വിപിന്‍ദാസിന്റെ സംവിധാനത്തില്‍ 60 പുതുമുഖങ്ങള്‍ക്കൊപ്പം പൃഥ്വിരാജ് എത്തുന്നു. 'സന്തോഷ് ട്രോഫി'യുടെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. പ്രശസ്ത നിര്‍മാതാക്കളായ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സൂപ്പര്‍സ്റ്റാര്‍ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിര വരുന്നത്. ആദ്യഘട്ട ഒഡിഷന്‍ തിരുവല്ലയില്‍ നടന്നു. എറണാകുളത്തു നടത്തിയ ഫൈനല്‍ ഒഡിഷനിലാണ് പുതുമുഖങ്ങളെ തിരഞ്ഞെടുത്തത്.

To advertise here,

 

പുതിയ കഥകളിലൂടേയും അവയുടെ അവതരണത്തിലൂടേയും യുവ പ്രേക്ഷകരെ കയ്യിലെടുക്കുന്ന വിപിന്‍ ദാസ് 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്നുള്ള സംവിധാന ചിത്രമാണിത്. ലിസ്റ്റിനുമായി ചേര്‍ന്നുള്ള ആദ്യ ചിത്രവും.

 

മലയാള സിനിമയിലെ ഏറ്റവും വൈവിധ്യമാര്‍ന്നതും മുഖ്യധാരാ എന്റര്‍ടെയ്നര്‍മാരിലും ഉള്ളടക്കാധിഷ്ഠിത സിനിമകളിലും വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ക്ക് പേരുകേട്ട പൃഥ്വിരാജിന്റെ പുതിയ ചിത്രം 'സന്തോഷ് ട്രോഫി' ടൈറ്റില്‍ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ പ്രതീക്ഷകള്‍ ഉണര്‍ത്തിയിരുന്നു. അതിനു തിളക്കം കൂട്ടുന്ന അതിഗംഭീര അനൗണ്‍സ്‌മെന്റുമായി വീണ്ടും എത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍.

ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് പിന്തുണ നല്‍കിയതിന് പേരുകേട്ട ലിസ്റ്റിന്‍ സ്റ്റീഫന്റെയും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റേയും കീഴില്‍ നിരൂപക പ്രശംസ നേടിയ പ്രൊജക്ടുകള്‍ നല്‍കിയ സുപ്രിയ മേനോന്റെയും സംയുക്ത നിര്‍മാണത്തില്‍, 'സന്തോഷ് ട്രോഫി' ശ്രദ്ധനേടുന്ന ചിത്രമാകുമെന്ന് ഉറപ്പാണ്. നിര്‍മാണത്തില്‍ മാത്രമല്ല 'കെജിഎഫ്', 'കാന്താര', 'സലാര്‍' എന്നീ ചിത്രങ്ങളുടെ വിതരണത്തിലും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്റെ മാജിക് ഫ്രെയിംസും കൈകോര്‍ത്ത് ഗംഭീര വിജയങ്ങള്‍ നേടിയിട്ടുണ്ട്. പുതിയ ചിത്രമായ 'കാന്താര: ചാപ്റ്റര്‍ വണ്ണി'ലൂടെയും ഇരുബാനറുകളും വീണ്ടും കൈകോര്‍ക്കുന്നു.

വിജയങ്ങള്‍ കുറിക്കുന്ന ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം 'സന്തോഷ് ട്രോഫി'യുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇപ്പോള്‍ ഈ പ്രഖ്യാപനം ആരാധകരിലും സിനിമാപ്രേമികളിലും യുവതലമുറയിലും ആവേശത്തിന്റെ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. പിആര്‍ഒ: മഞ്ജു ഗോപിനാഥ്.