കോട്ടയം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് (60) ആണ് മരിച്ചത്. ക്രിസ്മസ് തലേദിവസമുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

To advertise here,

കോട്ടയം എം.സി റോഡിൽ നാട്ടകത്തുവെച്ചാണ് സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് തങ്കരാജിന് പരിക്കേറ്റത്. സംഭവം നടക്കുമ്പോൾ സിദ്ധാർത്ഥ് മദ്യലഹരിയിലായിരുന്നു. വാഹനം അമിത വേഗത്തിലുമായിരുന്നു. ലോട്ടറി വിൽപനക്കാരനാണ് മരിച്ച തങ്കരാജ്. ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ തങ്കരാജിന്റെ തലയ്ക്കാണ് പരിക്കേറ്റിരുന്നത്.

നടൻ ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. അപകടമുണ്ടായതിനുപിന്നാലെ സിദ്ധാർത്ഥിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ബുധനാഴ്ച രാത്രി എംസി റോഡിൽ നാട്ടകം ഗവ. കോളേജിന് സമീപത്തുവെച്ചാണ് സിദ്ധാർഥിന്റെ വാഹനം വഴിയാത്രക്കാരനെ ഇടിച്ചത്.

കോട്ടയം ഭാഗത്ത് നിന്നെത്തിയ വാഹനം നിയന്ത്രണം വിട്ട് ലോട്ടറി വിൽപനക്കാരനെ ഇടിക്കുകയായിരുന്നു. അപകടത്തിനുശേഷം സിദ്ധാർഥിനെ നാട്ടുകാർ കൈകാര്യം ചെയ്യുന്ന വീഡിയോയും പുറത്തുവന്നിരുന്നു.