നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് സിനിമാ ലോകം. ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'ചിന്താവിഷ്ടയായ ശ്യാമള'യിലൂടെ മലയാളത്തിന്റെ സ്വന്തം ശ്യാമളയായി മാറിയ സംഗീത മാധവൻ ശ്രീനിവാസനുമൊത്തുള്ള ഓർമകൾ പങ്കുവെക്കുകയാണ്. തന്റെ കരിയറിലെ നാഴികക്കല്ലായി മാറിയ ചിത്രത്തെക്കുറിച്ചും ശ്രീനിവാസൻ എന്ന സംവിധായകനെക്കുറിച്ചും ഒപ്പം പ്രവർത്തിച്ചതിനെക്കുറിച്ചും സംഗീത മാതൃഭൂമി ഡോട്‌കോമിനോട് മനസ് തുറക്കുന്നു.

To advertise here,

'ഞാനിപ്പോൾ ബെംഗളൂരുവിലാണ്. ഇവിടെ പുതിയ സിനിമയുടെ ഷൂട്ട് നടക്കുകയാണ്. പുലർച്ചെ നാലുമണിക്കു വന്നുകിടന്നുറങ്ങി പത്തുമണിയോടെ എഴുന്നേറ്റപ്പോഴാണ് ഇത്രയും ദുഃഖം നിറഞ്ഞ വാർത്ത കേൾക്കുന്നത്. ശ്രീനി സർ ഇനിയില്ല എന്നത് വിശ്വസിക്കാനാവുന്നില്ല. ബാക്ക് ടു ബാക്ക് ഷൂട്ട് ഉള്ളതുകൊണ്ടും അത് കോമ്പിനേഷൻ സീനുകൾ ആയതിനാലും അദ്ദേഹത്തെ അവസാനമായി കാണാൻ പോകാനും സാധിക്കില്ലെന്ന വിഷമവും ബാക്കിയാണ്'- സംഗീത പറഞ്ഞു.

'ചിന്താവിഷ്ടയായ ശ്യാമള ചെയ്യുമ്പോൾ എനിക്ക് 19 വയസാണ്. അതിന് മുമ്പ് ഞാനൊരു തമിഴ് പടത്തിൽ സാറിന്റെ കൂടെ ജോലി ചെയ്തിട്ടുണ്ടെങ്കിലും വലിയ പരിചയം ഉണ്ടായിരുന്നില്ല. ശ്യാമളയിൽ സാറായിരുന്നല്ലോ സംവിധായകൻ. ഞാനൊരു ബാലതാരമായിരുന്നതുകൊണ്ട് തന്നെ സംവിധായകരിൽ കൂടുതൽ ആശ്രയിക്കാറുണ്ടായിരുന്നു. അവർ എന്താണോ പറയുന്നത് അത് ചെയ്യുക എന്നതായിരുന്നു രീതി. അതുകൊണ്ട് തന്നെ ശ്യാമളയ്ക്ക് ലഭിച്ച അംഗീകാരങ്ങൾക്കും ശ്യാമളയെ ഇന്നും ജനങ്ങൾ ഓർക്കുന്നുന്നതിനും കാരണക്കാരൻ ശ്രീനി സർ ആണ്. മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിനാണ്'- നടി പറഞ്ഞു.

'ശ്യാമളയുടെ സമയത്ത് സാറുമായി അങ്ങനെ സംസാരമൊന്നും അധികം ഉണ്ടായിരുന്നില്ല. സിനിമ ഇറങ്ങിക്കഴിഞ്ഞ ശേഷമാണ് ആ സിനിമയുടെയും കഥാപാത്രത്തിന്റെയും വില ഞാൻ തിരിച്ചറിയുന്നത്. വലിയ ഭാഗ്യമാണ് ആ സിനിമ. ഒരുപാട് ഇതിഹാസങ്ങൾക്കൊപ്പമുള്ള സിനിമ. ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് ശേഷം കുറേക്കാലം സാറിനെ കാണാൻ എനിക്ക് സാധിച്ചിരുന്നില്ല. പിന്നീടാണ് നഗരവാരിധി നടുവിൽ ഞാൻ എന്ന സിനിമയ്ക്കായി സാറെന്നെ വിളിക്കുന്നത്. അതുകഴിഞ്ഞ് 2023-ലാണ് സാറിന് സുഖമില്ലാതിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുന്നത്. അതിനുശേഷം ഹൃദയപൂർവത്തിന്റെ സെറ്റിലും സാർ വന്നിരുന്നു. അന്നും കണ്ട് സംസാരിക്കാൻ സാധിച്ചു'- നടി ഓർത്തു.

'നഗരവാരിധി ചെയ്യുന്ന സമയത്താണ് ശ്രീനി സാറുമായി കൂടുതൽ സംസാരിക്കാനും മറ്റും സാധിക്കുന്നത്. അപ്പോഴേക്കും എനിക്കും കുറച്ച് പക്വത വന്നിരുന്നല്ലോ, സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം ഞങ്ങൾ സംസാരിച്ചു. സാറിനോട് എനിക്ക് ഒരുപാട് ബഹുമാനമുണ്ട്. എന്റെ സിനിമാ കരിയറിൽ മുന്നിൽ നിൽക്കുന്ന പേര് അദ്ദേഹത്തിന്റെ തന്നെയാണ്'- സംഗീത പറഞ്ഞു.

'അസുഖം ബാധിച്ച ശേഷം ഞാൻ വീട്ടിൽ പോയി കണ്ട ശ്രീനി സാർ ഞാൻ മുമ്പ് കണ്ട ശ്രീനി സാർ ആയിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ നർമം കലർത്തിയുള്ള സംസാരരീതി അതിന് അന്നും മാറ്റമില്ലായിരുന്നു. വയ്യെങ്കിലും സർ അത്രയും സന്തോഷത്തോടെയാണ് എന്നെ സ്വീകരിച്ചത്. എനിക്ക് സാറിനെ അങ്ങനെ കാണുന്നത് ഇഷ്ടമല്ല, അത്രയും സജീവമായി നടന്ന വ്യക്തി, സർ സാധാരണ സംസാരിക്കുന്നതും ചിരിക്കുന്നതും പോലെയേ അല്ല. അതെനിക്ക് വിഷമമുണ്ടാക്കിയ കാര്യമാണ്. നമ്മളത്രയും ഇഷ്ടപ്പെടുന്ന ആൾക്കാർക്ക് അസുഖമോ മറ്റോ വന്നാൽ  മാനസികമായി ഞാൻ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ശ്രീനി സാറിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. ശ്രീനി സർ ഇനിയില്ലെന്ന സത്യം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. എങ്കിലും അദ്ദേഹം സൃഷ്ടിച്ച ജീവിതഗന്ധിയായ സിനിമകളും കഥാപാത്രങ്ങളും എന്നെന്നും ഓർത്തിരിക്കുക തന്നെ ചെയ്യും'- അവർ കൂട്ടിച്ചേർത്തു.