ടുള്ള 19 പേരും നോമിനേഷന്‍ ലഭിച്ചിട്ടുള്ള 71 പേരും ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു' ഗാനത്തിന്റെ കൊറിയോഗ്രാഫര്‍ പ്രേം രക്ഷിത് എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. നിലവില്‍ ക്ഷണിക്കപ്പെട്ടിട്ടുള്ളവര്‍ അക്കാദമി അംഗത്വം സീകരിച്ചാല്‍ ആകെ അംഗങ്ങളുടെ എണ്ണം 10,910 ആയി ഉയരും. ഇവരില്‍ 9000ത്തിലധികം പേര്‍ക്ക് വോട്ട് ചെയ്യാന്‍ യോഗ്യതയുമുണ്ടാവും.

2024 ക്ലാസിലേക്ക് പുതിയതായി ക്ഷണിക്കപ്പെട്ടിട്ടുള്ളവരില്‍ 44 ശതമാനവും സ്ത്രീകളാണ്. അമേരിക്കയ്ക്ക് പുറത്തുള്ള 56 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉള്‍പ്പെട്ടിട്ടുണ്ട്. 

പുതിയ അംഗങ്ങളെ ക്ഷണിക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് അക്കാദമി സിഇഒ ബില്‍ കാര്‍മറും പ്രസിഡന്റ് ജാനറ്റ് യങ്ങും പറഞ്ഞു. ചലച്ചിത്ര രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള പ്രതിഭാശാലികളായവരെയാണ് ക്ഷണിച്ചിരിക്കുന്നത്. അവരുടെ സാന്നിധ്യം അക്കാദമിയെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കുമെന്ന് ഉറപ്പാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. 

ആര്‍ആര്‍ആറിലെ 'നാട്ടുനാട്ടു' ഗാനത്തിന് മികച്ച ഒറിജിനല്‍ സോങ്ങിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. കീരവാണിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.