സൂപ്പർഹിറ്റായ ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന സൗദി വെള്ളക്ക എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മോഹൻലാലും മഞ്ജുവാര്യരുമടക്കം മലയാളത്തിലെ പ്രമുഖ താരങ്ങളും സംവിധായകരായ സക്കറിയ, ടിനു പാപ്പച്ചൻ, ജിയോ ബേബി, അഷ്റഫ് ഹംസ എന്നിവരാണ് ടീസർ തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അവതരിപ്പിച്ചത്.

To advertise here,

ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമ്മാണം. ലുക്ക്മാന്‍ അവറാന്‍, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര, ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവരാണ് പ്രധാന താരങ്ങൾ. ഇവർക്കൊപ്പം ശക്തമായ പ്രാധാന്യത്തോടെയുള്ള വേഷങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങൾ ചെയ്തിരുന്ന മലയാള സിനിമയിലെ ഒട്ടനവധി കലാകാരികളും കലാകാരന്മാരും അഭിനയിക്കുന്നു. ഇതാദ്യമായിട്ടായിരിക്കും മലയാളത്തിലെ ഒരു മുഖ്യധാരാ ചിത്രത്തിൽ ഇത്രയധികം ജൂനിയർ ആർട്ടിസ്റ്റ് അഭിനേതാക്കൾക്ക് കൂടി പ്രാധാന്യം നൽകി ഒരു ചിത്രം ഒരുക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. 

കൗതുകകരമായ കാസ്റ്റിംഗ് വിശേഷങ്ങൾ കൊണ്ടും വ്യത്യസ്തമായ തിരക്കഥാരചനയുടെ യും ചിത്രീകരണ ശൈലിയുടെയും പേരിൽ ഇതിനോടകം ശ്രദ്ധ നേടിയ ചിത്രമാണ് സൗദി വെള്ളക്ക. ഏകദേശം ഇരുപതോളം അഭിഭാഷകർ, റിട്ടയേർഡ് മജിസ്‌ട്രേറ്റുമാർ, നിരവധി കോടതി ജീവനക്കാർ എന്നിവരുടെ സഹായത്തോടെയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷൻ രംഗങ്ങളുടെ പൂർണ്ണതക്കു വേണ്ടി പോലീസ് ഓഫിസർമാരുടെ സഹായവും സൗദി വെള്ളക്ക ടീം തേടി. ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തും ലൊക്കേഷനിൽ അഭിഭാഷകർ ഉണ്ടായിരുന്നു. ഇതിലെ കോടതി രംഗങ്ങൾ യാഥാർഥ്യത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന തരത്തിൽ അവതരിപ്പിക്കാനാണ് തരുൺ മൂർത്തി ശ്രമിച്ചിരിക്കുന്നത്. 

കൊച്ചിയിലും പെരുമ്പാവൂരിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഹരീന്ദ്രൻ ആണ് ചിത്രത്തിൻ്റെ സഹ നിർമാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പാലി ഫ്രാന്‍സിസ് ആണ്. ശരൺ വേലായുധൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹകൻ. 

ശബ്ദ രൂപകൽപന: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ (സൗണ്ട് ഫാക്ടർ), ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), രചന: അൻവർ അലി, ജോ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, കലാസംവിധാനം: സാബു മോഹൻ, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, ചമയം: മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിനു പപ്പു, സ്ക്രിപ്റ്റ് അസിസ്റ്റന്റ്: ധനുഷ് വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: അബു വളയംകുളം, സ്റ്റിൽസ്: ഹരി തിരുമല, പി.ആർ. ഓ: മഞ്ജു ഗോപിനാഥ്. പരസ്യകല: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്